മീരാനന്ദനും തമിഴിലേക്ക്

PROPRO
തമിഴ്, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ശക്തമായ സാന്നിദ്ധ്യം അറിയിച്ച മീരാജാസ്മിന് പിന്നാലെയാണ് മീരാ നമ്പര്‍ ത്രീയും. ഇനിയും മനസ്സിലായില്ല എന്നുണ്ടെങ്കില്‍ മലയാളസിനിമയിലെ മൂന്നാമത്തെ മീരയായ മീരാനന്ദനും തമിഴിലേക്ക് നീങ്ങുകയാണ്. കല്ലൂരി ഫെയിം അഖില്‍ നായകനാകുന്ന വാല്‍മീകിയാണ് മീരയെ തമിഴില്‍ എത്തിക്കുന്നത്.

വികടന്‍ ടാക്കീസിന്‍റെ ബാനറില്‍ ആനന്ദ നാരായണനാണ് മീരയെ തമിഴ് പറയിക്കാന്‍ ഒരുങ്ങുന്നത്. വമ്പന്‍ ബാനറിനും മികച്ച സംവിധായകനും ഒപ്പം അരങ്ങേറ്റം കുറിക്കുന്നത് മീരയ്‌ക്ക് തമിഴില്‍ മികച്ച തുടക്കമാകുമെന്ന് കരുതുന്നു. ടെലിവിഷന്‍ അവതാരകയായി തുടങ്ങി ബിഗ് സ്ക്രീനിലേക്ക് എത്തിയ മീര ശ്രദ്ധിക്കപ്പെട്ടത് പെട്ടെന്നായിരുന്നു.

മികച്ച ഗായിക കൂടിയായിരുന്ന അവരെ ചലച്ചിത്ര വേദിയിലേക്ക് പരിചയപ്പെടുത്തിയ ചിത്രം ലാല്‍ ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രം മുല്ലയായിരുന്നു. പടം മികച്ച വിജയമൊന്നുമായിരുന്നില്ല എങ്കിലും മീരയുടെ കഥാപാത്രം ശ്രദ്ധ നേടി. നല്ല ഗായിക കൂടിയായ മീര തമിഴില്‍ ഈഷ എന്ന ഒരു തമിഴ് ഉള്‍പ്പടെ നാല് മ്യൂസിക് ആല്‍ബങ്ങളില്‍ പാടി.

മലയാളത്തില്‍ തുടങ്ങി മികച്ച പ്രകടനം നടത്തിയ ശേഷം ഇതര ഭാഷകള്‍ തേടി പോകുന്ന മലയാളി നടിമാരുടെ പ്രവണതയിലെ ഏറ്റവും പുതിയ കഥാപാത്രമാണ് ഈ പതിനേഴുകാരി. ഇതിനു മുമ്പ് മലയാളത്തില്‍ മീരാ ജാസ്മിന്‍, മീരാവാസുദേവന്‍ തുടങ്ങിയവരും മലയാളത്തില്‍ തുടങ്ങിയ ശേഷം തമിഴില്‍ എത്തിയിരുന്നു. നയന്‍ താര, മീരാ ജാസ്മിന്‍, അസിന്‍, ഭാവന, ജ്യോതിര്‍മയി എന്നിവര്‍ക്ക് പിന്നാലെയാണ് മീരയും തമിഴില്‍ എത്തുന്നത്.

വെബ്ദുനിയ വായിക്കുക