മണിരത്നത്തിന് പ്രശ്നമായത് ശ്രീനഗറിന്‍റെ ഉയരം !

വ്യാഴം, 7 മെയ് 2015 (17:52 IST)
മണിരത്നം ആശുപത്രിയിലായെന്ന വാര്‍ത്ത മിനിറ്റുകള്‍ക്കകമാണ് പരന്നത്. ഹൃദയസംബന്ധമായ അസുഖത്തിന് ഇന്ത്യയുടെ ഷോമാന്‍ ചികിത്സതേടിയെന്ന് വാര്‍ത്തകള്‍ വ്യാപിച്ചെങ്കിലും പതിവ് ചെക്കപ്പിന് അദ്ദേഹം ആശുപത്രിയിലെത്തിയതാണെന്ന് പിന്നീട് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി. 
 
ചൊവ്വാഴ്ച ശ്രീനഗറില്‍ ഗോള്‍ഫ് കളിച്ചുകൊണ്ടിരിക്കെയാണ് മണിരത്നത്തിന് ശ്വാസതടസം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അവിടെയുള്ള ആശുപത്രിയിലേക്ക് പോയി. അതൊരു സര്‍ക്കാര്‍ ആശുപത്രിയായിരുന്നു. അവിടെ അദ്ദേഹത്തെ ഐ സി യുവില്‍ അഡ്മിറ്റ് ചെയ്തെങ്കിലും ചെക്കപ്പിന് ശേഷം ഡിസ്ചാര്‍ജ് ചെയ്തു.
 
ശ്രീനഗറില്‍, ഗോള്‍ഫ് കളിക്കാന്‍ പോയ സ്ഥലത്തിന്‍റെ ഉയരക്കൂടുതലാകാം ശ്വാസം‌മുട്ടലിന് കാരണമായതെന്ന് മണിരത്നത്തിന്‍റെ പത്നിയും നടിയുമായ സുഹാസിനി അറിയിച്ചു.
 
ശ്രീനഗറിലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതിനുശേഷം മണിരത്നം ഡല്‍ഹിയിലേക്ക് പോയി. അവിടെ ഇന്ദ്രപ്രസ്ഥയിലെ അപ്പോളോ ആശുപത്രിയില്‍ പതിവ് ചെക്കപ്പിന് വിധേയനാകുകയായിരുന്നു. ഒരു രാത്രി മുഴുവന്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ നിരീക്ഷിച്ചു. കുഴപ്പമൊന്നുമില്ലെന്ന് അവര്‍ കണ്ടെത്തിയതോടെ വ്യാഴാഴ്ച മണിരത്നം ചെന്നൈയിലേക്ക് മടങ്ങും.

വെബ്ദുനിയ വായിക്കുക