തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടി ഗോപിക വിവാഹിതയായി. അയര്‍ലാന്റില്‍ ഡോക്ടറായ അജിലേഷാണ് ഗോപികക്ക് മിന്നുകെട്ടിയത്. വിവാഹശേഷം അഭിനയത്തോട് വിട പറയാനാണ് ഗോപികയുടെ തീരുമാനം. ആഗസ്‌റ്റ് മാസത്തില്‍ ഭര്‍ത്താവിനൊപ്പം ഗോപിക വിദേശത്തേക്ക് പറക്കും.
കോതമംഗലം മാര്‍ത്തോമ പള്ളിയില്‍ ഇന്നു നടന്ന വിവാഹ ചടങ്ങില്‍ വധുവിന്‍റേയും വരന്‍റേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുന്നത് നേര്യമംഗലം സ്വദേശി അജിലേഷുമായുള്ള ഗോപികയുടെ വിവാഹം വീട്ടുകാര്‍ പറഞ്ഞുറപ്പിച്ചതാണ്. ജൂലൈ ഇരുപതിന് സഹപ്രവര്‍ത്തകര്‍ക്കായി കൊച്ചിയില്‍ വിവാഹ വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്.
മലയാളത്തില്‍ ‘വെറുതേ ഒരു ഭാര്യ’ എന്ന ചിത്രമാണ് ഗോപികയുടെ പുറത്തു വരാനുള്ള ചിത്രം. ജയറാമാണ് ചിത്രത്തിലെ നായകന്‍. ഗോപിക അവസാനമായി അഭിനയിച്ച ചിത്രം റിച്ചാര്‍ഡ് നായകനായ ‘കല്ലുക്കള്‍ ഈറം’ ആണ്.
ജയരാജിന്‍റെ ‘ഫോര്‍ ദ പീപ്പിളി‘ലെ “ലജ്ജാവതിയേ...” എന്ന ഗാനത്തിലൂടെയാണ് ഗോപിക തെന്നിന്ത്യയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചേരന്‍റെ ‘ഓട്ടോഗ്രാഫി’ലൂടെ നായിക എന്ന നിലയിലും വിടര്‍ന്ന കണ്ണുകളുളള ഈ ശാലീന സുന്ദരി ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ നായികയാകാനും ഗോപികക്ക് ചെറിയ കാലഘട്ടത്തിനുള്ളില്‍ അവസരം ലഭിച്ചു.
നായികാ വേഷത്തില്‍ അല്ലെങ്കിലും മോഹന്‍ലാലിനൊപ്പം ‘കീര്‍ത്തിചക്ര’യില്‍ അഭിനയിച്ചു. അണ്ണന്‍ തമ്പി, മായാവി തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ നായികയായിരുന്നു. പച്ചക്കുതിരയിലും ചാന്ത് പൊട്ടിലും ദിലീപിന്‍റെ നായികയായിരുന്നു. തമിഴിന് പുറകേ കന്നഡ, തെലുങ്ക് ചിത്രങ്ങളില്‍ നിന്നും ഗോപികക്ക് അവസരം ലഭിച്ചു.
ഗോപികക്ക് പകരം അനുജത്തി ?
വിവാഹത്തോടെ സിനിമയില്‍ നിന്ന് ഗോപിക പിന്മാറിയെങ്കിലും നടിയുടെ അനുജത്തി സിനിമയിലേക്ക് ഇറങ്ങാന്‍ കളം ഒരുങ്ങുന്നതായി വാര്‍ത്തയുണ്ട്. ഗോപികക്ക് ഒപ്പം മിക്ക ഷൂട്ടിങ്ങ് സ്ഥലങ്ങളിലും അനുഗമിക്കാറുള്ള ഗോപികയുടെ ഇളയ സഹോദരിയെ തേടി തമിഴില്‍ നിന്നും നിരവധി അവസരങ്ങള്‍ വരുന്നുണ്ട്.
മുന്‍ നിര താരങ്ങള്‍ പിന്മാറുമ്പോള്‍ അവരുടെ കുടുംബത്തില്‍ നിന്നും അടുത്ത തലമുറ എത്തുന്നത് സിനിമയില്‍ സ്വാഭാവികമാണ്. അനുജത്തിയെ തേടി അവസരങ്ങള്‍ എത്തുന്നുണ്ടെന്ന് ഗോപിക നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പഠനം പൂര്‍ത്തിയാക്കിയിട്ട് മാത്രമേ മറ്റ് കാര്യങ്ങള്‍ ശ്രദ്ധിക്കു എന്നാണ് ഗോപികയുടെ നിലപാട്.