മലയാളം ഭരതസ്മരണയില്‍

PROPRO
സംവിധായകന്‍ ഭരതന്‍ ബാക്കിവച്ചു പോയ നിശബ്ദതക്ക്‌ ഒരു ദശകം പൂര്‍ത്തിയാകുമ്പോള്‍ ശിഷ്യരും സഹപ്രവര്‍ത്തകരും മഹാനായ കാലാകാരനെ ഓര്‍ക്കാന്‍ വീണ്ടും ഒത്തുകൂടുന്നു. ഭരതന്‍ സ്‌മൃതി ദിനം ഇക്കുറി ഭരതന്‍റെ ഗുരുക്കന്മാര്‍ക്ക്‌ ശ്രദ്ധാഞ്‌ജലിയായി ഒരുക്കാനുള്ള തിരക്കിലാണ്‌ അദ്ദേഹത്തിന്‍റെ മകനും നടനുമായ സിദ്ധാര്‍ത്ഥന്‍.

‘അച്ഛന്‍റെ ഓര്‍മ്മദിനം അച്ഛന്‍റെ ഗുരുക്കന്മാരായ രാമുകാര്യാടിനും ഭാസ്‌കരന്‍മാഷിനും ഉള്ള ശ്രദ്ധാഞ്‌ജലിയാക്കമാറ്റാനുള്ള ശ്രമത്തില്‍ വളരെ സന്തോഷമുണ്ട്‌‌’- സിദ്ധാര്‍ത്ഥന്‍ പറയുന്നു.

‘കഴിഞ്ഞ വര്‍ഷം സ്‌മൃതിദിനം സംഘടിപ്പിക്കാന്‍ ഒപ്പമുണ്ടായിരുന്ന ഭരത്‌ഗോപിയും ഇത്തവണ ഇല്ല. ഭരത സ്‌മരണക്ക്‌ ഒപ്പം ഭരത്‌ഗോപിയുടെയും സ്‌മരണ പങ്കുവയ്‌ക്കാനാണ്‌ അദ്ദേഹത്തിന്‍റെ കൂട്ടുകാര്‍ ഒത്തു കൂടുന്നത്‌’- സംവിധായകനും തിരക്കഥാകൃത്തുമായ ജോണ്‍ പോണ്‍ പറഞ്ഞു.

ഭരതന്‍ ഫൗണേ്ടഷന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഭരതന്‍-ഭരത്ഗോപി സ്മൃതിയും ഭരതന്‍ പുരസ്കാര സമര്‍പ്പണവും തൃശൂര്‍ റീജണല്‍ തീയേറ്ററില്‍ നടക്കും. ചടങ്ങ് അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തമിഴ്‌ സംവിധായകന്‍ ഭാരതീരാജയ്ക്ക്‌ ഇക്കൊല്ലത്തെ പുരസ്കാരം എം.ടി. വാസുദേവന്‍നായര്‍ സമര്‍പ്പിക്കും.

സമഗ്രസംഭാവനയ്ക്കുള്ള പ്രത്യേക പുരസ്കാരം മരണാനന്തരബഹുമതിയായി ഭരത്ഗോപിക്കാണ്‌ നല്‍കുന്നത്‌. ഭരത്ഗോപിയുടെ മകന്‍ എം.ജി. മുരളീകൃഷ്ണന്‍ ഏറ്റുവാങ്ങും. കാവാലം നാരായണപ്പണിക്കര്‍ ഭരതന്‍ സ്മാരകപ്രഭാഷണവും നെടുമുടി വേണു ഭരത്ഗോപി സ്മാരക പ്രഭാഷണവും നിര്‍വഹിക്കും. ജെ.സി ഡാനിയേല്‍ പുരസ്കാര ജേതാവ്‌ അഡ്വ. പി. രാമദാസിന്‌ ഫൗണേ്ടഷന്‍റെ പ്രത്യേകപുരസ്കാരം ശോഭനപരമേശ്വരന്‍ നായര്‍ സമ്മാനിക്കും. ചലച്ചിത്രവികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.ജി ജോര്‍ജ് അധ്യക്ഷനായിരിക്കും.

