ഈ വര്‍ഷത്തെ വലിയ ഹിറ്റ് ആയിരുന്നു ‘റോമന്‍സ്’. കുഞ്ചാക്കോ ബോബനും ബിജുമേനോനും തകര്‍ത്തഭിനയിച്ച റോമന്‍സിന് ശേഷം സംവിധായകന് ബോബന് സാമുവല്‍ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ്.
ജയസൂര്യ, ലാല്‍, അപര്‍ണ ഗോപിനാഥ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ സിനിമയ്ക്ക് പേരിട്ടിട്ടില്ല. ഒരു യാത്രയ്ക്കിടയില്‍ പരിചയപ്പെടുന്ന മൂന്ന് കഥാപാത്രങ്ങളെയാണ് ഇവര്‍ അവതരിപ്പിക്കുന്നത്. യാത്ര അവസാനിക്കുമ്പോള്‍ അവരുടെ ജീവിതവും മാറിമറിയുന്നു.
ഈ ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രം അന്ധനാണ്. ജയസൂര്യ ആദ്യമായാണ് അന്ധനായി അഭിനയിക്കുന്നത്. ആര്‍ട്ടിസ്റ്റ് എന്ന സിനിമയില്‍ ഫഹദ് ഫാസിലും വാസന്തിയും ലക്ഷ്മിയും എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയും ചെയ്തതിനേക്കാള്‍ വ്യത്യസ്തവും മികച്ചതുമായിരിക്കും ജയസൂര്യയുടെ അന്ധവേഷമെന്നാണ് സൂചന.
“കഥയ്ക്കും എന്റെ കഥാപാത്രത്തിനും നല്ല പുതുമയുണ്ട്. വലിയ ഹോംവര്‍ക്ക് ആവശ്യമായ സബ്ജക്ടാണിത്” - ജയസൂര്യ വ്യക്തമാക്കുന്നു.
നര്‍മ്മത്തില്‍ ചാലിച്ച ഈ കുടുംബകഥ എറണാകുളം, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്. നവംബര്‍ 15ന് ചിത്രീകരണം ആരംഭിക്കും.
യാത്രയാണ് സിനിമയുടെ പ്രധാന ആകര്‍ഷണമെങ്കിലും ഇതൊരു റോഡ് മൂവിയല്ലെന്ന് സംവിധായകന് പറയുന്നു. “ഒരു വ്യത്യസ്തമായ കഥയുടെ പുതിയ രീതിയിലുള്ള ആഖ്യാനമാണ് ചിത്രം. ഇങ്ങനെയൊരു വിഷയം മലയാളത്തില്‍ സിനിമയാകുന്നത് ആദ്യമാണ്” - ബോബന് സാമുവല്‍ പറയുന്നു.