മമ്മൂട്ടി വീണ്ടും ഒറ്റക്കണ്ണന്‍, ഈ പടവും മെഗാഹിറ്റാകുമോ?

ചൊവ്വ, 3 ജൂലൈ 2012 (21:26 IST)
PRO
‘രാജമാണിക്യം’ ഓര്‍മ്മയുണ്ടോ? മറക്കാനാകുമോ എന്നായിരിക്കും ഏവരുടെയും മറുപടി. മമ്മൂട്ടി അവതരിപ്പിച്ച ബെല്ലാരി രാജയെയോ? ‘മൊടകണ്ടാല്‍ എടപെടുമേ...’ എന്ന താക്കീതോടെയുള്ള നോട്ടവും മറുപടിയായി പ്രതീക്ഷിക്കുന്നു. ബെല്ലാരി രാജ ഒരു ഒറ്റക്കണ്ണനായിരുന്നു. പകുതി അന്ധന്‍. കുട്ടിക്കാലത്ത് സ്വന്തം സഹോദരന്‍ നല്‍കിയ സമ്മാനമായിരുന്നു രാജയ്ക്ക് ആ ഹാഫ് ബ്ലൈന്‍ഡ്നെസ്.

എന്തായാലും മമ്മൂട്ടി ഒറ്റക്കണ്ണനായി അഭിനയിച്ച രാജമാണിക്യം മലയാളത്തിലെ ചരിത്ര വിജയമായി മാറി. രാജമാണിക്യത്തെപ്പറ്റി, ബെല്ലാരി രാജയെപ്പറ്റി ഇത്രയും പറഞ്ഞത് മറ്റൊരു ചിത്രത്തേക്കുറിച്ച് പറയാനാണ്. മമ്മൂട്ടി വീണ്ടും ഒറ്റക്കണ്ണനായി അഭിനയിക്കുന്നു. പടം - ‘ജവാന്‍ ഓഫ് വെള്ളിമല’.

മമ്മൂട്ടി ഈ ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പട്ടാളക്കാരനായാണ് അഭിനയിക്കുന്നത്. ഒരു കണ്ണിന് കാഴ്ചയില്ല. ഇപ്പോള്‍ വെള്ളിമല എന്ന ഗ്രാമത്തിലെ ഡാം ഓപ്പറേറ്ററായി ജോലി ചെയ്യുന്നു. മമ്മൂട്ടിയുടെ ഒറ്റക്കണ്ണന്‍ കഥാപാത്രം ‘ജവാന്‍ ഓഫ് വെള്ളിമല’യെയും മെഗാഹിറ്റാക്കി മാറ്റുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയെഴുതുന്നത് ജയിംസ് ആല്‍ബര്‍ട്ടാണ്. താന്‍ എഴുതുന്ന സിനിമ മമ്മൂട്ടി ആദ്യം നിര്‍മ്മിക്കുന്ന സിനിമയായി മാറിയതിന്‍റെ ആവേശത്തിലാണ് ജയിംസ് ആല്‍ബര്‍ട്ട്. “ഒരു നടന്‍ എന്ന നിലയില്‍ തന്‍റെ പ്രതിഭയ്ക്ക് മാറ്റുരയ്ക്കാന്‍ കിട്ടുന്ന കഥാപാത്രം എന്ന നിലയിലാണ് ഈ സിനിമ നിര്‍മ്മിക്കാന്‍ മമ്മൂട്ടി തയ്യാറായത്. ഈ ചിത്രം സൂപ്പര്‍താരത്തിന്‍റെ പകിട്ടിലുള്ള ചിത്രമല്ല. തിരക്കഥയാണ് ഇതിലെ ഹീറോ. സാധാരണയായി കാണുന്ന അമാനുഷ കഥാപാത്രങ്ങളുടെ ചട്ടക്കൂടുകള്‍ തകര്‍ത്തെറിയാനും ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍‌മാരുടെ കൂട്ടത്തിലാണ് താന്‍ എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കാനും ഈ ചിത്രത്തിലൂടെ മമ്മൂട്ടിക്ക് കഴിയും” - ജയിംസ് ആല്‍ബര്‍ട്ട് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

ശ്രീനിവാസന്‍, ആസിഫ് അലി, മം‌മ്ത മോഹന്‍‌ദാസ് തുടങ്ങിയവരും ജവാന്‍ ഓഫ് വെള്ളിമലയിലുണ്ട്.

വാല്‍ക്കഷണം: ലാല്‍ സംവിധാനം ചെയ്ത ‘കോബ്ര’ ആയിരുന്നു മമ്മൂട്ടി ആദ്യമായി നിര്‍മ്മിക്കാനിരുന്ന ചിത്രം. എന്നാല്‍ ആ സമയത്താണ് ഈന്‍‌കം ടാക്സ് റെയ്ഡും മറ്റ് പ്രശ്നങ്ങളും ഉണ്ടായത്. അങ്ങനെ ആ പ്രൊജക്ട് നിര്‍മ്മിക്കുന്നതില്‍ നിന്ന് മമ്മൂട്ടി പിന്‍‌മാറുകയായിരുന്നു.

വെബ്ദുനിയ വായിക്കുക