ജോര്‍ജ്ജേട്ടന്‍സ് പൂരം ശരാശരിയിലൊതുങ്ങി, ഗ്രേറ്റ്ഫാദറിന് തകര്‍പ്പന്‍ മുന്നേറ്റം!

ശനി, 1 ഏപ്രില്‍ 2017 (16:42 IST)
ദിലീപ് നായകനായ കോമഡി എന്‍റര്‍ടെയ്നര്‍ ജോര്‍ജ്ജേട്ടന്‍സ് പൂരം റിലീസായി. ഒരു ശരാശരി ചിത്രമെന്നാണ് എല്ലാ സെന്‍ററുകളില്‍ നിന്നുമുള്ള റിപ്പോര്‍ട്ട്. എന്നാല്‍ ദിലീപിന്‍റെ കഴിഞ്ഞ ചിത്രങ്ങളെക്കാള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
 
ദിലീപിന്‍റെ സുവര്‍ണകാലത്തെ സിനിമകളുടെ ഓര്‍മ്മയില്‍ ജോര്‍ജ്ജേട്ടനെ കാണാന്‍ പോയാല്‍ കടുത്ത നിരാശയായിരിക്കും ഫലം. തിയേറ്ററുകളില്‍ ചിരിയുടെ അലമാലകളൊന്നും ചിത്രം സൃഷ്ടിക്കുന്നില്ല. എന്നാല്‍ ചില നമ്പരുകള്‍ ചിരിയുണര്‍ത്തുന്നതാണ്.
 
ക്ലൈമാക്സിലെ കബഡിയാണ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഒരു ഘടകം. എന്നാല്‍ വലിയ ട്വിസ്റ്റിന്‍റെ ഞെട്ടലൊന്നും പ്രേക്ഷകന് രണ്ടാം പകുതിയും സമ്മാനിക്കുന്നില്ല. ദിലീപിന്‍റെ പ്രകടനം പതിവുപോലെ തന്നെ. നായിക രജിഷ വിജയന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല.
 
അതേസമയം, ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്‍റെ വരവ് മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദറിന്‍റെ കളക്ഷനെ ഒരു രീതിയിലും ബാധിച്ചിട്ടില്ല. മൂന്നാം ദിനം കളക്ഷനില്‍ വന്‍ മുന്നേറ്റമാണ് ഗ്രേറ്റ്ഫാദര്‍ നടത്തുന്നത്.
 
ഈ വാരാന്ത്യം അവസാനിക്കുമ്പോള്‍ ദി ഗ്രേറ്റ്ഫാദര്‍ 15 കോടിയിലധികം കളക്ഷന്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെബ്ദുനിയ വായിക്കുക