ആറായിരം പേര്‍ തമ്മിലടിച്ചു, ചെലവ് നാലുകോടി!

ചൊവ്വ, 12 ഫെബ്രുവരി 2013 (21:42 IST)
PRO
ഒരു സിനിമയുടെ സ്റ്റണ്ട് രംഗത്തില്‍ പങ്കെടുത്തത് ആറായിരം പേര്‍. സ്റ്റണ്ട് രംഗം ചിത്രീകരിക്കാന്‍ മാത്രം ചെലവ് നാലുകോടി രൂപ. ജയം രവിയും ത്രിഷയും ജോഡിയാകുന്ന ‘ഭൂലോകം’ എന്ന തമിഴ് ചിത്രത്തിലാണ് ഈ ബ്രഹ്മാണ്ഡ ആക്ഷന്‍ സീക്വന്‍സ് ഉള്ളത്.

ഒരു ബോക്സറുടെ ജീവിതകഥയാണ് ഭൂലോകം പറയുന്നത്. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. നവാഗതനായ എന്‍ കല്യാണകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ ‘ട്രോയ്’ താരം നഥാന്‍ ജോണ്‍സും അഭിനയിക്കുന്നു.

രജനികാന്തിന്‍റെ കൊച്ചടിയാന്‍റെ സ്റ്റണ്ട് സംവിധായകനായ മിറാക്കിള്‍ മിഖായേലാണ് ഭൂലോകത്തിന്‍റെ ആക്ഷന്‍ കോറിയോഗ്രഫി. ജയം രവിയും വില്ലന്‍ അര്‍പീത് രങ്കയും തമ്മിലുള്ള സ്റ്റണ്ട് രംഗത്തിലാണ് ആ‍റായിരം പേര്‍ പങ്കെടുത്തത്.

തിരുവണ്ണാമലൈയില്‍ വച്ചാണ് ഈ മാസ് ഫൈറ്റ് സീന്‍ ചിത്രീകരിച്ചത്. തിരുവണ്ണാമലൈയിലെ പല കോളജുകളില്‍ നിന്നുള്ള നാലായിരത്തിലധികം വിദ്യാര്‍ത്ഥികള്‍, ചെന്നൈയില്‍ നിന്നുള്ള 1000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, ചെന്നൈയില്‍ നിന്നുള്ള 150 അത്‌ലറ്റുകള്‍, വിവിധ കോളജുകളില്‍ നിന്നുള്ള അഞ്ഞൂറിലധികം കായികതാരങ്ങള്‍ എന്നിവരാണ് ഈ സ്റ്റണ്ട് രംഗത്തില്‍ പങ്കെടുത്തത്.

അര്‍പീത് രങ്ക, ഷണ്മുഖരാജന്‍, പൊന്‍‌വണ്ണന്‍ തുടങ്ങിയവരും ബോക്സര്‍മാരായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ആസ്കാര്‍ രവിചന്ദ്രനാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. പ്രകാശ് രാജ്, ഗഞ്ചാ കറുപ്പ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വെബ്ദുനിയ വായിക്കുക