തെന്നിന്ത്യയിലെ പ്രശസ്ത ചലച്ചിത്രനടി സുജാത അന്തരിച്ചു. ചെന്നൈയില്‍ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം. 58 വയസായിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരുകാലത്ത് നായികയായി തിളങ്ങിയ സുജാത മലയാളത്തിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. രണ്ടാം വരവില്‍ അമ്മ വേഷങ്ങളാണ് സുജാത പ്രധാനമായും ചെയ്തിരുന്നത്. സിബി മലയില്‍ സംവിധാനം ചെയ്ത ജലോത്സവം, രഞ്ജിത്തിന്‍റെ ചന്ദ്രോത്സവം, ഹരിഹരന്‍റെ മയൂഖം എന്നീ സിനിമകളിലെ അമ്മവേഷങ്ങള്‍ ഏറെ ശ്രദ്ധേയമായി.
ഒരു വിളിപ്പാടകലെ, അച്ചാണി, ലേഡീസ് ഹോസ്റ്റല്‍, ഭ്രഷ്ട്, എറണാകുളം ജംഗ്ഷന്‍, അനുബന്ധം, അഹങ്കാരി, അവള്‍ ഒരു തുടര്‍കഥ, ഉദയം കിഴക്കുതന്നെ, അന്നക്കിളി തുടങ്ങിയവയാണ് സുജാത അഭിനയിച്ച പ്രധാന മലയാള ചിത്രങ്ങള്‍. എറണാകുളം മരട് സ്വദേശിനിയാണ് സുജാത.
തെന്നിന്ത്യയിലാകെ നിറഞ്ഞുനിന്നെങ്കിലും തമിഴിലാണ് സുജാത കൂടുതല്‍ തിളങ്ങിയത്. ഒട്ടേറെ കമലഹാസന്‍ ചിത്രങ്ങളില്‍ അവര്‍ പ്രധാനവേഷം ചെയ്തു. തമിഴകത്തെ പ്രധാന താരങ്ങളുടെ നായികയായി.
വരലാറ്, വില്ലന്‍, ബാബ, അരുള്‍, അമൈദിപ്പടൈ, ഉഴൈപ്പാളി തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ സുജാത അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റി. ഒട്ടേറെ തെലുങ്ക് ചിത്രങ്ങളിലും വേഷമിട്ടു.