ഞാന്‍ എപ്പോഴും ആലോചിക്കാറുണ്ട്, എങ്ങനെയാണ് എംടിക്ക് ഇത്രയും ആഴത്തില്‍ കഥാപാത്രങ്ങളുടെ ആത്മസംഘര്‍ഷങ്ങളെ തിരക്കഥയില്‍ തന്നെ പ്രതിഫലിപ്പിക്കാന്‍ സാധിക്കുന്നതെന്ന് ! ഈ കഥാപാത്രങ്ങളുടെയെല്ലാം ജീവിത പരിസരങ്ങളിലൂടെ യഥാര്‍ഥ ജീവിതത്തില്‍ കടന്നുപോയതാകും എംടിയിലെ എഴുത്തുകാരന്റെ സമ്പത്ത്. അത് കേവലം ചെറുകഥയിലും നോവലുകളിലും ഒതുങ്ങി നിന്നില്ല, സിനിമയെന്ന വലിയ ലോകത്തേക്കും വേരിറക്കി.
പരിണയത്തിലെ കുഞ്ഞുണ്ണി നമ്പൂതിരി (മനോജ് കെ ജയന്‍ അവതരിപ്പിച്ച കഥാപാത്രം) എവിടെയൊക്കെയോ എംടി തന്നെയാണ്. തന്റെ അച്ഛന്റെ നാലാം വേളിയായി ഇല്ലത്തെത്തി മൂന്നുമാസം കൊണ്ട് വിധവയായി തീര്‍ന്ന 17 വയസുകാരിക്കു വേണ്ടി കുഞ്ഞുണ്ണി നമ്പൂതിരി പുനര്‍വിവാഹം ആലോചിക്കുന്ന രംഗം സിനിമയില്‍ ഉണ്ട്. അച്ഛന്‍ നമ്പൂരിക്ക് നാലും അഞ്ചും വേളിയാകാമെന്നും പതിനേഴുകാരി വിധവയായാല്‍ ശിഷ്ടകാലം ഇല്ലത്ത് ജീവിച്ചു തീര്‍ക്കണമെന്നുമുള്ള സമ്പ്രദായത്തിനെതിരെ വിരല്‍ ചൂണ്ടുന്നത് ഉണ്ണി നമ്പൂരിക്കൊപ്പം എംടി കൂടിയാണ്. അതുകൊണ്ടാണ് പതിഞ്ഞ സ്വരത്തില്‍ പോലും ഉണ്ണി നമ്പൂരി പറയുന്ന ഡയലോഗുകള്‍ക്ക് പ്രേക്ഷകന്റെ ഹൃദയത്തില്‍ തുളഞ്ഞു കയറാനുള്ള മൂര്‍ച്ഛ ലഭിക്കുന്നത്.
1994 ല്‍ പുറത്തിറങ്ങിയ സുകൃതത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്ന രവിശങ്കര്‍ എന്ന കഥാപാത്രത്തിനു എംടിയുടെ ആത്മകഥാംശം ഉണ്ട്. മരണത്തില്‍ നിന്നു സ്വന്തം ഇച്ഛാശക്തി കൊണ്ട് ജീവിതം തിരിച്ചുപിടിച്ച രവിശങ്കര്‍ പിന്നീട് സ്വയം ശപിക്കുന്നുണ്ട്. രവിശങ്കറിന്റെ ആത്മസംഘര്‍ഷങ്ങളെ മമ്മൂട്ടി അതിഗംഭീരമാക്കിയത് എംടിയുടെ തിരക്കഥയുടെ ആഴം കൊണ്ട് കൂടിയാണ്.
ഒരു വടക്കന്‍ വീരഗാഥ മലയാളത്തിലെ ക്ലാസിക് ആകുമ്പോഴും വര്‍ഷങ്ങള്‍ക്കു ശേഷവും ഉയര്‍ന്നു കേള്‍ക്കുന്ന വിമര്‍ശനം എംടി എഴുതിയ സംഭാഷണങ്ങളിലെ സ്ത്രീ വിരുദ്ധതയാണ്. എന്നാല്‍ ആ സ്ത്രീ വിരുദ്ധ വിമര്‍ശനങ്ങളെ അംഗീകരിക്കുമ്പോള്‍ പോലും എംടിയുടെ തിരക്കഥ ആ സിനിമയുടെ മര്‍മ പ്രധാനമാണെന്ന് വിമര്‍ശകരും സമ്മതിക്കും. വടക്കന്‍പാട്ടില്‍ ചതിയനായ ചന്തുവിനെയാണ് വടക്കന്‍ വീരഗാഥയില്‍ എംടി നായകനാക്കിയിരിക്കുന്നത്. ചന്തുവിന് പറയാന്‍ വേറൊരു കഥയുണ്ടെന്നും ആ കഥ ഇങ്ങനെയാണെന്നും വളരെ ധൈര്യത്തോടെയാണ് എംടി പറയുന്നത്. മാത്രമല്ല ചന്തു ചതിയനല്ലെന്നും ചുറ്റുമുള്ള മനുഷ്യരാല്‍ തെറ്റിദ്ധരിക്കപ്പെട്ടവനാണെന്നും പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ തിരക്കഥയ്ക്കു സാധിക്കുന്നുണ്ട്. അതിനാല്‍ തന്നെ സിനിമയെ സ്വപ്‌നം കാണുന്ന, തിരക്കഥ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാകാലത്തും ഒരു റഫറന്‍സ് പുസ്തകമാണ് എംടി..!