സ്വപ്‌നസുന്ദരി ഹേമമാലിനിക്ക് 60 !

IFMIFM
ബോളിവുഡിന്‍റെ ‘സ്വപ്‌നസുന്ദരി’ ഹേമമാലിനി അറുപതിലും യുവതിയാണ്‌. ഒക്ടോബര്‍16ന്‌ അറുപത്‌ തികയുന്ന സുന്ദരി പറയുന്നു തനിക്ക്‌ അറുപതിലും 16 ആണെന്ന്‌ !

“ക്രിയേറ്റിവിറ്റിക്ക്‌ പ്രായവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന്‌ എനിക്ക്‌ തോന്നുന്നില്ല. പ്രായമാകുന്തോറും പക്വത കൈവരുന്നു എന്നത്‌ വാസ്‌തവമാണ്‌. എന്‍റെ ആഗ്രഹം അനുസരിച്ചാണ്‌ ഞാന്‍ ജീവിച്ചത്‌. ഞാന്‍ എടുത്ത എല്ലാ തീരുമാനങ്ങളിലും ഞാന്‍ സന്തോഷവതിയാണ്‌.”- ബോളിവുഡിന്‍റെ നിത്യഹരിത നായിക പറയുന്നു.

പിറന്നാള്‍ ദിനം തിരുപ്പതി ക്ഷേത്രദര്‍ശനത്തിനാണ്‌ ഹേമ വിനിയോഗിക്കുന്നത്‌. മകള്‍ ഇഷയും ആഹ്നായും അമ്മയെ അനുഗമിക്കും. ഗുല്‍ബാഹര്‍ സിങ്ങിന്‍റെ ‘എക്‌ തി റാണി ഐസി ബഹി’ എന്ന ചിത്രത്തില്‍ രാജ്‌മാത വിജയരാജെ സിന്ധ്യയെയാണ്‌ ഹേമമാലിനി അവതരിപ്പിക്കുന്നത്‌.

ഇന്ത്യക്ക്‌ അകത്തും പുറത്തും നൃത്ത പരിപടികളുമായി സഞ്ചരിക്കുന്നതിനൊപ്പം ബോളിവുഡിലും ഹേമമാലിനി സമയം നീക്കി വച്ചിട്ടുണ്ട്‌.

ബി ജെ പിയുടെ രാജ്യസഭാഗമായ ഹേമമാലിനി എല്ലാ തിരക്കുകള്‍ക്ക്‌ ഇടയിലും പാര്‍ലമെന്‍റ് സമ്മേളനത്തിലും പങ്കെടുക്കേണ്ടതുണ്ട്‌.

ബോളിവുഡ്‌ സിനിമ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ജീവിതം തന്നെ നയിക്കുന്ന നടിയായ ഹേമമാലിനി 1948 ഒക്ടോബര്‍ 16ന്‌ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ അമ്മന്‍കുടിയിലാണ്‌ ജനിച്ചത്‌. അയ്യങ്കാര്‍ ബ്രാഹ്മണരായ വി എസ്‌ ആര്‍ ചക്രവര്‍ത്തിയുടേയും ജയ ചക്രവര്‍ത്തിയുടേയും മകളായ ഹേമയുടെ മാതൃഭാഷ തമിഴാണ്‌.

PROPRO
നര്‍ത്തകിയുടെ വേഷത്തില്‍ തെലുങ്ക്‌ ചിത്രമായ ‘പാണ്ഡവവനവാസ’ത്തിലാണ്‌ ആദ്യം അഭിനയിച്ചത്‌. നടിയാകാനുള്ള സൗന്ദര്യം ഇല്ല എന്ന്‌ ചൂണ്ടികാട്ടി ആദ്യകാലത്ത്‌ ഹേമമാലിനി തമിഴ്‌ സിനിമകളില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ടിരുന്നു.

രാജ്‌ കപൂറിന്‍റെ നായികയായി ‘സ്വപ്‌നോം കാ സൗദാഗര്‍’ (1968) ആയിരുന്നു ആദ്യ ബോളിവുഡ്‌ സംരംഭം. ‘ഷോലെ’യുടെ വിജയത്തോടെ ഹേമമാലിനി ബോളിവുഡിന്‍റെ അഭിവാജ്യ ഘടകമായി മാറുകയായിരുന്നു.

ബോളിവുഡ്‌ താരരാജാക്കന്മാരയ സഞ്‌ജീവ്‌ കുമാറും ജിതേന്ദ്രയും വിവാഹ അഭ്യര്‍ത്ഥനയുമായി എത്തിയെങ്കിലും വിവാഹിതനും നാലു കുട്ടികളുടെ അച്ഛനുമായ ധര്‍മ്മേന്ദ്രയെയാണ്‌ ഹേമമാലിനി വിവാഹം കഴിച്ചത്‌.

വടിവൊത്ത ശരീരം പ്രദര്‍ശിപ്പിക്കാന്‍ താരസുന്ദരിമാര്‍ മത്സരിക്കുമ്പോള്‍ മാന്യമായ വേഷം ധരിച്ചു മാത്രമേ സിനിമയില്‍ അഭിനയിക്കു എന്ന നിര്‍ബന്ധം ഹേമമാലിനി പുലര്‍ത്തിയിരുന്നു. കരിയറിന്‍റെ തുടക്കത്തില്‍ നീന്തല്‍ വസ്‌ത്രത്തില്‍ ഒരു ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്‌ മാത്രമാണ്‌ ഏക അപവാദം.