ആരാണ് തലൈവന്‍?

ശനി, 7 ഫെബ്രുവരി 2009 (10:45 IST)
PROPRO
മോഹന്‍ലാലോ കമലഹാസനോ മികച്ച നടന്‍? ഇരുവരുടെയും ആരാധകര്‍ക്ക് വാദപ്രതിവാദങ്ങള്‍ക്കുള്ള ഒരു ചോദ്യമാണിത്. രണ്ടുപേരുടെയും വിസ്മയ പ്രകടനങ്ങള്‍ പതിറ്റാണ്ടുകളായി ഇന്ത്യന്‍ സിനിമ കണ്ടുകൊണ്ടിരിക്കുകയാണ്. പുതിയ പുതിയ അത്ഭുതങ്ങള്‍ ഒളിപ്പിച്ചാണ് ഇവരുടെ ഓരോ പുതിയ സിനിമയും ഇറങ്ങുന്നത്.

ഇപ്പോഴിതാ, ഇവരുടെ പ്രകടനങ്ങള്‍ പരിശോധിക്കാനും താരതമ്യപ്പെടുത്താനും ഒരു അവസരം. നവാഗതനായ ചക്രി സംവിധാനം ചെയ്യുന്ന ‘തലൈവന്‍ ഇരുക്കിന്‍‌റാന്‍’ എന്ന സിനിമയില്‍ കമലഹാസനും മോഹന്‍ലാലും നായകന്‍‌മാരാകുന്നു. ബോളിവുഡില്‍ തരംഗം സൃഷ്ടിച്ച ‘എ വെനസ്‌ഡേ’ എന്ന സിനിമയുടെ റീമേക്കാണിത്.

വെനസ്ഡേയില്‍ നസിറുദ്ദീന്‍ ഷാ അവതരിപ്പിച്ച കഥാപാത്രത്തെ കമലഹാസനും അനുപം ഖേര്‍ അവതരിപ്പിച്ച വേഷം മോഹന്‍ലാലും കൈകാര്യം ചെയ്യുന്നു. മോഹന്‍ലാല്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും കമലഹാസന്‍ ഒരു തീവ്രവാദിയുമായാണ് അഭിനയിക്കുന്നത്.

നഗരത്തിലെ പലഭാഗങ്ങളില്‍ ബോംബു വയ്ക്കുകയും അതിന് ശേഷം അക്കാര്യം പൊലീസിനെ വിളിച്ചറിയിക്കുകയും ചെയ്യുകയാണ് തീവ്രവാദി. ബോംബുകള്‍ കണ്ടെത്താനും തീവ്രവാദിയെ കുടുക്കാനും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഒരുങ്ങിയിറങ്ങുന്നു. മോഹന്‍ലാലും കമലഹാസനും തമ്മിലുള്ള ഒരു ‘ക്യാറ്റ് ആന്‍റ് മൌസ്’ കളിയാണ് ചിത്രത്തിന്‍റെ കാതല്‍.

ഈ മാസം 25നാണ് തലൈവന്‍ ഇരുക്കിന്‍‌റാന്‍ ചിത്രീകരണം ആരംഭിക്കുന്നത്. ലാലും കമലും ഇത് ആദ്യമായാണ് ഒരുമിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പൊലീസ് വേഷം ആദ്യം മമ്മൂട്ടിയെ ഏല്‍പ്പിക്കാനാണ് ആലോചിച്ചതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

വെബ്ദുനിയ വായിക്കുക