മമ്മൂട്ടിയുടെ കോമഡിമസാല ‘ഈ പട്ടണത്തില്‍ ഭൂതം’ മേയ് 14ന് തിയേറ്ററുകളിലെത്തും. ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രില്‍ 30ന് പ്രദര്‍ശനത്തിനെത്തിക്കാനാണ് ആലോചിച്ചിരുന്നതെങ്കിലും ഗ്രാഫിക്സ് - അനിമേഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ റിലീസ് ഡേറ്റ് മാറ്റുകയായിരുന്നു. മമ്മൂട്ടി സര്‍ക്കസിലെ ബൈക്ക് അഭ്യാസി ജിമ്മി എന്ന കഥാപാത്രമായും ഒരു ഭൂതമായുമാണ് അഭിനയിക്കുന്നത്. കാവ്യാമാധവനാണ് നായിക.
പട്ടണത്തില്‍ ഭൂതമിറങ്ങിയാല്‍ എന്താകും സ്ഥിതി? ഓരോര്‍ത്തര്‍ക്കും അത് ആലോചിച്ച് നോക്കാവുന്നതാണ്. മൊത്തത്തില്‍ കുഴപ്പങ്ങളായിരിക്കും. ആകെ ബഹളമാകും. നന്‍മയുള്ള, എല്ലാവരെയും ചിരിപ്പിക്കുന്ന ഒരു ഭൂതമാണ് പട്ടണത്തില്‍ ഇറങ്ങുന്നത്. ബൈക്ക് അഭ്യാസിയായ ജിമ്മിയുടെ രൂപം സ്വീകരിച്ചാണ് അവന്‍റെ നടപ്പ്. അതോടെ ജിമ്മിയുടെ കാര്യം കുഴപ്പത്തിലായി.
അണ്ണന്‍തമ്പി, തുറുപ്പുഗുലാന്‍, രാജമാണിക്യം തുടങ്ങിയ സിനിമകളുടെ ശ്രേണിയിലേക്കാണ് പട്ടണത്തില്‍ ഭൂതവും വരുന്നത്. മമ്മൂട്ടിയെ നായകനാക്കി ജോണി ആന്‍റണി മുന്‍പ് ചെയ്ത തുറുപ്പ് ഗുലാന്‍ കേരളക്കരയാകെ ചിരിച്ചു തകര്‍ത്ത് ആഘോഷിച്ച ഒരു ചിത്രമാണ്. അതുകൊണ്ടു തന്നെ ജോണിയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷിക്കുന്നു.
തുറുപ്പ് ഗുലാന് തിരക്കഥ രചിച്ച ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ് പട്ടണത്തില്‍ ഭൂതവും രചിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
മുന്‍പ് കെ ജി ജോര്‍ജിന്‍റെ മേളയിലും പി ജി വിശ്വംഭരന്‍റെ കാര്‍ണിവലിലും മമ്മൂട്ടി ബൈക്ക് കൊണ്ട് അഭ്യാസങ്ങള്‍ കാണിച്ചിട്ടുണ്ട്.