പൃഥ്വിരാജ് ഹിന്ദി സിനിമയില്‍ ചുവടുറപ്പിക്കുകയാണ്. ആദ്യ ഹിന്ദിച്ചിത്രമായ ‘അയ്യ’ ശരാശരി വിജയത്തിലൊതുങ്ങിയെങ്കിലും ഓഫറുകളുടെ പെരുമഴയാണ് ബോളിവുഡില്‍ നിന്ന് പൃഥ്വിക്ക് ലഭിക്കുന്നത്. ഹിന്ദിയിലെ വമ്പന്‍ സംവിധായകര്‍ പൃഥ്വിരാജിനെ നായകനാക്കി ബിഗ് ബജറ്റ് ചിത്രങ്ങള്‍ ആലോചിച്ചുവരുന്നു. ഇപ്പോള്‍ തന്‍റെ രണ്ടാമത്തെ ഹിന്ദിച്ചിത്രമായ ‘ഔറംഗസേബ്’ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് പൃഥ്വിരാജ്.
അതേസമയം, പുതിയ വാര്‍ത്ത ലഭിക്കുന്നു. പൃഥ്വിരാജും സാക്ഷാല്‍ അമിതാഭ് ബച്ചനും ഒരു ഹിന്ദി സിനിമയ്ക്ക് വേണ്ടി ഒരുമിക്കാന്‍ സാധ്യത. ഇരുവരും നായകന്‍മാരാകുന്ന സിനിമ ചര്‍ച്ചയുടെ പ്രാഥമികഘട്ടത്തിലാണത്രെ. മലയാളത്തില്‍ മെഗാഹിറ്റിലേക്ക് കുതിക്കുന്ന ‘അയാളും ഞാനും തമ്മില്‍’ എന്ന റൊമാന്‍റിക് ത്രില്ലറാണ് പൃഥ്വി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നത്.
‘അയാളും ഞാനും തമ്മില്‍’ പൃഥ്വിയുടെ കരിയറിനെ തന്നെ മാറ്റിമറിക്കുകയാണ്. ഈ വര്‍ഷം മലയാളത്തിലിറങ്ങിയ ഏറ്റവും നല്ല ചിത്രമെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ലാല്‍ ജോസിന്‍റെയും പൃഥ്വിരാജിന്‍റെയും കരിയര്‍ ബെസ്റ്റ് ഫിലിം ഇതാണെന്നാണ് പരക്കെ ഉയര്‍ന്നിട്ടുള്ള അഭിപ്രായം.
മലയാളത്തില്‍ പ്രതാപ് പോത്തന്‍ ഉജ്ജ്വലമാക്കിയ കഥാപാത്രത്തെ ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ പ്രൊജക്ട് ബോളിവുഡിലെ തന്നെ പ്രമുഖ സംവിധായകന്‍ ഏറ്റെടുക്കുമെന്നും ശ്രുതിയുണ്ട്.