സുരേഷ്ഗോപി വന്ന വഴി മറക്കാനാവില്ല!

ബുധന്‍, 22 ഫെബ്രുവരി 2012 (18:17 IST)
PRO
ബുദ്ധിപരമല്ലാത്ത കരിയര്‍ പ്ലാനിംഗ് കൊണ്ട് സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ നിന്ന് പടിയിറങ്ങേണ്ടി വന്നേക്കാമെന്ന അവസ്ഥയിലാണ് സുരേഷ് ഗോപി ഇപ്പോള്‍. തനിക്കുനേരെ വരുന്ന പ്രൊജക്ടുകളെല്ലാം സൈന്‍ ചെയ്യുന്ന സ്വഭാവമാണ് മികച്ചനടനുള്ള ദേശീയ പുരസ്കാരം വരെ സ്വന്തമാക്കിയ മലയാളത്തിന്‍റെ പ്രിയപ്പെട്ട നടനെ അപകടത്തിലാക്കുന്നത്. ഇപ്പോഴും, നല്ല പ്രൊജക്ടുകളില്‍, ഷാജി കൈലാസിന്‍റെയും രണ്‍ജി പണിക്കരുടെയും ജോഷിയുടെയുമൊക്കെ സിനിമകളില്‍ അഭിനയിക്കുമ്പോള്‍, ഏറ്റവും വലിയ ക്രൌഡ് പുള്ളറാണ് താനെന്ന് തെളിയിക്കുന്ന താരം. അശ്രദ്ധ ഒരു സൂപ്പര്‍സ്റ്റാറിനെ നശിപ്പിക്കുകയാണ്.

1989 മുതല്‍ 1994 വരെയുള്ള കാലമാണ് സുരേഷ്ഗോപി എന്ന സൂപ്പര്‍സ്റ്റാറിന്‍റെ ഉദയകാലം. വ്യത്യസ്തവും ആവേശം ജനിപ്പിക്കുന്നതും വെല്ലുവിളിയുയര്‍ത്തുന്നതുമായ കഥാപാത്രങ്ങളെ സുരേഷ് ഗോപിക്ക് ആ കാലയളവില്‍ ലഭിച്ചു. ഷാജി കൈലാസ് എന്ന സംവിധായകന്‍റെ വരവും സുരേഷ് ഗോപിയുടെ സ്റ്റാര്‍ഡവും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

സൂപ്പര്‍താര പദവിയിലേക്കുള്ള സുരേഷ്ഗോപിയുടെ യാത്രയെ മലയാളം വെബ്ദുനിയ പുനരവതരിപ്പിക്കുകയാണിവിടെ. സുരേഷ് ഗോപിയെ താരമാക്കി മാറ്റിയ 10 കഥാപാത്രങ്ങളിലൂടെ....

10. ന്യൂസ്

PRO
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ന്യൂസ്. പ്രൈവറ്റ് ഡിറ്റക്ടീവായ റിഷി മേനോന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. 1989ലായിരുന്നു ഈ സിനിമ പുറത്തുവന്നത്. ന്യൂസിലെ സുരേഷ്ഗോപിയുടെ ശരീരഭാഷ ഷാജി കൈലാസിനെ ആകര്‍ഷിച്ചു. സ്റ്റൈലന്‍ പൊലീസ് കഥാപാത്രങ്ങള്‍ക്ക് ഇയാളാണ് ഏറ്റവും അനുയോജ്യന്‍ എന്ന് ഷാജി തിരിച്ചറിയുകയായിരുന്നു.

9. ഇന്നലെ

PRO
പത്മരാജന്‍റെ ഏറ്റവും മനോഹരമായ സിനിമകളില്‍ ഒന്നായിരുന്നു ‘ഇന്നലെ’. അതിനെ ഏറ്റവും മനോഹരമാക്കിയതാകട്ടെ അസാധാരണമായ ക്ലൈമാക്സും. ഈ സിനിമയില്‍ സുരേഷ് ഗോപി അവതരിപ്പിച്ച ഡോ. നരേന്ദ്രന്‍ എന്ന കഥാപാത്രം വളരെ കുറച്ചു സീനുകളിലേ പ്രത്യക്ഷപ്പെടുന്നുള്ളൂ. ശരത് എന്ന ചെറുപ്പക്കാരന്‍ കൂടെ നിര്‍ത്തിയിരിക്കുന്ന യുവതി തന്‍റെ ഭാര്യയായിരുന്നവളാണെന്ന് തിരിച്ചറിഞ്ഞിട്ടും അത് നിഷേധിച്ചുകൊണ്ടുള്ള ക്ലൈമാക്സിലെ ഡോ. നരേന്ദ്രന്‍റെ ഭാവപ്രകടനമാണ് ഇന്നലെയെ ഒരിക്കലും മറക്കാനാവാത്ത സിനിമയാക്കി മാറ്റിയത്. തന്നിലെ ശക്തനായ അഭിനേതാവിനെ സുരേഷ് ഗോപി ബോധ്യപ്പെടുത്തിക്കൊടുത്ത സിനിമയായിരുന്നു ഇന്നലെ.

