മമ്മുക്കയുമായി എന്നെ താരതമ്യം ചെയ്യരുത്: ആസിഫ് അലി

ഞായര്‍, 25 മാര്‍ച്ച് 2012 (13:55 IST)
PRO
PRO
യുവനടന്‍‌മാരില്‍ ഏറെ ശ്രദ്ധേയനാണ് ആസിഫ് അലി. എന്നാല്‍ ആസിഫ് അലിക്ക് അല്‍പ്പം തലക്കനമുണ്ടെന്ന് ചിലര്‍ പറയുന്നു. അതിന് കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നതില്‍ ഒന്ന് ആസിഫ് അലിയെ മൊബൈലില്‍ വിളിച്ചാല്‍ കിട്ടുന്നില്ല എന്നതാണ്. എന്നാല്‍ ഇതിന് ആസിഫ് അലിക്ക് കൃത്യമായ മറുപടിയുണ്ട്.

ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നില്ലെന്ന ഒറ്റക്കാരണമല്ലാതെ എനിക്ക് അഹങ്കാരമുണ്ടെന്നതിന് മറ്റെന്തെങ്കിലും കാരണം പറഞ്ഞാല്‍ ഞാന്‍ തിരുത്താന്‍ തയ്യാറാണ്. ഫോണ്‍ ഉപയോഗിക്കുന്നതൊക്കെ ഒരാളുടെ വ്യക്തിപരമായ കാരണങ്ങളാണ്. ഷൂട്ടിംഗ് സെറ്റിലാണെങ്കില്‍ ഫോണെടുക്കില്ല. കഥാപാത്രമാകുമ്പോഴായിരിക്കും ഫോണ്‍ വരിക. ഏതെങ്കിലും സിനിമയുടെ ഡേറ്റ് തെറ്റിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാനാകും ചിലപ്പോള്‍ ഫോണ്‍ വിളിക്കുന്നത്. അങ്ങനെയെങ്കില്‍ ഫോണ്‍ എടുത്താല്‍ മൂഡ് ആകെ മാറും. ഷൂട്ട് ശരിയാകില്ല. അതുകൊണ്ടാണ് ഷൂട്ട് സമയത്ത് ഫോണ്‍ ഏടുക്കേണ്ടെന്ന് വച്ചത് - ആസിഫ് അലി പറയുന്നു.

എന്നാല്‍ എന്നോട് സംസാരിക്കേണ്ടവരോട് ഞാന്‍ നേരിട്ട് സംസാരിക്കുന്നുണ്ട്. അല്ലെങ്കില്‍ ഞാന്‍ എങ്ങനെ പുതിയ സിനിമകളില്‍ കരാറാകും- മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ ആസിഫ് അലി ചോദിക്കുന്നു. മമ്മൂട്ടിയെ പോലും ഫോണില്‍ ബന്ധപ്പെടാന്‍ വിഷമമില്ലല്ലോ എന്ന ചോദ്യത്തിന് ആസിഫിന്റെ മറുപടി ഇങ്ങനെയായിരുന്നു- മമ്മുക്കയേയും എന്നേയും താരതമ്യം ചെയ്യരുത്. ഏത് കഥാപാത്രത്തെയും ഏത് സമയത്തിനുള്ളിലും സ്വീകരിക്കാന്‍ കഴിയുന്ന തരത്തിലേക്ക് വളര്‍ന്ന നടന്‍‌മാരാണ് മമ്മുക്കയും ലാലേട്ടനുമൊക്കെ. ആ തലത്തിലേക്ക് എനിക്ക് എത്തിപ്പെടണമെങ്കില്‍ ഒരുപാട് കാലം കഴിയണം. തുടക്കക്കാരനായതിനാല്‍ ഞാന്‍ കൂടുതല്‍ ഡെഡിക്കേറ്റഡ് ആയാല്‍ മാത്രമേ സിനിമയില്‍ നിലനില്‍ക്കാന്‍ സാധിക്കൂ - ആസിഫ് അലി അഭിമുഖത്തില്‍ പറയുന്നു.

കേരള സ്ട്രൈക്കേഴ്സിന്റെ ക്രിക്കറ്റ് മത്സരം കാണാന്‍ പോലും എത്തിയില്ലെന്ന ആരോപണത്തിനും ആസിഫ് അഭിമുഖത്തില്‍ മറുപടി പറയുന്നു. കൊച്ചിയില്‍ മത്സരം നടക്കുമ്പോള്‍ ബാച്ചിലേഴ്സ് പാര്‍ട്ടിയുടെ ഷൂട്ടിംഗ് നടക്കുകയാണ്. ഓരോ ഷോട്ടിലും ഞാനുണ്ട്. ഒന്നുങ്കില്‍ ഞാന്‍, അല്ലെങ്കില്‍ ഇന്ദ്രജിത്ത്... ഞങ്ങളെ ഒഴിച്ചുനിര്‍ത്തി ഷൂട്ടുചെയ്യാന്‍ പറ്റില്ലായിരുന്നു. ടീമിന്റെ ഉപനായകന്‍ എന്ന നിലയില്‍ ഇന്ദ്രജിത്തിന് പോയേ മതിയാകൂ. അപ്പോള്‍ ഞാന്‍ ത്യാഗം ചെയ്തു. ഞാനും ഇന്ദ്രജിത്തിനൊപ്പം പോയാല്‍ ഷൂട്ട് മുടങ്ങും. സാമ്പത്തികനഷ്ടമുണ്ടാകും. ഞാന്‍ ഉത്തരം പറയേണ്ടി വരും- ആസിഫ് പറയുന്നു.

എന്നാല്‍ മത്സരം കാണണമെന്നുണ്ടായിരുന്നുവെന്നും ആസിഫ് പറയുന്നു. ടീമിലില്ലാതിരുന്ന മമ്മൂട്ടിയും പൃഥിരാജുമൊക്കെ മത്സരം കാണാനും പ്രോത്സാഹിപ്പിക്കാനും സ്റ്റേഡിയത്തിലെത്തിയിട്ടും താന്‍ എത്താതിരുന്നതിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കും ആസിഫ് മറുപടി പറയുന്നു. കളിക്കാനൊത്തില്ലെങ്കിലും കളി കാണണമെന്നുണ്ടായിരുന്നു. അന്നത്തെ ഷൂട്ട് വേഗത്തില്‍ തീര്‍ത്ത് ഓടിയെത്തിയെങ്കിലും വൈകിപ്പോയി. ഞാന്‍ കലൂര്‍ സ്റ്റേഡിയത്തിന് അടുത്തുവരെ എത്തിയിരുന്നു. കളി തീരാറായിരുന്നു. അപ്പോഴത്തെ ഒരു സാഹചര്യത്തില്‍ സ്റ്റേഡിയത്തിലേക്ക് പോകുന്നത് പന്തിയല്ലെന്ന് തോന്നി. എല്ലാവര്‍ക്കും എന്നോട് ദേഷ്യവും മുറുമുറുപ്പും ഉണ്ടാകും. അങ്ങനെ ഞാന്‍ തിരിച്ചുപോരുകയായിരുന്നു. താരസംഘടന ഇക്കാര്യത്തില്‍ വിശദീകരണം ചോദിച്ചിരുന്നു. ഞാന്‍ മറുപടിയും കൊടുത്തു - ആസിഫ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക