ബാലന്‍

ഇന്ത്യന്‍ സിനിമ ശബ്ദിച്ചു തുടങ്ങി ഏഴു വര്‍ഷം കഴിഞ്ഞ് , മലയാളത്തിലെ രണ്ടാമത്തെ സിനിമ കഴിഞ്ഞ് അഞ്ചു വര്‍ഷത്തിനു ശേഷമാണ് മൂന്നാമത്തേതും സംസാരിക്കുന്ന ആദ്യത്തേതുമായ മലയാള സിനിമ വരുന്നത് 1938 ലാണത്. "ബാലന്‍' ചരിത്രമായി പക്ഷേ "ബാലനു ' പിന്നിലെ കഥകള്‍ അതിനേക്കാള്‍ രസമുളള ചരിത്രമായെന്നതും സത്യം.

സേലം മോഡേണ്‍ തീയേറ്റേഴ്സ് ഉടമ ടി. ആര്‍. സുന്ദരമാണ് ബാലന്‍റെ നിര്‍മ്മാതാവ്, പക്ഷേ, സുന്ദരം നിര്‍മാതാവായതിന് പിന്നില്‍ മാന്നാര്‍ സ്വദേശി കെ. ഗോപിനാഥായിരുന്നു. കാക്കരിശി നാടകവുമായി ലോകം ചുറ്റിയിരുന്ന ഗോപിനാഥ് സിനിമാഭ്രാന്തെടുത്ത് അതിനു പിന്നാലെയായി പിന്നീട് സിനിമ നിര്‍മ്മിക്കാനായിരുന്നു ഉദ്ദേശ്യം. പക്ഷേ മുതല്‍ മുടക്കിനാളെ കിട്ടിയില്ല.

തിരുവനന്തപുരത്ത് ഒരു വാഹനക്കന്പനിയില്‍ പണിയെടുക്കുന്പോഴാണ് മ്യൂസിയത്തില്‍ "വിഗതകുമാരന്‍റെ' ചിത്രീകരണം നടക്കുന്നതറിഞ്ഞ്. അവിടെ ചെന്ന് ഒരു റോളാവശ്യപ്പെട്ട ഗോപിനാഥ ിന് നിരാശയായിരുന്നു ഫലം. ഏതായാലും പിന്തിരിയാതെ മദ്രാസിലെക്ക് വണ്ടി കയറിയ ഗോപിനാഥ് ചില പുരാണ ചിത്രങ്ങള്‍ എക്സ്ട്രാകൊള്‍ക്കൊപ്പം നിന്നു. പിന്നീട് ഗോപിനാഥ് മദ്രാസില്‍ മലയാളി അസോസിയേഷനുണ്ടാക്കി. ഒരു ചിത്രം സംവിധാനം ചെയ്ത നാഗര്‍കോവിലുകാരനായ എ. സുന്ദരവും അസോസിയേഷനില്‍ അംഗമായിരുന്നു.

മലയാളത്തില്‍ ശബ്ദ ചലച്ചിത്രം നിര്‍മ്മിക്കുക എന്നത് സംഘടനയുടെ സ്വപ്നമായിരുന്നു. അതിനുവേണ്ടി പ്രവര്‍ത്തനവും തുടങ്ങി. സ്റ്റുഡിയോകള്‍ക്കു കത്തയച്ചു. ഒടുവില്‍ സേലം മോഡേണ്‍ തീയറ്റേഴ്സില്‍ നിന്ന് മറുപടി കിട്ടി.ഹൈദരാബാദില്‍ ഒരു ഇസ്ളാമിക കുടുംബത്തിലെ സംഭവം. "വിധിയും മിസിസ് നായരും' എന്നപേരിലാക്കി ഗോപിനാഥും സുന്ദരവും കൂടി സേലത്തേക്ക് തിരിച്ചു.

ടി. ആര്‍. സുന്ദരം കഥ കേട്ടു. തിരുത്തി. സ്റ്റുഡിയോ സഹായി എസ്. നൊട്ടാണിയെ സംവിധായകനാക്കി. പ്രാരംഭ പ്രവര്‍ത്തനമാരംഭിച്ചു. ഇനിയാണ് രസം ബാലനില്‍ നായികയാവാനെത്തിയ നടിയും എ. സുന്ദരവും പ്രണയിച്ച് ഒളിച്ചോടി. ചിത്രീകരണം അവതാളത്തിലായി. മലയാളി അസോസിയേഷനുമായി ഉണ്ടാക്കിയ എല്ലാ ഉടന്പടികളും കാറ്റില്‍പ്പറത്തി ടി. ആര്‍. സുന്ദരം അവരെ സേലത്തു നിന്നും കെട്ടുകെട്ടി. ചിത്രത്തില്‍ വില്ലന്‍ കിട്ടുണ്ണി പണിക്കരായി ഗോപിനാഥ് തുടര്‍ന്നെങ്കിലും ശീര്‍ഷകത്തില്‍ പേരുണ്ടായില്ല

ബാലനില്‍ വിരുതന്‍ ശങ്കുവിനെ അവതരിപ്പിച്ചത്, സെബാസ്ററ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ അനുജനായിരുന്നു- ആലപ്പി വിന്‍സന്‍റ് . മലയാളി അസോസിയേഷനുമായി പിരിഞ്ഞ് മോഡേണ്‍ തീയേറ്റേഴ്സ് നിര്‍മ്മാണമേറ്റതോടെ കഥയില്‍ വരെ അടി മുടിമാറ്റമുണ്ടായി. വിന്‍സന്‍റിനായിരുന്നു ചുമതല. കഥവരെ മാറി പുതിയ തിരക്കഥയ്ക്ക് (അന്നൊക്കെ "കഥ, സംഭാഷണം')എഴുത്തുകാരനെ തേടി വിന്‍സന്‍റ് കേരളത്തിലെത്തി. മുതുകുളം രാഘവന്‍ പിളളയെയാണ് ഒടുവില്‍ ചുമതലയേല്‍പ്പിച്ചത്.

മുതുകുളം കഥ അടിമുടി മാറ്റി, ഗാനങ്ങളും എഴുതി. അക്കാലത്തെ ഹിന്ദി- തമിഴ് ചിത്രങ്ങളുടെ കഥാരൂപത്തോടടുത്തു നില്‍ക്കുന്ന ഒന്നാണ് മുതുകുളത്തിന്‍റെ ക്രൂരത നേരിടെണ്ടി വരുന്ന പാവം ഒരു ചേട്ടന്‍റെയും അനിയത്തിയുടെയും കദനകഥ. അതിഭാവുകത്വവും അവിശ്വസനീയതയും നിറഞ്ഞ ഒരു കുടൂംബകഥ. പിന്നീട് ഈ വിഷയം മലയാള സിനിമയുടെ വിജയ സമവാക്യം പോലുമായിമാറി.


മലയാള നാടകവേദിയില്‍ സെബാസ്റ്റ്യന്‍ കുഞ്ഞ്കുഞ്ഞ് ഭാഗവതരൊടൊപ്പം പ്രവര്‍ത്തിച്ചിരുന്ന സി. ഒ. എ. എന്‍ നന്പ്യാര്‍, എ. ബി. പയസ്, എം. കെ. കമലം. കെ.എന്‍. ലക്ഷ്മി മാസ്റ്റര്‍ മദനഗോപല്‍ ബേബി മാലതി തുടങ്ങിയവരെയാണ് ആലപ്പി വിന്‍സെന്‍റെ് അഭിനേതാക്കളായി തെരഞ്ഞെടുത്തത്

കോട്ടയ്ക്കല്‍ പി. എസ്. വാര്യരുടെ നാടകകന്പനിയില്‍ നടനായിരുന്ന കുഞ്ചു നായരെയാണ് ബാലനില്‍ കെ. കെ. അരൂര്‍ എന്ന പേരില്‍ നായകനായത് ! ഒപ്പം വിന്‍സന്‍റെും കെ. ഗോപിനാഥും വേഷമിട്ടു.

