തെന്നിന്ത്യയിലെ നമ്പര്‍ വണ്‍ നായികയാണ് നയന്‍താര. രജനീകാന്തിന്‍റെ ഇഷ്ടനായിക. യുവസൂപ്പര്‍സ്റ്റാറുകളെല്ലാം തങ്ങളുടെ ചിത്രങ്ങളിലേക്ക് ആദ്യം പരിഗണിക്കുന്ന നായിക. കഴിഞ്ഞ കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ മാസ്, തനി ഒരുവന്‍, മായ എന്നിങ്ങനെ തമിഴില്‍ തുടരന്‍ ഹിറ്റുകള്‍. എന്നാല്‍ പുതിയൊരു വാര്‍ത്ത നയന്‍സ് ആരാധകര്‍ക്ക് സങ്കടമുണ്ടാക്കുന്നതാണ്. ഇളയദളപതി വിജയ് തന്‍റെ പുതിയ ചിത്രത്തില്‍ നായികയായി നയന്‍താരയെ വേണ്ടെന്നുപറഞ്ഞിരിക്കുന്നു!
എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തില്‍ നയന്‍താരയെയാണ് നായികയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ നയന്‍സിന് പകരം മറ്റാരെയെങ്കിലും ആലോചിക്കാനാണ് വിജയ് ഇപ്പോള്‍ സംവിധായകനോട് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിന്‍റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വിജയ്ക്കൊപ്പം വില്ല്, ശിവകാശി എന്നീ ചിത്രങ്ങളില്‍ നയന്‍താര അഭിനയിച്ചിട്ടുണ്ട്.
തമിഴകത്ത് എന്തായാലും ഇപ്പോള്‍ ഒരു റൂമര്‍ പ്രചരിക്കുന്നുണ്ട്. പ്രഭുദേവയുടെ അടുത്ത സുഹൃത്താണല്ലോ വിജയ്. നയന്‍സും പ്രഭുദേവയും തമ്മിലുള്ള പ്രശ്നങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. തന്‍റെ ചിത്രത്തില്‍ നയന്‍സ് അഭിനയിക്കുന്നത് പ്രഭുദേവയ്ക്ക് വിഷമത്തിനിടയാക്കുമെന്ന് കരുതിയാവാം വിജയ് തന്‍റെ നായികയായി നയന്‍താരയെ വേണ്ടെന്നു പറഞ്ഞതെന്നാണ് കോടമ്പാക്കത്തെ സംസാരം. വിജയ് - നയന്‍താര ജോഡിയുടെ ‘വില്ല്’ സംവിധാനം ചെയ്തത് പ്രഭുദേവയായിരുന്നു. ആ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് പ്രഭുദേവയും നയന്‍സും പ്രണയത്തിലാകുന്നതും.
എന്നാല്‍ വിജയ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതൊന്നും നയന്‍താരയെ ബാധിക്കില്ലെന്നാണ് നയന്‍സ് ആരാധകരുടെ പക്ഷം. നിന്നുതിരിയാന്‍ സമയമില്ലാത്തത്ര പ്രൊജക്ടുകളുണ്ട് ഇപ്പോള്‍ നയന്‍സിന്‍റെ കൈവശം. മാത്രമല്ല, വിജയ് ഒഴിവാക്കിയാലും വിജയുടെ എതിരാളി തല അജിത്തിന്‍റെ ഇഷ്ടനായികയാണ് നയന്‍സ്. ബില്ല, ഏകന്‍, ആരംഭം തുടങ്ങിയ അജിത് ചിത്രങ്ങളില്‍ നയന്‍താരയായിരുന്നു നായിക.