മഹെക് അമേരിക്കന്‍ പാഠ്യപദ്ധതിയില്‍

ഇന്ത്യന്‍ സിനിമകള്‍ അമേരിക്കന്‍ പാഠ്യപദ്ധതികളുടെ ഭാഗമായി മാറുന്ന് പതിവിലേക്ക് കുട്ടികള്‍ക്കുള്ള ചിത്രമായ മഹെക്കും. ഒഹിയോയിലെ ഒട്ടെര്‍ബീന്‍ സര്‍വ്വകലാശാലയുടെ പാഠ്യപദ്ധതിയിലാണ് ഈ ഇന്ത്യന്‍ സിനിമ ഉള്‍പ്പെട്ടിരിക്കുന്നത്. പൂനയില്‍ നിന്നുള്ള ഇന്ത്യന്‍ സംവിധായകന്‍ ക്രാന്തി കനാഡെയുടെ ആദ്യ ചിത്രമാണ് ‘മഹെക്’.

ആധുനിക ഇന്ത്യയുടെ ആദ്ധ്യാത്മകതയെ കുറിച്ചുള്ള സിലബസിന്‍റെ ഭാഗമായിട്ടാണ് ചിത്രം സിലബസില്‍ എത്തിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഒഹിയോയിലെ ഒട്ടര്‍ബീന്‍ കോളേജില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

കനഡെയുടെ ആദ്യ ചിത്രമായ മെഹെക് ലോകത്തിലെ കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും അവരുടെ അവകാശങ്ങളെ കുറിച്ചും സംസാരിക്കുന്നതാണെന്ന് സര്‍വ്വകലാശാല പറയുന്നു. ഇന്ത്യയിലെ ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി നിര്‍മ്മിച്ച ചിത്രം ചലച്ചിത്രോത്സവങ്ങളില്‍ ഒട്ടേറെ പുരസ്ക്കാരങ്ങളും പ്രശംസകളും നേടിയ ചിത്രമാണ്.

പത്താമത് ആര്‍പ്പാ ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ചിത്രം ഹൂസ്റ്റണ്‍ ചലച്ചിത്രോത്സവത്തില്‍ ഹോളിവുഡ്, ബെസ്റ്റ് ഫിലിം പ്ലാറ്റിനം അവാര്‍ഡും നേടിയിരുന്നു.1847 ല്‍ നിലവില്‍ വന്ന ഒട്ടെര്‍ബീന്‍ സര്‍വ്വകലാശാല അമേരിക്കയിലെ അതിപുരാതനമായ സര്‍വ്വകലാശാലകളില്‍ ഒന്നാണ്.

മുമ്പും ഒട്ടര്‍ബീന്‍ ഇന്ത്യന്‍ സിനിമകളെ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരുന്നു. ജുമ്പാ ലാഹിരിയുടെ നോവലിനെ ആസ്പദമാക്കി അപര്‍ണ്ണാസെന്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ ആന്‍ഡ് മിസിസ് അയ്യര്‍, റിച്ചാഡ് ആറ്റണ്‍ബറോയുടെ ഗാന്ധി തുടങ്ങിയ ചിത്രങ്ങളാണ് ഇതിന് മുമ്പ് പാഠ്യ പദ്ധതിയില്‍ എത്തിയ ചിത്രങ്ങള്‍.

വെബ്ദുനിയ വായിക്കുക