ക്രിസ്മസിനെ പറ്റി

ലോകമെന്പാടും എല്ലാവര്‍ഷവും ക്രിസ്തുവിന്‍റെ പുല്‍കൂട്ടിലെ എളിയ ജനനം വളരെ ആഘോഷത്തോടെതന്നെ കൊണ്ടാടുന്നു. ഓരോ വര്‍ഷവും ആഘോഷങ്ങള്‍ക്ക് പുതുമ ഏറുന്നു എന്നുതന്നെ പറയാം.

എന്നാല്‍ എല്ലാ വര്‍ഷവും ക്രിസ്സ്മസ്സ്ന് ഓര്‍മ്മയില്‍ തെളിഞ്ഞു വരുന്നത് കൊച്ചുകുട്ടിയായിരുന്ന കാലത്ത് നാട്ടില്‍പുറത്തെ ആഹ്ളാദപരമായ ക്രിസ്സ്മസ്സ് ആഘോഷവും ക്രിസ്സ്മസ്സ് മെസേജും ആണ്. ക്രിസ്സ്മസ്സിന്‍റെ തലേരാവില്‍ ഉറക്കമെ ഇല്ല.

കാരണം പല പള്ളീകളില്‍നിന്നും സഭാവ്യത്യാസമില്ലാതെ കാരോള്‍ സംഘം കരോള്‍ ഗാനം ആലപിക്കാന്‍ വരും. അവര്‍ എല്ലാ ക്രിസ്തീയ ഭവനങ്ങളിലും സഭാവ്യത്യാസമില്ലാതെ കയറിയിറങ്ങി ഉച്ചത്തില്‍ കരോള്‍ ഗാനം ആലപിക്കും. അവര്‍ക്ക് കൊടുക്കുന്ന കാപ്പിസല്‍ക്കാരം അവരോടൊത്തുള്ള പൂത്തിരികത്തിപ്പ് എന്നിവയെല്ലാം ഇന്നും ഓര്‍ക്കാന്‍ രസമുള്ളകാര്യങ്ങളാണ്.

എന്നാല്‍ ഏറ്റവും ഹൃദയസ്പര്‍ശിയായ ഒരു കാര്യം ക്രിസ്സ്മസ്സ് കരോള്‍ സംഘം എല്ലാ വീടുകളില്‍നിന്നും ഇറങ്ങുന്നതിനുമുന്‍പ് ഒരു ക്രിസ്സ്മസ്സ് സന്ദേശവും കൂടി ഉച്ചത്തില്‍ ആലപിക്കും. ""അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം''

അന്നൊക്കെ അതിന്‍റെ അര്‍ത്ഥവ്യാപ്തി അറിയില്ലായിരുന്നെങ്കിലും ഞങ്ങള്‍ കൊച്ചുകുട്ടികളും ആ വരികള്‍ ഉച്ചത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പാടുമായിരുന്നു. ഈ ക്രിസ്സ്മസ്സ് സന്ദേശം ക്രിസ്തു ജനിച്ച രാത്രിയില്‍ ദൈവദൂത സംഘം ദൈവത്തെ പുകഴ്ത്തിയ വരികളാണ് (ലൂക്ക് 2.14).

ഭൂമിയിലെ അസമാധാനം മാറ്റുവാന്‍ ദൈവപ്രസാദമുള്ളവരായി മനുഷ്യര്‍ തീരുവാന്‍ ക്രിസ്തുവിന്‍റെ ജനനം മുതലെ ദൈവം ആഗ്രഹിച്ചിരുന്നു എന്ന സത്യമാണ് ഈ സംശയത്തില്‍ നിന്ന് ഇന്ന് മനസ്സിലാക്കേണ്ടത്. ഇന്നത്തെ ജാതിയുടെ പേരിലും മതത്തിന്‍റെ പേരിലും ആരാധനാലയങ്ങളുടെ പേരിലും, സ്ഥാനമാനങ്ങളുടെ പേരിലുമുള്ള അസമാധാനം ഈ ""ദൈവപ്രസാദ'' മില്ലാത്തതു മൂലമല്ലെ എന്നോര്‍ത്തു പോകുന്നു.

വെബ്ദുനിയ വായിക്കുക