ദിലീപ് നായകനാകുന്ന പുതിയ ചിത്രത്തില്‍ നായിക ആരെന്നറിയേണ്ടേ? കോളിവുഡിന്‍റെയും ടോളിവുഡിന്‍റെയും ഹരമായ ത്രിഷയാണ് ദിലീപിന് നായികയായെത്തുന്നത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ത്രിഷയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം.
തമിഴിലും തെലുങ്കിലും 80 ലക്ഷത്തിലധികം പ്രതിഫലം വാങ്ങുന്ന നായികയാണ് ത്രിഷ. മലയാളത്തിലേക്ക് എത്തുമ്പോള്‍ ഇവരുടെ പ്രതിഫലം എത്രയായിരിക്കും എന്നതിനെക്കുറിച്ച് ഇതുവരെ സൂചന ലഭിച്ചിട്ടില്ല. ബ്ലാക് സ്റ്റാലിയന്‍ എന്ന ചിത്രത്തില്‍ 25 ലക്ഷം പ്രതിഫലം പറ്റിയ നമിതയാണ് മലയാളത്തില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും വിലപിടിപ്പുള്ള നായിക.
‘ഐ ജി’ എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഇത്. സിനിമയ്ക്ക് പേര് നിശ്ചയിച്ചിട്ടില്ല. തിരക്കഥയുടെ ജോലികളിലാണ് ഇപ്പോള്‍ ഉണ്ണികൃഷ്ണന്‍. ഐ ജി വിഷുവിനെത്തുമെന്ന് ഉറപ്പായിട്ടുണ്ട്.
ഉണ്ണികൃഷ്ണന്‍റെ ചിത്രത്തില്‍ ദിലീപ് ആദ്യമായാണ് അഭിനയിക്കുന്നത്. ആക്ഷന്‍ പശ്ചാത്തലത്തിലുള്ള ഒരു കുടുംബചിത്രമായിരിക്കും ഇതെന്നാണ് സൂചന. ദക്ഷിണേന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള രണ്ട് നായികമാരും അങ്ങനെ അടുത്തടുത്ത ദിലീപ്ചിത്രങ്ങളില്‍ നായികമാരായി എത്തുകയാണ്. ദിലീപിന്‍റെ ഓണച്ചിത്രമായ ബോഡിഗാര്‍ഡില്‍ നയന്‍താരയാണ് നായിക.