ബോളിവുഡിന് നിറങ്ങളില്ലാത്ത ഹോളി

ചൊവ്വ, 10 മാര്‍ച്ച് 2009 (14:55 IST)
WDWD
ബോളിവുഡിന് ഇത്തവണ നിറങ്ങളില്ലാത്ത ഹോളി. മുംബൈയുടെ ഹൃദയത്തില്‍ മുറിവേല്‍പ്പിച്ച നവംബറിലെ തീവ്രവാദി ആക്രമണത്തിന്‍റെ ആഘാതത്തില്‍ നിന്ന് ഇനിയും മുക്തമാവാത്തതാണ് ബോളിവുഡിന് ഇത്തവണ ബ്ലാക് ആന്‍ഡ് വൈറ്റ് ഹോളി സമ്മാനിക്കുന്നത്.

സൂപ്പര്‍താരങ്ങളായ ബിഗ് ബിയും കിംഗ് ഖാനും ഇത്തവണ ഹോളി ആഘോഷങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സാധാരണയായി ഹോളിയെ വലിയ ആഘോഷമായി കൊണ്ടാടാറുള്ള ബച്ചന്‍ കുടുംബം ഇത്തവണ ഹോളിക്ക് അവധി നല്‍കും. അഭിഷേകും ഐശ്വര്യയും മണിരത്നം ചിത്രത്തിന്‍റെ ഷൂട്ടിഗുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ തന്നെ തങ്ങും.

തന്‍റെ മാതാപിതാക്കളുടെ മരണശേഷം ഹോളി ആഘോഷങ്ങള്‍ക്ക് പഴയ നിറമില്ലെന്ന് ബച്ചന്‍ തന്നെ തന്‍റെ ബ്ലോഗില്‍ എഴുതിയിരുന്നു. എന്നാല്‍ ബോളിവുഡില്‍ ഇത്തവണ ഹോളിയുടെ നിറം പൂര്‍ണമായും മങ്ങുമെന്ന് ഇതിനര്‍ത്ഥമില്ല.

ജാവേദ് അക്തറും ഷബാ‍ന അസ്മിയുമാണ് ഇത്തവണത്തെ ഹോളി ആഘോഷമാക്കാനൊരുങ്ങുന്നവരില്‍ പ്രമുഖര്‍. ‘തീവ്രവാദി ആക്രമണങ്ങളില്‍ ഞങ്ങള്‍ക്ക് തീര്‍ച്ചയായും ദുഃഖമുണ്ട്. എന്നാല്‍ തീവ്രവാദികള്‍ നമ്മുടെ ആഘോഷങ്ങളുടെ അജണ്ട നിശ്ചയിക്കുന്നതിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാനാണ് ഇത്തവണത്തെ ഹോളിയെ ആഘോഷമാക്കുന്നത്’ - അക്തര്‍ പറയുന്നു.

ശില്‍പ്പാ ഷെട്ടിയാണ് നിറങ്ങളില്‍ നീരാടാന്‍ ഒരുങ്ങുന്ന മറ്റൊരു ബോളിവുഡ് താരം. രാജസ്ഥാന്‍ റോയല്‍‌സ് ക്രിക്കറ്റ് ടീമിനൊപ്പമായിരിക്കും ശില്‍പ്പയുടെ ആഘോഷം. ഷെയിന്‍ വോണിന്‍റെ സാന്നിധ്യമായിരിക്കും ശില്‍പ്പയുടെ ഹോളി ആഘോഷത്തിലെ പ്രധാന ആകര്‍ഷകണീയത.

വെബ്ദുനിയ വായിക്കുക