കമല്‍ഹാസനും ഗൌതമിയും വേര്‍‌പിരിഞ്ഞു!

ചൊവ്വ, 1 നവം‌ബര്‍ 2016 (15:55 IST)
13 വര്‍ഷക്കാലത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം കമല്‍ഹാസനും ഗൌതമിയും വേര്‍‌പിരിഞ്ഞു. ഗൌതമി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്‍റെ ജീവിതത്തിലെ ഏറ്റവും ദുഃഖഭരിതമായ കാര്യമാണ് ഈ വേര്‍‌പിരിയല്‍ എന്നാണ് ഗൌതമി ഇക്കാര്യത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
 
ഒരുമിച്ച് ജീവിക്കുമ്പോള്‍ രണ്ടുപേര്‍ക്കും തീര്‍ത്തും വ്യത്യസ്തമായ രണ്ടുവഴിയാണെന്ന് ബോധ്യപ്പെട്ടാല്‍ പിന്നെ ഒന്നുകില്‍ അതിനോട് പൊരുത്തപ്പെട്ട് സ്വപ്നങ്ങളെല്ലാം മൂടിവച്ച് ജീവിക്കുക അല്ലെങ്കില്‍ ഒറ്റയ്ക്ക് ജീവിതം മുന്നോട്ട് നയിക്കാന്‍ തയ്യാറാവുക എന്നതാണ്. ഒരുപാട് കാലത്തെ ആലോചനയ്ക്ക് ശേഷമാണ് ഹൃദയഭേദകമായ ഈ തീരുമാനത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് - ഗൌതമി വെളിപ്പെടുത്തുന്നു.
 
ആരെയെങ്കിലും കുറ്റപ്പെടുത്തുകയോ സഹതാപം പിടിച്ചുപറ്റുകയോ എന്‍റെ ലക്‍ഷ്യമല്ല. ഇത് അനിവാര്യമായ മാറ്റമാണെന്ന് ഞാന്‍ മനസിലാക്കുന്നു. ജീവിതത്തിന്‍റെ ഈ ഘട്ടത്തില്‍ ഇത്തരമൊരു തീരുമാനമെടുക്കുക എന്നത് ഏതൊരു സ്ത്രീയ്ക്കും ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ അത് എനിക്കിപ്പോള്‍ അത്യാവശ്യമായി വന്നിരിക്കുന്നു. ഒരു അമ്മ എന്ന നിലയില്‍ എന്‍റെ കുട്ടിക്കാവശ്യമായ കാര്യങ്ങള്‍ ചെയ്യുക, ഏറ്റവും നല്ല അമ്മയായിരിക്കുക എന്നതാണ് ഇപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിനായി എനിക്ക് സമാധാനമുണ്ടാവുക അത്യാവശ്യമാണ്.
 
ഞാന്‍ സിനിമയില്‍ വരുന്നതിന് മുമ്പും ശേഷവും എപ്പോഴും ഒരു കമല്‍ഹാസന്‍ ആരാധികയാണ് എന്നത് ഒരു രഹസ്യമല്ല. അദ്ദേഹത്തിന്‍റെ നേട്ടങ്ങളും വെല്ലുവിളികളും നിറഞ്ഞ ജീവിതത്തില്‍ ഒപ്പം നിന്നത് വളരെ സവിശേഷതയാര്‍ന്ന മുഹൂര്‍ത്തങ്ങളായിരുന്നു എനിക്ക്. അദ്ദേഹത്തിന്‍റെ സിനിമകളില്‍ വസ്ത്രാലങ്കാരം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്‍റെ ക്രിയേറ്റീവായ കാഴ്ചപ്പാടുകളോട് നീതിപുലര്‍ത്താന്‍ കഴിഞ്ഞു എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. കമല്‍ഹാസനില്‍ നിന്ന് ഇനിയും ഒരുപാട് അത്ഭുതങ്ങള്‍ വരാനുണ്ട്. അത്തരം വിസ്മയങ്ങള്‍ക്കായി ഞാന്‍ ആശംസിക്കുന്നു. 
 
കഴിഞ്ഞ 29 വര്‍ഷമായി ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന സ്നേഹം ഈ ഇരുണ്ടതും വേദന നിറഞ്ഞതുമായ ദിവസങ്ങളെ തരണം ചെയ്യാന്‍ കരുത്തുപകരുമെന്ന് വിശ്വാസം പ്രകടിപ്പിച്ചുകൊണ്ടാണ് ഗൌതമിയുടെ കുറിപ്പ് അവസാനിക്കുന്നത്.

വെബ്ദുനിയ വായിക്കുക