തൃഷ അഭിനയിക്കേണ്ടെന്ന് മാതാപിതാക്കള്‍!

വ്യാഴം, 7 ജനുവരി 2010 (13:53 IST)
PRO
PRO
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത “ലേസാ ലേസാ” എന്ന തമിഴ് സിനിമയിലൂടെ അഭിനയരംഗത്തെത്തി, വിജയ്, വിക്രം, സൂര്യ തൊട്ട് കമലാഹാസന്‍ വരെയുള്ള മുന്‍‌നിരനായകന്മാരുടെ കൂടെ അഭിനയിച്ച തെന്നിന്ത്യന്‍ താരം തൃഷ ഇനി അഭിനയിക്കുകയില്ല. കാരണം, അഭിനയിച്ചത് മതിയെന്നും ഇനി വിവാഹമാണ് ‘പ്രയോറിറ്റി’ എന്നും മാതാപിതാക്കള്‍ തൃഷാ കൃഷ്ണനോട് പറഞ്ഞുകഴിഞ്ഞു. ഇപ്പോള്‍ കരാറൊപ്പിട്ടിരിക്കുന്ന പുതിയ സിനിമകള്‍ പൂര്‍ത്തിയാക്കുന്നതോടെ തൃഷയെന്ന താരം വീട്ടമ്മയാവും.

ഏതാണ്ട് മിക്ക തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ചിട്ടുള്ള തൃഷ ഇപ്പോള്‍ “ഖട്ടാ മീട്ടാ” എന്ന പ്രിയന്‍ സിനിമയിലൂടെ ഹോളിവുഡില്‍ എത്തിയിരിക്കുകയാണ്, അക്ഷയ്‌കുമാറാണ് തൃഷയുടെ നായകന്‍. ഈ സിനിമയിലും “യാവരും കേളീര്‍” എന്ന് കേരിട്ടിരിക്കുന്ന കമലാഹാസന്റെ പുതിയ ചിത്രത്തിലും മാത്രമാണ് തൃഷയിനി അഭിനയിക്കുക. കമല്‍ പടത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന സമയത്തുതന്നെ തൃഷയുടെ വിവാഹനിശ്ചയം നടക്കുമെന്ന് അറിയുന്നു.

ഒരു യാഥാസ്ഥിതിക തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് തൃഷ ജനിച്ചത്. കോളേജില്‍ പഠിക്കുന്ന സമയത്ത് “ജോഡി” എന്ന സിനിമയില്‍ ഒരു ചെറിയ രംഗത്തില്‍ പ്രത്യക്ഷപ്പെടാന്‍ അവസരം ലഭിച്ചതോടെയാണ് തൃഷയ്ക്ക് സിനിമയില്‍ കമ്പം പിടിച്ചത്. തുടര്‍ന്ന് പ്രിയന്റെ “ലേസാ ലേസാ” എന്ന സിനിമയിലൂടെ നായികയായ തൃഷയ്ക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. തമിഴിലെയും തെലുങ്കിലെയും ഒന്നാം നിര നായികമായില്‍ ഒരാളാണ് തൃഷയിപ്പോള്‍.

മകള്‍ക്ക് വരനെ തേടുന്ന തിരക്കിലാണ് തൃഷയുടെ “അപ്പാ” കൃഷ്ണനും അമ്മ ഉമാ കൃഷ്ണനും. ബന്ധുക്കള്‍‌ക്കെല്ലാം തൃഷയുടെ ജാതകം നല്‍‌കിയിട്ടുണ്ടെന്ന് ഉമാ കൃഷ്ണന്‍ പറയുന്നു. വരന്‍ വലിയ പണക്കാരനായിരിക്കണം എന്ന നിബന്ധനയൊന്നും തൃഷയുടെ കുടുംബത്തിനില്ല. നല്ല സ്വഭാവവും നല്ല വിദ്യാഭ്യാസവും ഉള്ള സ്വജാതിയില്‍ പെട്ട ഒരാളെയാണ് തൃഷയ്ക്കായി ബന്ധുക്കള്‍ തേടുന്നത്. കാരണം വരന്റെ കുടുംബത്തിന്റെ സ്വത്തിനെ ആശ്രയിച്ച് കഴിയേണ്ട കഷ്ടമൊന്നും തൃഷയ്ക്കിപ്പോള്‍ ഇല്ല!

അഭിനയം നിര്‍ത്തി വിവാഹജീവിതം തുടങ്ങാന്‍ മാതാപിതാക്കള്‍ ഉപദേശിച്ചത് ചെവിക്കൊണ്ടുവെങ്കിലും ഇരുപത്തിയാറുകാരിയായ തൃഷ അത്ര വലിയ സന്തോഷത്തിലല്ല. സിനിമാരംഗത്ത് നിന്ന് ലഭിക്കാവുന്നതിന്റെ ഔന്നത്യത്തിലാണ് താന്‍ നില്‍‌ക്കുന്നതെന്നും ഒന്നുരണ്ടു വര്‍ഷം കൂടി കഴിഞ്ഞിട്ട് വിവാഹം പോരേയെന്നും തൃഷയുടെ മനസിലുണ്ട്. എന്നാല്‍ തൃഷയെ ആരുടെയെങ്കിലും കയ്യില്‍ ഏല്‍‌പ്പിക്കാതെ വിശ്രമിക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് കൃഷ്ണനും ഉമയും!

വെബ്ദുനിയ വായിക്കുക