PROPRO
വടക്കാഞ്ചേരി എങ്കക്കാട്‌ പാലിയശ്ശേരില്‍ പരമേശ്വരന്‍ നായരുടെ മകന്‍ കെ പി ഭരതന്‍ 1946 നവംബര്‍ 14-നാണ് ജനിച്ചത്. സ്കുള്‍ വിദ്യാഭ്യാസം കഴിഞ്ഞ തൃശൂര്‍ കോളജ്‌ ഓഫ്‌ ആര്‍ട്‌സില്‍ നിന്നു ചിത്രം വരയില്‍ ഡിപ്ലോമ നേടി.

പിതൃസഹോദരന്മാരായ സംവിധായകന്‍ പി.എന്‍. മേനോന്റേയും കലാസംവിധയകന്‍ എസ്‌.കെ. പാലിശേരിയുടേയും സഹായത്തോടെ സിനിമയില്‍ എത്തി. വിന്‍സന്റിന്‍റെ ഗന്ധര്‍വ്വക്ഷേത്രം എന്ന ചിത്രമാണ്‌ ഭരതന്‍റെ സ്വതന്ത്ര കലാസംവിധായകനാക്കിയത്‌. പി എന്‍.മേനോന്റേയും എ. വിന്‍സന്റിനേയും ചിത്രങ്ങളിലടക്കം ഒട്ടേറെ മലയാള സിനികള്‍ക്ക്‌ ഭരതന്‍ കലാസംവിധായകനായി പ്രവര്‍ത്തിച്ചു.

ഭരതന്‍-പത്മരാജന്‍ കൂട്ടുകെട്ടില്‍ പുറത്തുവന്ന രതിനിര്‍വ്വേദം, തകര തുടങ്ങിയ ചിത്രങ്ങള്‍ കമ്പോളവിജയവും കലാമൂല്യവും ഒരുമിച്ച്‌ ഉറപ്പുവരുത്തി. കാക്കനാടന്‍റെ പറങ്കിമല, അടിയറവ്‌ തുടങ്ങിയ കഥകളും, നാഥന്‍റെ ചാട്ട, വിജയന്‍ കരോട്ടിന്‍റെ മര്‍മ്മരം, ജോണ്‍പോളിന്‍റെ ചാമരം, സന്ധ്യ മയങ്ങും നേരം, തിക്കോടിയന്‍റെ ഇത്തിരിപ്പുവേ ചുവന്നപൂവേ, ലോഹിതദാസിന്‍റെ പാഥേയം, വെങ്കലം, അമരം, നെടുമുടിയുടെ കാറ്റത്തെ കിളിക്കൂട്‌, ആരവം തുടങ്ങിയ സിനിമകള്‍ക്കു മലയാളസിനിമയില്‍ പ്രത്യേക സ്ഥാനമുണ്ട്.

എം.ടി. വാസുദേവന്‍ നായരുടെ വൈശാലിയും , താഴ്‌വാരവും മനോഹരമായ വശ്യതയോടെയാണ് ഭരതന്‍ അഭ്രപാളിയിലാക്കിയത്. വൈശാലിയും പ്രയാണവുമടക്കം പല ചിത്രങ്ങളുടെയും തിരക്കഥ പൂര്‍ണമായും പെയിന്റിങ്ങുകളാക്കി മുന്‍കൂട്ടി വരച്ചു തയാറാക്കുകയായിരുന്നു അദ്ദേഹം.

അരവിന്ദന്‍റെ തമ്പിലൂടെ രംഗത്തുവന്ന നെടുമുടി വേണുവിന്‍റെ അഭിനയനൈപുണ്യം മലയാളി കൂടുതല്‍ അടുത്തറിഞ്ഞത് ആരവം, ആരോഹണം തുടങ്ങിയ ഭരതന്‍ ചിത്രങ്ങളിലൂടെയാണ്‌. ഒരുമിന്നാം മിനുങ്ങിന്‍റെ നുറുങ്ങു വെട്ടത്തിലെ അഭിനയത്തിന്‌ നെടുമുടി വേണു ദേശീയ അവാര്‍ഡിന്‌ അവസാനവട്ടം വരെ മല്‍സരിച്ചു. ഭരത്‌ ഗോപിക്ക്‌ അവാര്‍ഡുകള്‍ നേടിക്കൊടുത്ത കാറ്റത്തെ കിളിക്കൂട്‌, മര്‍മ്മരം, ഓര്‍മ്മയ്ക്കായി, സന്ധ്യ മയങ്ങും നേരം തുടങ്ങിയവയും ഭരതന്റേതു തന്നെ.

