രഞ്ജിത് ചിത്രം മാറ്റിവച്ചു, മോഹന്‍ലാലിന്റെ ഡേറ്റ് മിസ്റ്റര്‍ ഫ്രോഡിന്!
തിങ്കള്‍, 6 ജനുവരി 2014 (17:55 IST)
PRO
മോഹന്‍ലാല്‍ ക്യാമ്പില്‍ നിന്ന് അപ്രതീക്ഷിതമായ ചില നീക്കങ്ങള്‍. ജനുവരി 10ന് ചിത്രീകരണം ആരംഭിക്കാനിരുന്ന രഞ്ജിത് ‘ജി ഫോര്‍ ഗോള്‍ഡ്’ മാറ്റിവച്ചു. ആ സിനിമയ്ക്കായി നീക്കിവച്ചിരുന്ന ഡേറ്റുകള്‍ മോഹന്‍ലാല്‍ ‘മിസ്റ്റര്‍ ഫ്രോഡ്’ എന്ന പ്രൊജക്ടിന് നല്കി. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ഫ്രോഡിന്റെ ചിത്രീകരണം 17ന് തുടങ്ങും.
വിഷു റിലീസായാണ് മിസ്റ്റര്‍ ഫ്രോഡ് ഒരുങ്ങുന്നത്. 2014 മധ്യത്തോടെ ‘മിസ്റ്റര്‍ ഫ്രോഡ്’ ചിത്രീകരണം ആരംഭിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ രഞ്ജിത് ചിത്രം പെട്ടെന്ന് മാറ്റിയതോടെ ആ ഡേറ്റുകള്‍ ഉപയോഗിക്കാന്‍ മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണനോട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അപ്രതീക്ഷിതമായ ഈ നീക്കം ഉണ്ടായതോടെ മിസ്റ്റര്‍ ഫ്രോഡിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ രാത്രിയും പകലുമായി പൂര്‍ത്തിയാക്കി വരികയാണ്. ഈ ചിത്രത്തിന്റെ തിരക്കഥ നേരത്തേ പൂര്‍ത്തിയായതാണ്.
അടുത്ത പേജില്‍ - ലോക്പാലിന് ശേഷം മോഹന്‍ലാല്‍ വീണ്ടും ‘കള്ളന്’!
PRO
മിസ്റ്റര്‍ ഫ്രോഡ് ഒട്ടേറെ സസ്പെന്സുകള് കാത്തുവച്ചിരിക്കുന്ന സിനിമയാണ്. മോഹന്‍ലാല്‍ വളരെ ബ്രില്യന്റായ ഒരു കള്ളന്റെ വേഷത്തില്‍ എത്തുമെന്നാണ് ആദ്യ സൂചനകള്‍. കോടികള്‍ വിലപിടിപ്പുള്ള ഒരു വസ്തു ഒരുപാടുപേര് മോഷ്ടിക്കാന്‍ ലക്ഷ്യം വയ്ക്കുകയും ഒരാള്‍ അതില്‍ വളരെ ബുദ്ധിപരമായി വിജയിക്കുകയും ചെയ്യുന്നതാണത്രേ പ്രമേയം.
‘മങ്കാത്ത’ എന്ന തമിഴ് ചിത്രത്തിന്റെ പ്രമേയവും ഏകദേശം ഇതുതന്നെയായിരുന്നു. എന്നാല്‍ മലയാളത്തില്‍ ഇത്തരം സിനിമകള്‍ വളരെ കുറച്ചുമാത്രമേ ഇറങ്ങിയിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം വന്ന ‘ലോക്പാല്‍’ എന്ന സിനിമയിലും മോഹന്‍ലാലിന് ഒരു കള്ളന്റെ വേഷമായിരുന്നു.
‘ദി ഫസ്റ്റ് എമംഗ് ദി ഈക്വല്സ്’ എന്നാണ് മിസ്റ്റര്‍ ഫ്രോഡിന്റെ ടാഗ് ലൈന്‍. മാടമ്പി, ഗ്രാന്റ് മാസ്റ്റര്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്നു എന്നതാണ് മിസ്റ്റര്‍ ഫ്രോഡിന്റെ പ്രത്യേകത. നായികയെ തീരുമാനിച്ചിട്ടില്ല.
എ വി അനൂപാണ് മിസ്റ്റര്‍ ഫ്രോഡ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പും സംഗീതം ഗോപി സുന്ദറും നിര്‍വഹിക്കുന്നു.
അടുത്ത പേജില്‍ - ജി ഫോര്‍ ഗോള്ഡിന് എന്തു സംഭവിച്ചു?
PRO
മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും ഒന്നിക്കാനിരുന്ന സിനിമയാണ് രഞ്ജിത് സംവിധാനം ചെയ്യുന്ന ‘ജി ഫോര്‍ ഗോള്‍ഡ്’. എന്നാല്‍ മഞ്ജു വാര്യരും പൃഥ്വിരാജും ഈ ചിത്രത്തില്‍ അഭിനയിക്കുന്നില്ല എന്ന് പിന്നീട് രഞ്ജിത് തന്നെ അറിയിച്ചിരുന്നു. തിരക്കഥ എഴുതി വന്നപ്പോള്‍ മഞ്ജുവിനും പൃഥ്വിരാജിനും അഭിനയിക്കാന്‍ മാത്രം പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ചിത്രത്തിലില്ല എന്നായിരുന്നു രഞ്ജിത് വെളിപ്പെടുത്തിയത്.
ഇപ്പോള്‍ കേള്‍ക്കുന്നത് ജി ഫോര്‍ ഗോള്‍ഡ് മാറ്റിവച്ചു എന്നാണ്. എന്ന് ഈ സിനിമ തുടങ്ങാനാകും എന്നതിനെക്കുറിച്ച് ഒരുവിവരവും രഞ്ജിത്തോ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരോ വെളിപ്പെടുത്തിയിട്ടില്ല. ഈ വര്‍ഷം ഈ പ്രൊജക്ട് സംഭവിക്കുമോ എന്നും ഉറപ്പില്ല.
കഥ വേണ്ട രീതിയില്‍ വികസിക്കാത്തതാണ് ജി ഫോര്‍ ഗോള്‍ഡ് മാറ്റിവയ്ക്കാന്‍ കാരണമെന്നാണ് വിവരം. രഞ്ജിത്തിനോ മോഹന്‍ലാലിനോ തൃപ്തികരമായ ഒരു നിലയിലേക്ക് ഈ സിനിമയുടെ കഥ വളര്ന്നില്ലത്രേ. ഏറെ സമയമെടുത്ത് കഥ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രം ചിത്രം തുടങ്ങുന്നതാവും ഉചിതം എന്ന് തിരിച്ചറിഞ്ഞാണ് പ്രൊജക്ട് മാറ്റിയതെന്ന് കേള്‍ക്കുന്നു.
രഞ്ജിത്തിന്റെ കഴിഞ്ഞ ചിത്രം ‘കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി’ തിയേറ്ററുകളില്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ആ അനുഭവം പാഠമായി മുന്നിലുള്ളതുകൊണ്ടാണ് മോഹന്‍ലാല്‍ പ്രൊജക്ടിന് വേണ്ടി രഞ്ജിത് ഇത്രയേറെ കരുതലുകള്‍ എടുക്കുന്നത്.