ആഷിന് ഇനിയും മെലിയണം!

PTIPTI
സ്വതവേ അധികം മേദസ്സില്ലാത്ത ശരീരമാണ് ഐശ്വര്യ റായിയുടേത്. പ്രശസ്ത തമിഴ് ഹിറ്റ്‌മേക്കര്‍ സംവിധായകന്‍ ശങ്കറിന്‍റെ അഭിപ്രായത്തില്‍ ആഷ് ഇനിയും മെലിയണമത്രേ!

ശിവാജിക്കു ശേഷം ശങ്കര്‍ സംവിധാനം ചെയ്യുന്ന റോബോട്ട് എന്ന ചിത്രത്തില്‍ രജനീകാന്തിന്‍റെ നായികയാവുന്നത് ഐശ്വര്യ റായി ബച്ചനാണ്. ഇതിലെ അഭിനയത്തിനായി ആഷ് ആറ് കിലോ ഭാരം കുറയ്ക്കണമെന്നാണ് ശങ്കര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

റോബോട്ടില്‍ ആഷിന് ചില സ്റ്റണ്ട് രംഗങ്ങളിലും അഭിനയിക്കേണ്ടി വരുമെന്നാണ് സൂചന. ഇതിനായി ശരീരം ഒരുക്കിയെടുക്കുകയാണ് ശങ്കറിന്‍റെ ലക്‍ഷ്യം. നേരത്തെ രജനീകാന്ത് അഭിനയിച്ച ശിവാജിയിലും കമല്‍ ഹസന്‍റെ ഹിന്ദുസ്ഥാനിയിലും പൂര്‍ണതയ്ക്ക് വേണ്ടി ശങ്കര്‍ കടുത്ത നിലപാടുകള്‍ നടപ്പിലാക്കിയിരുന്നു.

ജോധാ അക്ബറിലെ അഭിനയത്തിനു വേണ്ടി അല്‍പ്പം തടിച്ചു എന്ന് ആഷ് സമ്മതിക്കുന്നു. ഇപ്പോള്‍, ശങ്കറിന്‍റെ ഉപദേശം ശിരസ്സാവഹിക്കുന്ന ഈ മുന്‍ ലോകസുന്ദരി ജിമ്മില്‍ കൂടുതല്‍ സമയം ചെലവഴിച്ചു തുടങ്ങി. കൂടാതെ, പെട്ടെന്ന് തടി കുറയാന്‍ വേണ്ടി ഇപ്പോള്‍ സൂപ്പ് പോലെയുള്ള ആഹാരങ്ങള്‍ മാത്രമാണ് കഴിക്കുന്നതെന്നും ഇവരോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ശാരീരിക വൈകല്യമുള്ള തന്‍റെ കുട്ടിയുടെ സംരക്ഷണത്തിനായി ഒരു ശാസ്ത്രജ്ഞന്‍ ഒരു യന്ത്രമനുഷ്യനെ നിര്‍മ്മിക്കുന്നു. ഈ യന്ത്രമനുഷ്യന്‍ പലരുടെയും കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചു എന്ന് അറിഞ്ഞപ്പോള്‍ അയാള്‍ തന്നെ അതിനെ ഇല്ലാതാക്കുന്നതാണ് കഥയുടെ സാരാംശമെന്ന് കോളിവുഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

നൂറ് കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജനിയും ആഷും റെക്കോഡ് പ്രതിഫലം സ്വന്തമാക്കുമെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക