ദൃശ്യം തമിഴില്‍ 'പാപനാശം', ജോര്‍ജ്ജുകുട്ടി സെയ്‌വാ പിള്ള!

ശനി, 9 ഓഗസ്റ്റ് 2014 (16:39 IST)
മലയാളത്തിലെ എക്കാലത്തെയും മെഗാഹിറ്റ് ചിത്രമായ ദൃശ്യത്തിന്‍റെ തമിഴ് റീമേക്കിന് പേരായി. 'പാപനാശം' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കമല്‍ഹാസന്‍ നായകനായ സിനിമയില്‍ മീന തന്നെ നായികയാകുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചന. ഐ ജി ഗീത എന്ന കഥാപാത്രമായി ആശാ ശരത് തന്നെ അഭിനയിക്കും.

മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ്ജുകുട്ടിയെ കമല്‍ഹാസന്‍ അവതരിപ്പിക്കുമ്പോള്‍ പേരില്‍ വലിയ മാറ്റമുണ്ട്. 'സെയ്‌വാ പിള്ള' എന്നാണ് കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന് പേര്.

കമല്‍ഹാസന്‍ തന്നെയാണ് ചിത്രത്തിനും കഥാപാത്രത്തിനും പേര് നിര്‍ദ്ദേശിച്ചതെന്നാണ് അറിയുന്നത്. തമിഴില്‍ താരങ്ങളെ നിര്‍ണയിക്കാനുള്ള ചുമതലയും സംവിധായകന്‍ ജീത്തു ജോസഫ് കമല്‍ഹാസനെ തന്നെ ഏല്‍പ്പിച്ചിരിക്കുകയാണ്.

'തമിഴ് സിനിമയെയും സംസ്കാരത്തെയും എന്നേക്കാള്‍ നന്നായി അറിയാവുന്നത് കമല്‍ഹാസന് തന്നെയാണ്' - എന്നാണ് ഇതേപ്പറ്റി ജീത്തു ജോസഫ് പ്രതികരിച്ചിരിക്കുന്നത്.

പാപനാശത്തിന്‍റെ ചിത്രീകരണം സെപ്റ്റംബര്‍ പകുതിയോടെയോ ഒക്ടോബര്‍ ആദ്യവാരമോ ആരംഭിക്കുമെന്നാണ് അറിയുന്നത്.

വെബ്ദുനിയ വായിക്കുക