PROPRO
മമ്മൂട്ടി എന്ന നടന്‍റെ നടനവൈഭവം മുഴുവന്‍ അമരം, പാഥേയം, കാതോടു കാതോരം, ഇത്തിരിപ്പൂവേ ചുവന്ന പൂവേ തുടങ്ങിയ ചിത്രങ്ങളിലൂടെ പുറത്തു കൊണ്ടുവന്ന ഭരതന്‍റെ കാറ്റത്തെ കിളിക്കൂട്ടിലും താഴ്‌വാരത്തിലും നാം മോപന്‍ലാലെന്ന നടന്‍റെ തീര്‍ത്തും വ്യത്യസ്ത മുഖങ്ങളും കണ്ടു.

ലോറിയിലൂടെ ഭരതന്‍ അവതരിപ്പിച്ച പുതുമുഖമാണ്‌ പിന്നീടു ശ്രദ്ധേയനായ അച്ചന്‍കുഞ്ഞ്‌. പറങ്കിമലയിലൂടെ നടി സൂര്യയേയും ലോറിയിലൂടെ നിത്യയേയും അവതരിപ്പിച്ചു.

നിദ്രയിലൂടെ ശാന്തികൃഷ്ണ, വിജയ്‌മേനോന്‍, തകരയിലൂടെ സുരേഖ, പ്രതാപ്‌ പോത്തന്‍, കെ.ജി. മേനോന്‍, രതിനിര്‍വേദത്തിലൂടെ കൃഷ്ണചന്ദ്രന്‍, കാറ്റത്തെ കിളിക്കൂടിലൂടെ രേവതി, ചിലമ്പിലൂടെ ബാബു ആന്റണി, വൈശാലിയിലൂടെ സഞ്ജയ്‌, സുപര്‍ണ, ഓര്‍മ്മയ്ക്കായിയിലൂടെ നടന്‍ രാമു, താഴ്‌വാരത്തിലൂടെ സലീം ഗൗസ്‌, പാര്‍വതിയിലൂടെ തമിഴ്‌ നടി ലത, നീലക്കുറഞ്ഞി പൂത്തപ്പോളിലൂടെ ഹിന്ദി നടന്‍ ഗിരീഷ്‌ കര്‍ണാഡ്‌, മാളൂട്ടിയിലൂടെ ബേബി ശ്യാമിലി, പാഥേയത്തിലൂടെ ചിപ്പി എന്നിവരെയെല്ലാം മലയാളത്തില്‍കൊണ്ടു വന്നതു ഭരതനാണ്‌.

ഒഴിവുകാലം എന്ന ചിത്രത്തില്‍ പുത്രി ശ്രീക്കുട്ടിയേയും ഭരതന്‍ അഭിനയിപ്പിച്ചു. തകരയ്ക്കു ഭരതന്‍ നല്‍കിയ തമിഴ്‌ മൊഴിമാറ്റം -ആവാരം പൂ- ഭരതനെ തമിഴില്‍ ശ്രദ്ധേയനാക്കി, പിന്നീട് കമ്ലുമായി ചേര്‍ന്ന് ചെയ്ത തേവര്‍ മകന്‍ ഒരുക്കി. തുടര്‍ന്ന്‌ തെലുങ്കിലും ദേവരാഗം, മഞ്ജീരധ്വനി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തുവെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. മലയാളത്തില്‍ അവസാനം സംവിധാനം ചെയ്ത ചുരം കലാപരമായി മികച്ച അഭിപ്രായം നേടിയെങ്കിലും സാമ്പത്തികവിജയം നേടിയില്ല.

കുഞ്ചന്‍ നമ്പ്യാരുടെ ജീവിതകഥ ജയറാമിനെ നായകനാക്കി സംവിധാനം ചെയ്യുക എന്ന സ്വപ്നം അവശേഷപ്പിച്ചുകൊണ്ട്‌ ഭരതനെന്ന അപൂര്‍വ പ്രതിഭ വിടപറഞ്ഞത്.