8. ഒരു വടക്കന്‍ വീരഗാഥ

PRO
വടക്കന്‍‌പാട്ടുകളില്‍ വീരനായി വാഴ്ത്തപ്പെടുന്ന ആരോമല്‍ ചേകവര്‍ അസൂയാലുവും അഭ്യാസത്തില്‍ ചന്തുവിനേക്കാള്‍ പിന്നിലുമായിരുന്നു എന്ന് എം ടി എഴുതിവച്ചപ്പോള്‍ ആരോമലിന് തന്‍റേതായ രീതിയില്‍ ഭാവം പകര്‍ന്നു സുരേഷ് ഗോപി. ഒരു വടക്കന്‍ വീരഗാഥ ചന്തുവിനെ മാത്രമല്ല ആരോമല്‍ ചേകവരെയും മാറ്റിയെഴുതിയ സിനിമയായിരുന്നു. കളരിയഭ്യാസത്തിലും ഇമോഷണല്‍ രംഗങ്ങളിലും സുരേഷ് ഗോപി മിന്നിത്തിളങ്ങിയ ചിത്രമാണ് വീരഗാഥ.

7. കൌതുകവാര്‍ത്തകള്‍

PRO
1990ല്‍ റിലീസായ കൌതുകവാര്‍ത്തകള്‍ സംവിധാനം ചെയ്തത് തുളസീദാസാണ്. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ ഒരു പന്തയത്തിനായി വിട്ടുനല്‍കുന്ന രവി എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ഈ സിനിമയില്‍ അഭിനയിച്ചത്. ഒരു തമാശ പിന്നീട് തന്‍റെ ജീവിതത്തെയാകെ ഇരുട്ടിലാഴ്ത്തിയെന്ന് രവി തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു. സുരേഷ് ഗോപിയെ കുടുംബപ്രേക്ഷകരോട് ചേര്‍ത്തുനിര്‍ത്തിയ സിനിമയായിരുന്നു ഇത്.

6. ആനവാല്‍ മോതിരം

PRO
മനു അങ്കിള്‍ എന്ന സിനിമയില്‍ മിന്നല്‍ പ്രതാപന്‍ എന്ന കോമാളി പൊലീസുകാരനെ അവതരിപ്പിച്ച സുരേഷ് ഗോപി പക്വതയുള്ള പൊലീസ് ഉദ്യോഗസ്ഥനായി വേഷപ്പകര്‍ച്ച നടത്തിയ സിനിമയായിരുന്നു ആനവാല്‍ മോതിരം. ചങ്കുറപ്പും പ്രതികരണശേഷിയുമുണ്ടെങ്കിലും ഉന്നതോദ്യോഗസ്ഥന്‍റെ മണ്ടത്തരങ്ങള്‍ക്ക് മറുപടി പറയാന്‍ വിധിക്കപ്പെട്ട നന്ദകുമാര്‍ എന്ന പൊലീസുദ്യോഗസ്ഥനെ സുരേഷ്ഗോപി ഗംഭീരമാക്കി.

5. തലസ്ഥാനം

PRO
ഷാജി കൈലാസിന്‍റെയും സുരേഷ്ഗോപിയുടെയും അസാധാരണമായ രസതന്ത്രം ആദ്യമായി തിരിച്ചറിഞ്ഞത് ഈ സിനിമയിലാണ്. രണ്‍ജി പണിക്കര്‍ ഈ കൂട്ടുകെട്ടിനൊപ്പം ചേരുന്നതും തലസ്ഥാനത്തിലൂടെയാണ്. ആക്ഷന്‍ രംഗങ്ങളിലും ഡയലോഗ് ഡെലിവറിയിലും തന്നെ വെല്ലാന്‍ മറ്റൊരാളില്ലെന്ന് ഈ സിനിമയിലൂടെ സുരേഷ് ഗോപി തെളിയിച്ചു. തലസ്ഥാനത്തിലെ ഹരികൃഷ്ണന്‍ സുരേഷ്ഗോപിയുടെ ഉജ്ജ്വലമായ ഭാവാവിഷ്കരണം സാധ്യമായ ചിത്രമാണ്. ആ സിനിമയാകട്ടെ ഒരിക്കലും മറക്കാനാവാത്ത ത്രില്ലറുമായി.

4. ഏകലവ്യന്‍

PRO
തലസ്ഥാനത്തിലൂടെ സുരേഷ് ഗോപിയുടെ പൊട്ടന്‍‌ഷ്യല്‍ തിരിച്ചറിഞ്ഞ ഷാജി കൈലാസും രണ്‍‌ജി പണിക്കരും കുറച്ചുകൂടി ഡോസ് കൂടിയ ഒരു കഥാപാത്രത്തെയാണ് ഏകലവ്യനില്‍ അദ്ദേഹത്തിന് നല്‍കിയത്. “കണ്ണിമേരാ മാര്‍ക്കറ്റിലും സെക്രട്ടേറിയറ്റിന്‍റെ പിന്നിലും ഒന്നരയണയ്ക്ക് കഞ്ചാവ് വിറ്റുനടന്ന ഒരു ചരിത്രമില്ലേ തനിക്ക്” - എന്ന് ആക്രോശിക്കുന്ന മാധവന്‍ ഇന്നും പ്രേക്ഷകര്‍ക്ക് ഹരമാണ്. 1993ല്‍ റിലീസായ ഈ സിനിമ മെഗാഹിറ്റായി മാറി. സുരേഷ് ഗോപി സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഒരു ചുവടുകൂടി മുന്നോട്ടുവച്ചു.

3. മണിച്ചിത്രത്താഴ്

PRO
തന്‍റെ ഭാര്യ ഗംഗ മാരകമായ ഒരു മനോരോഗത്തിനടിമയാണെന്ന് തിരിച്ചറിയുന്ന നകുലന്‍ എന്ന കഥാപാത്രത്തിന്‍റെ സങ്കീര്‍ണമായ ജീവിതാവസ്ഥയെ ഗംഭീരമാക്കി മണിച്ചിത്രത്താഴ് എന്ന ക്ലാസിക് സിനിമയില്‍ സുരേഷ് ഗോപി മിന്നിത്തിളങ്ങി. ഭയവും നിസഹായതയും അതിനേക്കാളെല്ലാം മുകളിലായി ഭാര്യയോടുള്ള സ്നേഹവും പ്രകടിപ്പിച്ച ആ കഥാപാത്രത്തെ പ്രേക്ഷകര്‍ ‘ഇന്നലെ’യിലെ നരേന്ദ്രനെപ്പോലെ ഏറെ ഇഷ്ടപ്പെടുന്നു.

2. പൈതൃകം

PRO
വിശ്വാസവും അവിശ്വാസവും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ജയരാജ് സംവിധാനം ചെയ്ത ‘പൈതൃകം’. ദൈവനിഷേധിയായ സോമദത്തന്‍ എന്ന കഥാപാത്രത്തെ സുരേഷ് ഗോപി ഉജ്ജ്വലമാക്കി. കാലം നല്‍കിയ തിരിച്ചറിവിനൊടുവില്‍ ദൈവവിശ്വാസിയായി മാറുകയായിരുന്നു ആ ചെറുപ്പക്കാരന്‍. മാനസിക സംഘര്‍ഷങ്ങളുടെ അഭ്രപ്പകര്‍ച്ച ഗംഭീരമാക്കാന്‍ 1993ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ സുരേഷ് ഗോപിക്ക് കഴിഞ്ഞു.

1. കമ്മീഷണര്‍

PRO
‘ഓര്‍മ്മയുണ്ടോ ഈ മുഖം’ - ഈ ഡയലോഗുമായി കമ്മീഷണര്‍ ഭരത്ചന്ദ്രന്‍റെ പിറവി 1994ലാണ് സംഭവിച്ചത്. ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ - സുരേഷ് ഗോപി ത്രയത്തിന്‍റെ ഏറ്റവും മഹത്തായ വിജയം. ഒപ്പം സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ സുരേഷ് ഗോപി അവരോധിക്കപ്പെട്ടു. ‘ഐ ആം ഭരത് ചന്ദ്രന്‍. ജസ്റ്റ് റിമംബര്‍ ദാറ്റ്’ എന്ന് ഭരത് ചന്ദ്രന്‍ ഓര്‍മ്മപ്പെടുത്തുമ്പോള്‍ പ്രേക്ഷകര്‍ ആവേശഭരിതരായി എഴുന്നേറ്റ് നിന്ന് കൈയടിച്ച് സ്വീകരിക്കുകയായിരുന്നു ഈ താരത്തെ. സുരേഷ് ഗോപിയുടെ കരിയര്‍ കമ്മീഷണറിന് മുമ്പും പിന്നീടും എന്ന് വിഭജിക്കപ്പെട്ടിരിക്കുന്നു. മലയാള സിനിമയിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റോറിയായാണ് കമ്മീഷണര്‍ വിലയിരുത്തപ്പെടുന്നത്. ഭരത് ചന്ദ്രനെ മലയാളത്തിലുണ്ടായ ഏറ്റവും ഉള്‍ക്കരുത്തുള്ള പൊലീസ് കഥാപാത്രമായും.

വെബ്ദുനിയ വായിക്കുക