നാടോടികളുമായി പ്രിയന്‍!

തിങ്കള്‍, 25 ജനുവരി 2010 (14:01 IST)
PRO
തമിഴില്‍ മെഗാഹിറ്റായ ‘നാടോടികള്‍’ എന്ന സിനിമ പ്രിയദര്‍ശന്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നു. ഇതു സംബന്ധിച്ച് ഒരു അമേരിക്കന്‍ കമ്പനിയുമായി പ്രിയദര്‍ശന്‍ കരാര്‍ ഒപ്പിട്ടതായാണ് ഏറ്റവും പുതിയ വിവരം. അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല.

വുഡ്പെക്കെര്‍ പിക്ചേഴ്സ് എന്ന അമേരിക്കന്‍ കമ്പനിയുമായാണ് പ്രിയന്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നാല്പത് കോടി രൂപ ചെലവിലാണ് നാടോടികള്‍ പ്രിയദര്‍ശന്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്. തമിഴ് നാടോടികളുടെ ചെലവ് അഞ്ചുകോടിക്കടുത്ത് മാത്രമാണ്. പ്രിയന്‍ ഈ സിനിമ ഹിന്ദിയില്‍ ഏറെ കളര്‍ഫുളായാണ് ചിത്രീകരിക്കുന്നതെന്ന് സാരം.

ഏപ്രിലില്‍ ഹിന്ദി നാടോടികളുടെ ചിത്രീകരണം ആരംഭിക്കും. സമുദ്രക്കനിയാണ് ‘നാടോടികള്‍’ തമിഴില്‍ സംവിധാനം ചെയ്തത്. ശശികുമാറും അനന്യയും അഭിനയയുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സമുദ്രക്കനി തന്നെ ഈ ചിത്രം തെലുങ്കില്‍ റീമേക്ക് ചെയ്തിരുന്നു. ‘ശംഭോ ശിവ ശംഭോ’ എന്ന ആ ചിത്രം സൂപ്പര്‍ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്.

നാടോടികള്‍ കൂടാതെ മറ്റൊരു ചിത്രവും വുഡ്പെക്കെര്‍ പിക്ചേഴ്സിനു വേണ്ടി പ്രിയദര്‍ശന്‍ സംവിധാനം ചെയ്തുന്നുണ്ട്. ഇപ്പോള്‍ ‘വെള്ളാനകളുടെ നാട്’ എന്ന മലയാളം സൂപ്പര്‍ഹിറ്റിന്‍റെ ഹിന്ദി റീമേക്കിന്‍റെ തിരക്കിലാണ് പ്രിയദര്‍ശന്‍.

വെബ്ദുനിയ വായിക്കുക