ഉദ്ദേശിച്ചത് മമ്മൂട്ടിയേയോ ലാലിനേയോ അല്ല: ശ്രീനിവാസന്‍

തിങ്കള്‍, 16 ജനുവരി 2012 (14:08 IST)
PRO
PRO
പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രീനിവാസന്‍ കളിയാക്കാന്‍ ശ്രമിക്കുന്നത് ആരെയാണെന്ന് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ചിന്തിക്കാതിരിക്കില്ല. ശ്രീനിയുടെ വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ ചെന്ന് തറയ്ക്കുന്നത് മലയാളത്തിലെ താരരാജാക്കന്മാരുടേയും അവരുടെ ആരാധകരുടേയും നെഞ്ചില്‍ തന്നെയായാണെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.

പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ഏതൊരു പ്രേക്ഷകനും മമ്മൂട്ടിയേയും മോഹലാലിനേയും ഓര്‍ത്തില്ലേങ്കിലേ അത്ഭുതമുള്ളൂ. ലഫ്റ്റനന്റ് കേണല്‍ പദവി കിട്ടാന്‍ സരോജ്കുമാര്‍ നടത്തുന്ന അഭ്യാസങ്ങള്‍, ആദായനികുതി റെയ്ഡിന് ശേഷം സരോജിന്റെ വീട്ടില്‍ നിന്ന് കാളക്കൊമ്പ് പിടിച്ചെടുക്കുമ്പോള്‍, “അത് ആനക്കൊമ്പാണെന്നേ നിങ്ങള്‍ പറയാവൂ, അല്ലെങ്കില്‍ എന്‍റെ മാനം പോവും“ എന്ന് പറയുന്ന രംഗങ്ങളെല്ലാം കാണുമ്പോഴും താരരാജാക്കന്മാരുടെ മുഖം തന്നെയാണ് മിന്നിമായുന്നത്.

എന്നാല്‍ മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ വ്യക്‌തിപരമായി വിമര്‍ശിച്ചിട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ച ശ്രീനിവാസന്‍. തനിക്ക്‌ പറയാനുള്ള കാര്യങ്ങള്‍ പുതിയ സിനിമയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും സരോജ്കുമാറായി എത്തിയ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഒരു പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മറ്റൊരാളെ വേദനിപ്പിക്കുന്നതോ കുത്തിനോവിക്കുന്നതോ തന്റെ പ്രവര്‍ത്തനമണ്ഡലത്തില്‍ പെടുന്നതല്ലെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ക്കുന്നു.

വെബ്ദുനിയ വായിക്കുക