പുലിമുരുകന് മുന്നില്‍ തലയുയര്‍ത്തി തോപ്പില്‍ ജോപ്പന്‍, കളക്ഷന്‍ 10 കോടി!

ബുധന്‍, 12 ഒക്‌ടോബര്‍ 2016 (11:36 IST)
പുലിമുരുകന്‍റെ പടയോട്ടമാണ് ബോക്സോഫീസില്‍. 30 കോടി മുടക്കി നിര്‍മ്മിച്ച ചിത്രം അതിന് അര്‍ഹിക്കുന്ന വിജയമാണ് നേടുന്നത്. എന്നാല്‍ ആറുകോടി മുതല്‍ മുടക്കിലൊരുങ്ങിയ തോപ്പില്‍ ജോപ്പന്‍ എന്ന മമ്മൂട്ടിച്ചിത്രത്തിന്‍റെ ബോക്സോഫീസ് പ്രകടനം ഏവരെയും അമ്പരപ്പിക്കുന്ന വിധത്തിലാണ്.
 
ജോണി ആന്‍റണി സംവിധാനം ചെയ്ത ഈ ക്ലീന്‍ ഫാമിലി എന്‍റര്‍ടെയ്നര്‍ 10 കോടി കളക്ഷനിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. ഒരു വമ്പന്‍ സിനിമ തിയേറ്ററിലുള്ളപ്പോള്‍ അതിനൊപ്പം മത്സരിച്ചാണ് ജോപ്പന്‍ ഈ ഗംഭീര കളക്ഷന്‍ നേടുന്നത് എന്നതാണ് കൌതുകം.
 
ചിത്രം തിയേറ്ററില്‍ നാലുദിവസം പിന്നിട്ടപ്പോള്‍ നേടിയ കളക്ഷന്‍ 8.43 കോടി രൂപയായിരുന്നു. വിതരണക്കാരുടെ വിഹിതമായി അപ്പോള്‍ത്തന്നെ നാലുകോടിക്ക് മേല്‍ തുക നേടിക്കഴിഞ്ഞു. തോപ്പില്‍ ജോപ്പന്‍ 10 ദിവസം പൂര്‍ത്തിയാകുമ്പോഴേക്കും കോടികളുടെ ലാഭം നിര്‍മ്മാതാവിനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
 
മമ്മൂട്ടിയുടെ ജോപ്പന്‍ അച്ചായന്‍, സ്നേഹത്തിന്‍റെയും തമാശയുടെയും കാര്യത്തില്‍ മമ്മൂട്ടിയുടെ മറ്റ് അച്ചായന്‍ കഥാപാത്രങ്ങളെ കടത്തിവെട്ടുകയാണ്. നിഷാദ് കോയയുടെ തിരക്കഥയും ജോണി ആന്‍റണിയുടെ സംവിധാനവും നല്ല പാട്ടുകളും ആന്‍ഡ്രിയയുടെയും മം‌മ്തയുടെയും സാന്നിധ്യവും മമ്മൂട്ടിയുടെ ഉജ്ജ്വല പ്രകടനവുമാണ് തോപ്പില്‍ ജോപ്പന് മികച്ച ബിസിനസ് നടക്കാന്‍ കാരണം.
 
സലിംകുമാര്‍, ഹരിശ്രീ അശോകന്‍ എന്നിവര്‍ ഫുള്‍ ഫോമില്‍ തിരിച്ചെത്തി എന്നതും തോപ്പില്‍ ജോപ്പനെ മഹാവിജയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ‘ഇതാണ് കാവ്യനായകന്‍’ എന്ന ടൈറ്റില്‍ സോംഗ് തരംഗമായി മാറിയതും ജോപ്പന് ഗുണം ചെയ്തു.
 
മികച്ച കുടുംബചിത്രം എന്ന നിലയില്‍ കുടുംബപ്രേക്ഷകരുടെ ഒഴുക്കുണ്ടാകുന്നത് തോപ്പില്‍ ജോപ്പന് ലോംഗ് റണ്ണിന് സഹായകമാകും എന്നാണ് ട്രേഡ് വിദഗ്ധരുടെ വിലയിരുത്തല്‍.

വെബ്ദുനിയ വായിക്കുക