സ്പീഡ് ട്രാക്ക് എന്ന സിനിമയ്ക്ക് ശേഷം വലിയൊരു ഇടവേളയാണ് ജയസൂര്യ എന്ന സംവിധായകന്‍റെ കരിയറില്‍ ഉണ്ടായത്. ദിലീപ് നായകനായ സ്പീഡ് ട്രാക്ക് ചിത്രീകരണം കഴിഞ്ഞ് ഏറെക്കാലത്തിന് ശേഷമാണ് തിയേറ്ററുകളിലെത്തിയതെങ്കിലും ഭേദപ്പെട്ട വിജയം നേടാനായിരുന്നു. യുവതലമുറയെ ലക്‍ഷ്യമാക്കിയൊരുക്കിയ രസകരമായ ചിത്രം എന്ന പേര് സ്പീഡ് ട്രാക്ക് നേടി. എന്നാല്‍ വീണ്ടും മറ്റു പ്രൊജക്ടുകളിലേക്കൊന്നും ഉടന്‍ പോകാതെ സാവധാനം ഒരു തിരക്കഥയുടെ ജോലിയില്‍ മുഴുകിയിരിക്കുകയായിരുന്നു ജയസൂര്യ.
മോഹന്‍ലാലിനെ നായകനാക്കിയാണ് ജയസൂര്യ പുതിയ ചിത്രം പ്ലാന്‍ ചെയ്തിരിക്കുന്നത്. എയ്ഞ്ചല്‍ ജോണ്‍ എന്നാണ് സിനിമയുടെ പേര്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേരും എയ്ഞ്ചല്‍ ജോണ്‍ എന്നു തന്നെ. ക്രിയേറ്റീവ് ടീമിന്‍റെ ബാനറില്‍ നാരായണദാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഏറെ വ്യത്യസ്തമായ ഒരു കഥയും പശ്ചാത്തലവുമാണ് എയ്ഞ്ചല്‍ ജോണിനായി ജയസൂര്യ തിരഞ്ഞെടുത്തിരിക്കുന്നത്. പ്രണയവും ആക്ഷനും പ്രാധാന്യമുള്ള ഒരു കുടുംബചിത്രമായിരിക്കും ഇതെന്നാണ് സൂചന.
അനില്‍ പനച്ചൂരാന്‍ രചിക്കുന്ന ഗാനങ്ങള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം നല്‍കുന്നത്. എറണാകുളത്ത് ഇപ്പോള്‍ ഈ സിനിമയിലെ ഗാനങ്ങളുടെ കമ്പോസിംഗ് നടക്കുകയാണ്. നായികയെയും മറ്റു താരങ്ങളെയും തീരുമാനിച്ചു വരുന്നു.