‘കണ്‍കള്‍ ഇരണ്ടാല്‍’ സംഗീത സംവിധായകന്‍ അപമാനിച്ചെന്ന് കേസ്
ശനി, 2 ഏപ്രില്‍ 2011 (17:30 IST)
PRO
സുബ്രഹ്‌മണ്യപുരത്തിലെ ‘കണ്‍കള്‍ ഇരണ്ടാല്‍...’ എന്ന ഗാനത്തിലൂടെ തമിഴ് സിനിമാലോകത്ത് ശ്രദ്ധേയനായ സംഗീത സംവിധായകന്‍ ജയിംസ് വസന്തനെതിരെ അറുപതുകാരിയായ സ്ത്രീ പൊലീസില്‍ പരാതി നല്‍കി. ജയിംസ് വസന്തന്‍ തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയും തന്‍റെ ഭര്‍ത്താവിനെ ആക്രമിക്കുകയും ചെയ്തതായാണ് സ്ത്രീ പരാതി നല്‍കിയിരിക്കുന്നത്.
ചെന്നൈയില്‍ പാലവാക്കത്ത് ജയിംസ് വസന്തന്‍ പുതുതായി പണിയുന്ന വീടിന്‍റെ അയല്‍ക്കാരാണ് പരാതി നല്‍കിയ രാധാ വേണുപ്രസാദും ഭര്‍ത്താവ് വേണുപ്രസാദും. ഇംഗ്ലണ്ട് ആസ്ഥാനമായുള്ള വാര്‍വിക്ക് യൂണിവേഴ്സിറ്റിയുടെ ഉപദേശകനാണ് വേണുപ്രസാദ്.
താന്‍ കഴിഞ്ഞ ദിവസം ഷോപ്പിംഗ് കഴിഞ്ഞു വരുമ്പോള്‍ തന്‍റെ ഭര്‍ത്താവിനെ ജയിംസ് വസന്തന്‍ ആക്രമിക്കാന്‍ ശ്രമിക്കുന്നതു കണ്ടെന്നും അത് തടയാന്‍ ശ്രമിച്ചതിന് തന്നെ അസഭ്യം പറഞ്ഞ് അപമാനിച്ചെന്നുമാണ് രാധാ വേണുപ്രസാദ് പരാതി നല്‍കിയിരിക്കുന്നത്. അതിനുശേഷം തനിക്ക് ആശുപത്രിയില്‍ അഡ്മിറ്റാകേണ്ടിവന്നുവെന്നും പരാതിയില്‍ പറയുന്നു.
അതേസമയം, ജയിംസ് വസന്തനും ഈ ദമ്പതികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്‍റെ അനുമതിയില്ലാതെ താന്‍ പണിയുന്ന വീടിന്‍റെ ചിത്രമെടുക്കാന്‍ ഇവര്‍ ശ്രമിച്ചു എന്നാണ് ജയിംസ് വസന്തന്‍ പരാതി നല്‍കിയിരിക്കുന്നത്.
ജയിംസ് വസന്തന്‍ വീട് പണിയാന്‍ തുടങ്ങിയപ്പോള്‍ മുതലാണ് വേണുപ്രസാദിന്‍റെ കുടുംബവുമായി ഇടയേണ്ടി വന്നത്. പൊടി അലര്‍ജിയുള്ള രാധാ വേണുപ്രസാദിന് വീടു പണി ശാരീരികാസ്വാസ്ഥ്യം സൃഷ്ടിച്ചിരുന്നു. അധികൃതര്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തി വീടുപണി തടയാനാണ് ഈ ദമ്പതികള്‍ ശ്രമിക്കുന്നതെന്നാണ് ജയിംസ് വസന്തന്‍ ആരോപിക്കുന്നത്.
മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഡബിള്‍സിന് സംഗീതം നല്‍കുന്നത് ജയിംസ് വസന്തനാണ്.