പൃഥ്വിരാജ് സംവിധായകനാകുന്നു; ‘ലൂസിഫര്‍’ എന്ന് പേരിട്ട ചിത്രത്തില്‍ മോഹന്‍ലാല്‍ !

വ്യാഴം, 15 സെപ്‌റ്റംബര്‍ 2016 (14:41 IST)
“സ്വര്‍ഗത്തില്‍ ദൈവത്തിന് അടിമയായിരിക്കുന്നതിനേക്കാള്‍ നല്ലത് നരകം ഭരിക്കുന്നതാണ്” 
 
ലൂസിഫര്‍! 
 
നരകാധിപന്‍!
 
അവന്‍ വരുന്നു!!!

മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലാണ് ലൂസിഫറാകുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് യംഗ് സൂപ്പര്‍താരം പൃഥ്വിരാജ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന് ശേഷം മുരളി ഗോപി തിരക്കഥയെഴുതുന്ന സിനിമയാണിത്. മുരളി ഗോപി ഈ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്യുന്നു. 
 
“മാലാഖമാര്‍ സൂക്ഷിക്കുക, അവന്‍ നിങ്ങളിലേക്കെത്തുന്നു, ലൂസിഫര്‍” - മുമ്പൊരിക്കല്‍ ഈ പ്രൊജക്ടിനെപ്പറ്റി മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
 
അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ സ്വപ്നമായിരുന്നു ‘ലൂസിഫര്‍’ എന്ന സിനിമ. എന്നാല്‍ അത് യാഥാര്‍ത്ഥ്യമാകുന്നതിന് മുമ്പ് രാജേഷ് പിള്ള മരണത്തിന് കീഴടങ്ങി.
 
ഇപ്പോഴിതാ പൃഥ്വിരാജിലൂടെ ആ പ്രൊജക്ട് സംഭവിക്കുകയാണ്. ഈ സിനിമയ്ക്കായി പൃഥ്വിരാജ് തനിക്ക് അഭിനയിക്കേണ്ട പ്രൊജക്ടുകള്‍ മാറ്റിവയ്ക്കുകയാണ്. അടുത്ത വര്‍ഷം ലൂസിഫര്‍ ആരംഭിക്കാനാണ് പദ്ധതി എന്നറിയുന്നു.
 
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ഈ ചിത്രം നിര്‍മ്മിക്കും. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളെ അണിനിരത്തി ഒരു ബിഗ് ബജറ്റ് സിനിമയായിരിക്കും ഇത്.
 
മുരളി ഗോപിയുടെ ‘ഈ അടുത്ത കാലത്ത്’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്നിവ ബ്രില്യന്‍റ് തിരക്കഥകളായിരുന്നു. മോഹന്‍ലാലിനെ മനസില്‍ കണ്ടെഴുതിയ ലൂസിഫറും വളരെ ത്രില്ലിംഗാണെന്ന അഭിപ്രായമാണുള്ളത്. സിനിമാലോകത്തെ പലരും ഈ ചിത്രത്തിന്‍റെ കഥ കേട്ട് വളരെ ഗംഭീരമാണെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചിരിക്കുന്നത്.
 
ഒരേസമയം മോഹന്‍ലാലിന്‍റെ താരപരിവേഷവും അഭിനയപാടവവും മുതലാക്കുന്ന ചിത്രമായിരിക്കും ഇത്. പൂര്‍ണമായും ഫെസ്റ്റിവല്‍ മൂഡ് തരുന്ന ചിത്രം. ലാല്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ പറ്റുന്ന ചിത്രം എന്ന് നിസംശയം പറയാം.

വെബ്ദുനിയ വായിക്കുക