ജെയിംസ് കാമറൂണിന്‍റെ ത്രീഡി ചിത്രമായ അവതാര്‍ തകര്‍ത്തോടുകയാണ്. ഓസ്കാര്‍ നേടിയ ടൈറ്റാനിക്കിന്‍റെ അന്താരാഷ്ട്ര കളക്ഷന്‍ റെക്കോര്‍ഡ് അവതാര്‍ മറികടന്നതായാണ് പുതിയ റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ബോക്സ് ഓഫീസില്‍ ഇതുവരെ അവതാര്‍ വാരിക്കൂട്ടിയത് 1.29 ബില്യന്‍ ഡോളറാണ്. 1.24 ബില്യന്‍ ഡോളറായിരുന്നു ടൈറ്റാനിക്കിന്‍റെ കളക്ഷന്‍. ഇതോടെ ഹോളിവുഡിലെ പുതിയ കളക്ഷന്‍ റെക്കോര്‍ഡ് അവതാറിന്‍റെ പേരിലായി.
ആഭ്യന്തര, ലോക ബോക്സ് ഓഫീസുകളില്‍ നിന്ന് ടൈറ്റാനിക് മൊത്തത്തില്‍ 1.848 ബില്യന്‍ ഡോളര്‍ നേടിയിരുന്നു. എന്നാല്‍, ഇപ്പോഴും പ്രദര്‍ശനം തുടരുന്ന അവതാര്‍ ഈ റെക്കോര്‍ഡ് അതിവേഗം മറികടക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ 36 മില്യന്‍ ഡോളറാണ് അവതാറിന്‍റെ കളക്ഷന്‍. ആഭ്യന്തര സിനിമാ വിപണിയില്‍ നിന്ന് ഇതുവരെ 552.8 മില്യന്‍ ഡോളര്‍ അവതാര്‍ നേടിക്കഴിഞ്ഞു.
ആഭ്യന്തര കളക്ഷനില്‍ ദി ഡാര്‍ക് നൈറ്റിന്‍റെ രണ്ടാം സ്ഥാനം ശനിയാഴ്ച തന്നെ അവതാര്‍ തട്ടിയെടുത്തിരുന്നു. മഹത്തായ നാഴികക്കല്ല് എന്നാണ് അവതാറിന്‍റെ വിജയത്തെ നിര്‍മ്മാതാക്കളായ ഫോക്സ് വിശേഷിപ്പിച്ചത്. “അതിശയിപ്പിക്കുന്ന സവാരിയാണ് സിനിമ നടത്തുന്നത്. ആഗോള തലത്തില്‍ പ്രേക്ഷകരെ നേടാന്‍ സിനിമയ്ക്കായി എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്” - ഫോക്സ് എക്സിക്യൂട്ടീവ് ക്രിസ് അരോണ്‍സണ്‍ പറഞ്ഞു.
ഇന്ത്യയില്‍ നിന്നും മികച്ച കളക്ഷനാണ് അവതാര്‍ നേടിയത്. ടൈറ്റാനിക്കിന്‍റെ റെക്കോര്‍ഡ് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ അവതാര്‍ മറികടന്നിരുന്നു. ടൈറ്റാനിക് പത്ത് വഷം മുന്‍പ് ഇന്ത്യയില്‍ നിന്ന് ആകെ വാരിക്കൂട്ടിയ 55 കോടി രൂപയുടെ സ്ഥാനത്ത് വെറും മൂന്നാഴ്ച പിന്നിട്ടപ്പോള്‍ അവതാര്‍ 70 കോടി രൂപ നേടി. കേരളത്തില്‍ ചട്ടമ്പിനാട്, ഇവിടം സ്വര്‍ഗമാണ് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഉള്ളതിനേക്കാള്‍ ജനക്കൂട്ടമാണ് അവതാര്‍ പ്രദര്‍ശിപ്പിക്കുന്ന കേന്ദ്രങ്ങളില്‍ അനുഭവപ്പെടുന്നത്.