തമിഴില്‍ ചില ചിത്രങ്ങള്‍ പരാജയപ്പെട്ടതിന്‍റെ സാന്പത്തിക ഞരുക്കത്തിലായിരുന്നു നിര്‍മ്മാതാവ്. ഒടുവില്‍ അദ്ദേഹം താന്‍ നിര്‍മ്മിക്കുന്ന ആദ്യ മലയാള ശബ്ദ ചിത്രത്തെപ്പറ്റി മുന്‍കൂര്‍ പരസ്യം ചെയ്തു, അതേറ്റു. കേരളത്തിലെ തീയറ്ററുടമകള്‍ ആവേശത്തോടെ പ്രതികരിച്ചു. അവരൊക്കെ സിനിമയിലെ ആദ്യത്തെ മുന്‍കൂര്‍ വ്യാപാരവും ഇതു തന്നെ.

എന്നാല്‍ ചിത്രീകരണം സുഗമമായി നീങ്ങിയില്ല. പാഴ്സിയായ സംവിധായകന്‍ തെലുങ്കരും തമിഴരും സാങ്കേതിക വിദഗ്ദ്ധര്‍ , ജര്‍മ്മന്‍ ഛായാഗ്രഹകന്‍, പഞ്ചാബി ശബ്ദലേഖകന്‍, ചിത്രസന്നിവേശകനായ വര്‍ഗീസൊഴികെ ആര്‍ക്കും മലയാള മറിയില്ല. ഇത് നടീനടന്മാരും രചയിതാവും തമ്മിലുളള ആശയ വിനിമയത്തില്‍ വിളളലുണ്ടാക്കി. ഒടുവില്‍ വല്ല വിധവും 30,000 രൂപയ്ക്ക് ബാലന്‍ പൂര്‍ത്തിയാക്കി

1937 ഓഗസ്റ്റ് 17 ന് ആരംഭിച്ച ചിത്രീകരണം ഡിസംബര്‍ 31 ന് തീര്‍ന്നു. 1930 ജനുവരി 10 ന് തീയറ്ററുകളിലേക്ക് ജനങ്ങളൊഴുകിത്തുടങ്ങി. മദ്രാസ് ശ്യാമള പിക്ച്ചേഴ്സ് ആയിരുന്നു വിതരണക്കാര്‍. ചിത്രത്തിന്‍റെ വിജയം കണ്ട് അടുത്ത മലയാള ചിത്രം നിര്‍മ്മിക്കാന്‍ അവര്‍ സ്വയം മുന്നോട്ടു വരികപോലുമുണ്ടായി.

മോഡേണ്‍ തീയേറ്റേഴ്സ് വിവിധ ഭാഷകളില്‍ നൂറോളം ചിത്രങ്ങള്‍ നിര്‍മ്മിച്ചു. തമിഴിലെ ആദ്യ വര്‍ണചിത്രമായ ആലിബാബയും 40 കളളന്മാരും മലയാളത്തിലെ ആദ്യ വര്‍ണ ചിത്രമായ കണ്ടംവെച്ച കോട്ടും നിര്‍മ്മിച്ചത്. സുന്ദരം തന്നെയായിരുന്നു. 1963 ഓഗസ്റ്റ് 30ന് സുന്ദരം അന്തരിച്ചു.

മലയാളത്തില്‍ രണ്ടാമത്തെ ചത്രമായ മാര്‍ത്താണ്ഢവര്‍മ ഒഴികെ ആദ്യകാല ചിത്രങ്ങളില്‍ മിക്കതും സാമൂഹിക വിഷയങ്ങളാണ് കൈകാര്യം ചെയ്തത് മറ്റു ഭാഷകള്‍ പുണ്യ പുരാണ വീരചരിതങ്ങളുടെ പിന്നാലെ പോയപ്പോഴും മലയാള സിനിമ റിയലിസത്തൊടൊട്ടി നില്‍ക്കാനാണ് താല്‍പ്പര്യം കാട്ടിയത്. മലയാളത്തില്‍ ഇന്ന് നില നില്‍ക്കുന്ന സവിശേഷതക്കും കാരണം ഒരു പക്ഷേ യാഥാര്‍ത്ഥ്യങ്ങളോടുളള ഈ പ്രതിപത്തിയായിരിക്കണം.

വെബ്ദുനിയ വായിക്കുക