ആറ് മുതല്‍ അറുപത് വരെ, മോഹന്‍ലാലിന് പുതിയ മുഖം

ശനി, 25 ഓഗസ്റ്റ് 2012 (16:29 IST)
PRO
PRO
ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ഒപ്പം നില്‍ക്കുന്ന അനേകം കഥാപാത്രങ്ങള്‍ നടന്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചിട്ടുണ്ട്. വ്യത്യസ്തതയുള്ള കഥാപാത്രങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുക്കുകയാണ് അദ്ദേഹം ഈ വര്‍ഷം. സ്പിരിറ്റിലും ഗ്രാന്റ് മാസ്റ്ററിലും പ്രേക്ഷകര്‍ കണ്ട മോഹന്‍ലാല്‍ മാജിക് ‘റണ്‍ ബേബി റണ്‍’ എന്ന ഓണചിത്രത്തിലും പ്രതീക്ഷിക്കുന്നുണ്ട്.

ജോണി ആന്റണി ഒരുക്കുന്ന ‘ആറ് മുതല്‍ അറുപത് വരെ’ എന്ന ചിത്രത്തിലും മോഹന്‍ലാല്‍ കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെയാണ് പ്രമേയവും. ഒരു വ്യക്തിയുടെ ആറ് മുതല്‍ അറുപത് വയസ്സുവരെയുള്ള ജീവിതമാണ് കഥ.

വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ആ വ്യക്തി നേരിടുന്ന പ്രതിസന്ധികളും നിശ്ചയദാര്‍ഢ്യത്തോടെ അവയെ നേരിട്ട് മുന്നോട്ട് പോകുന്നതുമൊക്കെയാണ് ചിത്രത്തിലുള്ളത്. ഇത് ഒരു എന്റര്‍ടെയ്നര്‍ ആയിരിക്കും എന്ന് സംവിധായകന്‍ ജോണി ആന്റണി ഉറപ്പുതരുന്നു. ഏറെ സങ്കീര്‍ണ്ണതകളുള്ള കഥാപാത്രമാണ് മോഹന്‍ലാലിന്റേത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ ഒരു ബാലനെ തേടുകയാണ് അദ്ദേഹം ഇപ്പോള്‍. അഞ്ചിനും പത്തുവയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടിയെയാണ് തേടുന്നത്. മോഹന്‍ലാല്‍ എത്രാമത്തെ വയസ്സ് മുതലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക എന്ന് ജോണി ആന്റണി വ്യക്തമാക്കിയില്ല.

കേരളം, പൊള്ളാച്ചി, മുംബൈ എന്നിവിടങ്ങളിലാണ് ചിത്രത്തില്‍ ലൊക്കേഷന്‍. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങും.

വെബ്ദുനിയ വായിക്കുക