ജയരാജ് സംവിധാനം ചെയ്ത ‘ദ ട്രെയിന്‍’ എന്ന മമ്മൂട്ടിച്ചിത്രം തിയേറ്ററുകളിലെത്തി. ആഗസ്റ്റ് 15, ഡബിള്‍സ് എന്നിവയുടെ തുടര്‍ച്ചയെന്നോണം ഈ സിനിമയും നിരാശ നല്‍കുന്നതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് തലവന്‍ കേദാര്‍നാഥ് എന്ന കഥാപാത്രമായാണ് അഭിനയിക്കുന്നത്. ഈ കഥാപാത്രം തന്നെ സിനിമയില്‍ ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല എന്ന രീതിയിലാണ് കഥാഗതി.
കേരളത്തിലെ 67 സെന്‍ററുകളിലാണ് ‘ദ ട്രെയിന്‍’ റിലീസ് ചെയ്തത്. മോശം റിപ്പോര്‍ട്ടുകളാണ് എല്ലാ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്. ജയസൂര്യയ്ക്ക് മാത്രമാണ് തിളങ്ങാനായതെന്നാണ് ആദ്യ വിവരം.
സിനിമയുടെ പല രംഗങ്ങളും പ്രേക്ഷകര്‍ കൂവലോടെയാണ് വരവേല്‍ക്കുന്നതെന്നാണ് അറിയാനാകുന്നത്. വ്യത്യസ്തമായ ട്രാക്കുകളിലൂടെയാണ് കഥ വികസിക്കുന്നത്. എന്നാല്‍ ഈ ട്രാക്കുകള്‍ എവിടെയും കൂട്ടിമുട്ടാതെ കടന്നുപോകുന്നു എന്നതാണ് ചിത്രത്തിന് ദോഷമായത്. തിരക്കഥയിലെ പാളിച്ച മൂലം തിരിച്ചടി നേരിടുന്ന മമ്മൂട്ടിച്ചിത്രങ്ങളുടെ പട്ടികയിലേക്ക് ദ ട്രെയിനും എത്തുകയാണ്.
മുംബൈയില്‍ നടന്ന സ്ഫോടനങ്ങള്‍ ചില വ്യക്തികളുടെ ജീവിതത്തെ മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. ഇതേ കഥ തന്നെയാണ് ഉടന്‍ വരുന്ന മമ്മൂട്ടിച്ചിത്രം ‘ബോംബെ മാര്‍ച്ച് 12’ പറയുന്നതും എന്നതാണ് കൌതുകകരം.