ക്രിസ്മസിന്‍റെ സുവിശേഷം

ക്രിസ്തുമസ്സിന്‍റെ ചരിത്രം നാലായിരം വര്‍ഷം പഴക്കമുള്ളതാണ്. ഉണ്ണിയേശു ജനിക്കുന്നതിന് നൂറ്റാണ്ടുകള്‍ മുന്‍പ് തന്നെ ക്രിസ്തുമസ്സിന് ഇന്ന് നടത്തുന്ന എല്ലാ ആഘോഷങ്ങളും ലോകം ആനന്ദപൂര്‍വം ആഘോഷിച്ചിരുന്നു.

പന്ത്രണ്ട് ദിവസത്തെ ആഘോഷങ്ങളാണ് അന്ന് നടത്തിയിരുന്നത്. മെസപ്പൊട്ടോമിയന്‍ സംസ്കാരത്തിന്‍െറ ആദ്യകാലങ്ങളില്‍ത്തന്നെ ദൈവനാമങ്ങള്‍ ഉച്ചരിച്ച് വീടുകള്‍ തോറും സഞ്ചരിക്കുക, ആഘോഷങ്ങള്‍ നടത്തുക സമ്മാനങ്ങള്‍ നല്‍കുക, വിരുന്നുകള്‍ നടത്തുക ഇവയെല്ലാം നടത്തിവന്നു.

മര്‍സക് - നന്മയുടെ ദൈവം

മെസപ്പൊട്ടോമിയന്‍ ജനത വിവിധ ദൈവങ്ങളെ ആരാധിച്ചിരുന്നുവെങ്കിലും അവരുടെ പ്രധാന ആരാധനമൂര്‍ത്തിയായിരുന്നു മര്‍സക്. ഓരോ ശൈത്യകാലം വരുന്പോഴും മര്‍സക് ദൈവം തിന്മയുടെ മൂര്‍ത്തികളുമായി യുദ്ധം ചെയ്തുവെന്നായിരുന്നു സങ്കല്പം. ഇതുമായി ബന്ധപ്പെട്ടാണ് പന്ത്രണ്ട് ദിവസത്തെ ആഘോഷങ്ങള്‍ നടത്തിയിരുന്നത്. പുതുവര്‍ഷവുമായി ബന്ധപ്പെട്ടായിരുന്നു ഈ ആഘോഷങ്ങള്‍.

ഒരു ദിവസത്തെ രാജാവ്

പേര്‍ഷ്യക്കാരും ബാബിലോണിയക്കാരും, "സക്കായിയ' എന്ന പേരില്‍ ക്രിസ്തുമസ്സിനോട് സാദൃശ്യമുള്ള ആഘോഷങ്ങള്‍ നടത്തിയിരുന്നു. വളരെ വിചിത്രമായ ഒരു ആചാരം അന്ന് നിലവിലുണ്ടായിരുന്നു. ഒരു ദിവസത്തേക്ക് അടിമകള്‍ ഉടമകളുടെ സ്ഥാനം വഹിക്കുകയും ഉടമകള്‍ അടിമകളെ പോലെ ജീവിക്കുകയും ചെ-യ്യു-മാ-യി-രു-ന്നു..

സൂര്യന്‍ എവിടെ....?

ശിശിരകാലം വന്നു കഴിഞ്ഞാല്‍ സൂര്യന്‍ പ്രത്യക്ഷപ്പെടുകയില്ല എന്ന ശക്തമായ ഭയം യൂറോപ്പുകാരെ വല്ലാതെ ഉലച്ചിരുന്നു. ദുഷ്ടാത്മാക്കളും ദുര്‍മന്ത്രവാദിനികളും ചേര്‍ന്ന് സുര്യന്‍റെ വരവിനെ തടയുന്നുവെന്നാണ് അവര്‍ ധരിച്ചിരുന്നത്. ഈ ദുരാത്മാക്കളുടെ ശക്തി ക്ഷയിപ്പിക്കാനായി ക്രിസ്തുമസ്സ് കരോള്‍ പോലെ ദൈവ സങ്കീര്‍ത്തനങ്ങള്‍ പാടി രാത്രികളില്‍ അവര്‍ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു.

ഗ്രീക്കുകാര്‍-ക്കും, റോമാക്കാര്‍-ക്കും ഡിസംബര്‍ പകുതിയില്‍ത്തുടങ്ങി, ജനുവരി ആദ്യം അവസാനിക്കുന്ന ആഘോഷങ്ങളുണ്ടായിരുന്നു. പേര്‍ഷ്യക്കാര്‍ക്കും ഡിസംബര്‍ 25 വളരെ വിശേഷമുള്ള ദിവസമായിരുന്നു. ക്രിസ്തുമതം പ്രചരിച്ച ശേഷം ആ ദിവസം ശനിദേവന്‍റെ ജന്മനക്ഷത്രത്തിന്‍റെ ആഘോഷത്തില്‍ നിന്ന് യേശുവിന്‍റെ ജനനം സംബന്ധിച്ച ഉത്സവമായി മാറി.

ക്രിസ്തു ജനിച്ചത് എന്നാണെന്ന് കൃത്യമായ രേഖകളില്ല. 98 എഡി മുതല്‍ ക്രിസ്തുമസ് ഇന്നത്തേതു പോലെ ആഘോഷിച്ച് വരുന്നുവെന്ന് ചരിത്രം പറയുന്നു. 350 എഡി യില്‍ റോമന്‍ ബിഷപ്പായ ജൂലിയസ് ഒന്നാമനാണ് ഡിസം. 25 ക്രിസ്തുവിന്‍റെ ജന്മദിനമായി നിശ്ചയിച്ചത്.


വെബ്ദുനിയ വായിക്കുക