അമല പോളിന്‍റെ ‘ഹോട്ട്’ ചിത്രം, മോര്‍ഫ് ചെയ്തതെന്ന് സംവിധായകന്‍!
വ്യാഴം, 21 ജൂലൈ 2011 (18:05 IST)
PRO
അമല പോള്‍ ശരിക്കും കുടുങ്ങിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇങ്ങനെയൊരു ചതി, അതും ഈ സമയത്ത് താരം തീരെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. തമിഴകത്ത് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന അമലാ പോളിനെ വെട്ടില്‍ വീഴ്ത്തിയിരിക്കുന്നത് അമലയുടെ ആദ്യചിത്രം തന്നെയാണ് - സിന്ധു സമവെളി!
മൈന, ദൈവത്തിരുമകള്‍ എന്നീ സിനിമകളിലൂടെ അമലാ പോള്‍ കോളിവുഡില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു. കഴിഞ്ഞ വാരം പ്രദര്‍ശനത്തിനെത്തിയ ദൈവത്തിരുമകള്‍ ഹിറ്റായതോടെ വലിയ നായകന്‍മാരുടെ സിനിമകളിലേക്ക് അമല ക്ഷണിക്കപ്പെടാനുള്ള സാധ്യതയേറി. അപ്പോഴാണ് ഇടിത്തീ പോലെ ‘സിന്ധു സമവെളി’യുടെ രണ്ടാം വരവ്!
ദൈവത്തിരുമകള്‍ക്കൊപ്പം തന്നെ സിന്ധു സമവെളി വീണ്ടും പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. അതിലെന്താണ് കുഴപ്പം എന്നാണോ? ചെറിയ കുഴപ്പമുണ്ട്. ചിത്രത്തിന് പോസ്റ്ററില്‍ ‘സിന്ധു’ എന്ന് വലിയ അക്ഷരത്തിലും ‘സമവെളി’ എന്ന വാക്ക് കാണാന്‍ പോലും പറ്റാത്ത രീതിയിലും പ്രിന്‍റ് ചെയ്തിരിക്കുന്നു. മാത്രമല്ല, അമല പോളിന്‍റെ വളരെ സെക്സിയായ ഒരു ചിത്രമാണ് പോസ്റ്ററുകളില്‍ ചേര്‍ത്തിരിക്കുന്നത്.
പോസ്റ്റര്‍ കാണുന്നവര്‍ക്ക് ഇതൊരു അശ്ലീല ചിത്രമാണെന്ന് തോന്നലുണ്ടാകുമെന്ന് സാരം. പ്രമേയപരമായി ഏറെ വിവാദം സൃഷ്ടിച്ച സിനിമയായിരുന്നു സിന്ധു സമവെളി. അമ്മായിയച്ഛനും മരുമകളും തമ്മിലുള്ള സവിശേഷമായ ബന്ധത്തിന്‍റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. എന്നാല്‍ അതിരുവിട്ട ശരീര പ്രദര്‍ശനമോ ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളോ ചിത്രത്തിലുണ്ടായിരുന്നില്ല. പ്രമേയത്തിന്‍റെ പ്രത്യേകതയാണ് ചിത്രത്തെ ചര്‍ച്ചാവിഷയമാക്കിയത്.
എന്നാല്‍ ചിത്രം റീ റിലീസ് ചെയ്തത് ശരിയായ ഉദ്ദേശത്തിലല്ലെന്ന് വ്യക്തമാണ്. ‘സിന്ധു’ എന്ന പേരില്‍ ഒരു അശ്ലീല ചിത്രം എന്നാണ് പോസ്റ്റര്‍ കാണുമ്പോള്‍ തോന്നുക. തമിഴകത്തെ താരറാണിയാകാനൊരുങ്ങുന്ന അമലാ പോളിന് ഇത് തിരിച്ചടിയായി.
പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്ന സെക്സി ചിത്രത്തില്‍ അമലാ പോളിന്‍റെ മുഖം മോര്‍ഫ് ചെയ്ത് ചേര്‍ത്തിരിക്കുകയാണെന്ന് സിന്ധു സമവെളിയുടെ സംവിധായകന്‍ സാമി കുറ്റപ്പെടുത്തി. സിനിമ വീണ്ടും റിലീസ് ചെയ്യുന്ന വിവരം സാമിയെ പോലും അറിയിച്ചിരുന്നില്ല.
“ചിത്രത്തിന്‍റെ പ്രകോപനപരമായ പോസ്റ്ററുകള്‍ കണ്ടപ്പോള്‍ എനിക്ക് ഞെട്ടലാണുണ്ടായത്. സിന്ധു സമവെളി വീണ്ടും റിലീസ് ചെയ്യുന്ന കാര്യം പോലും ഞാന്‍ അറിഞ്ഞിരുന്നില്ല. സിനിമയുടെ നിര്‍മ്മാതാവ് മൈക്കേല്‍ രായപ്പനെ ഞാന്‍ ഉടന്‍ തന്നെ വിളിച്ചു. എന്നാല്‍ അദ്ദേഹം പറഞ്ഞത് ചിത്രത്തിന്‍റെ അവകാശം അദ്ദേഹം മറ്റാര്‍ക്കോ വിറ്റു എന്നാണ്” - സാമി പറയുന്നു.