പ്രഭുദേവ വീണ്ടും നായകന്‍

ബുധന്‍, 18 മാര്‍ച്ച് 2009 (13:28 IST)
PROPRO
സംവിധാനത്തിന് തത്‌കാലം അവധി നല്‍കി അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രഭുദേവ തീരുമാനിച്ചിരിക്കുന്നത്. പ്രഭുദേവ സംവിധാനം ചെയ്ത ‘വില്ലു’ വേണ്ടത്ര വിജയം നേടാതെ പോയതാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. രണ്ടാം വരവില്‍ ഒരു ചിത്രത്തിലെ നായകവേഷമാണ് പ്രഭുദേവയെ കാത്തിരിക്കുന്നത്.

തങ്കര്‍ബച്ചന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്രഭുദേവ നായകനാകുന്നത്. കളവാടിയ പൊഴുതുകള്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. മാസങ്ങള്‍ക്കു മുമ്പേ പ്രഭുദേവയെ മനസില്‍ കണ്ട് തങ്കര്‍ബച്ചന്‍ ഒരുക്കിയ തിരക്കഥയാണിത്. പ്രഭുദേവയുടെ തിരക്ക് കാരണമാണ് പ്രൊജക്ട് വൈകിയത്. ഭൂമിക ചൌളയാണ് ചിത്രത്തിലെ നായിക. പ്രകാശ് രാജിനും ശക്തമായ ഒരു വേഷമുണ്ട്. ഹൃദയസ്പര്‍ശിയായ ഒരു പ്രണയകഥയാണ് ഈ സിനിമയിലൂടെ തങ്കര്‍ബച്ചന്‍ പറയാന്‍ ശ്രമിക്കുന്നത്. ഐങ്കരന്‍ ഫിലിം ഇന്‍റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ പൂജ ചെന്നൈയിലെ എ വി എം സ്റ്റുഡിയോയില്‍ നടന്നു.

അഞ്ചു വര്‍ഷം മുമ്പ് എങ്കള്‍ അണ്ണാ എന്ന ചിത്രത്തിലാണ് പ്രഭുദേവ ഒരു മുഴുനീള കഥാപാത്രത്തെ ഒടുവില്‍ അവതരിപ്പിച്ചത്. അതിന് ശേഷം പോക്കിരി, വില്ലു തുടങ്ങിയ ചിത്രങ്ങളില്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

കാതലന്‍, രാസയ്യ, മിസ്റ്റര്‍ റോമിയോ, ലവ് ബേര്‍ഡ്സ്, മിന്‍സാര കനവ്, വി ഐ പി, കാതലാ കാതലാ, ഉള്ളം കൊള്ളൈ പോകുതേ, വണ്‍ ടു ത്രീ തുടങ്ങിയവയാണ് പ്രഭുദേവ നായകനായ പ്രധാന ചിത്രങ്ങള്‍. തങ്കര്‍ബച്ചന്‍റെ സിനിമയില്‍ അഭിനയിച്ച ശേഷം ഒരു തെലുങ്ക് ചിത്രം സംവിധാനം ചെയ്യാനാണ് പ്രഭുദേവ ആലോചിക്കുന്നത്. സിദ്ദാര്‍ത്ഥാണ് ആ ചിത്രത്തിലെ നായകന്‍.

വെബ്ദുനിയ വായിക്കുക