രാജമാണിക്യത്തിന് പകരം ‘ലീല’ !

ചൊവ്വ, 5 ഏപ്രില്‍ 2016 (19:03 IST)
2005 നവംബര്‍ മൂന്നിനാണ് ‘രാജമാണിക്യം’ എന്ന മമ്മൂട്ടിച്ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിലെ എക്കാലത്തെയും വലിയ മെഗാഹിറ്റുകളില്‍ രാജമാണിക്യത്തിന് നിര്‍ണായകമായ സ്ഥാനമാണുള്ളത്. ടി എ ഷാഹിദിന്‍റെ തിരക്കഥയില്‍ അന്‍‌വര്‍ റഷീദാണ് രാജമാണിക്യം സംവിധാനം ചെയ്തത്.
 
അന്‍‌വര്‍ റഷീദിന്‍റെ ആദ്യ ചിത്രമായിരുന്നു രാജമാണിക്യം. യഥാര്‍ത്ഥത്തില്‍ അത് അന്‍‌വര്‍ ചെയ്യാനിരുന്ന ചിത്രമല്ല. രഞ്ജിത്താണ് രാജമാണിക്യം സംവിധാനം ചെയ്യാനിരുന്നത്. മറ്റൊരാളുടെ തിരക്കഥയില്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാകുമായിരുന്നു രാജമാണിക്യം. എന്നാല്‍ ഒരു ജ്യോത്സ്യന്‍റെ നിര്‍ദ്ദേശപ്രകാരം രഞ്ജിത് ആ പ്രൊജക്ടില്‍ നിന്ന് പിന്‍‌മാറുകയായിരുന്നു.
 
തനിക്ക് പകരം തന്‍റെ സഹായിയായ അന്‍‌വര്‍ റഷീദ് രാജമാണിക്യം ചെയ്യട്ടെ എന്ന് നിര്‍ദ്ദേശിച്ചതും രഞ്ജിത്താണ്. അങ്ങനെ അന്‍‌വര്‍ റഷീദിന്‍റെ സംവിധാനത്തില്‍ ‘രാജമാണിക്യം’ സംഭവിച്ചു. ചരിത്ര വിജയവുമായി.
 
അതിന് ശേഷം രഞ്ജിത് സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം സ്വന്തം തിരക്കഥയിലായിരുന്നു. ഇപ്പോഴിതാ, ‘ലീല’ വരുന്നു. ഉണ്ണി ആറിന്‍റെ തിരക്കഥയില്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന സിനിമ. ബിജുമേനോന്‍ നായകന്‍. മറ്റൊരാളുടെ തിരക്കഥയില്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായി ലീല മാറിയിരിക്കുകയാണ്.
 
അങ്ങനെ രാജമാണിക്യത്തിന്‍റെ സ്ഥാനത്ത് ലീലയിലൂടെ രഞ്ജിത് തിരക്കഥയില്‍ നിന്ന് മാറി സംവിധായകന്‍ മാത്രമായി മാറിയിരിക്കുന്നു. എല്ലാ തടസങ്ങളും അതിജീവിച്ച് ലീല എത്രയും വേഗം തിയേറ്ററുകളിലെത്തട്ടെയെന്നും രാജമാണിക്യത്തേക്കാള്‍ വലിയ വിജയം നേടട്ടെയെന്നും ആശംസിക്കാം.

വെബ്ദുനിയ വായിക്കുക