നാടകവേദിയില്‍ നിന്നാണ് മാള അരവിന്ദന്‍ സിനിമാലോകത്തേക്ക് എത്തുന്നത്. കേരളത്തിലെ പ്രധാന നാടകക്കമ്പനികളായ കോട്ടയം നാഷണല്‍ തിയേറ്റേഴ്സ്, നാടകശാല, സൂര്യസോമ എന്നിവരുടെ നാടകങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു മാള. നാടകത്തിന് സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി അവാര്‍ഡ് ഏര്‍പ്പെടുത്തിയപ്പോള്‍ മികച്ച നടനുള്ള പുരസ്കാരം നേടിയത് മാള അരവിന്ദന്‍ ആയിരുന്നു.
1968ല്‍ ഡോ. ബാലകൃഷ്‌ണന്റെ സിന്ദൂരം എന്ന ചിത്രത്തിലൂടെയാണ് മാള അരവിന്ദന്‍ സിനിമാലോകത്ത് എത്തിയത്. പിന്നീടിങ്ങോട്ട് സിനിമകളുടെ ഒരു പെരുമഴക്കാലം തന്നെയായിരുന്നു ഇദ്ദേഹത്തിന്. ഒരേസമയം രണ്ടും മൂന്നും സിനിമകളില്‍ അഭിനയിച്ചിരുന്ന അരവിന്ദനെ ഷൂട്ടിംഗ് സെറ്റുകള്‍ എന്നും എപ്പോഴും കാത്തിരുന്നു. പപ്പു - മാള - ജഗതി ത്രയം മലയാളക്കരയിലെ തിയറ്ററുകളില്‍ പൊട്ടിച്ചിരിയുടെ അലകളുയര്‍ത്തി.
സല്ലാപത്തിലെ മൂത്താശാരി, ഭൂതക്കണ്ണാടിയിലെ അന്ധഗായകന്‍, കന്മദത്തിലെ സ്വാമി വേലായുധന്‍, സന്ദേശത്തിലെ പൊലീസുകാരന്‍, വധു ഡോക്‌ടറാണിലെ ചട്ടമ്പി, സേതുരാമയ്യര്‍ സി ബി ഐയിലെ ലോട്ടറി കച്ചവടക്കാരന്‍, പട്ടാളം എന്ന സിനിമയിലെ സര്‍വ്വീസില്‍ നിന്നു വിരമിച്ച പട്ടാളക്കാരന്‍ , ജോക്കറിലെ സര്‍ക്കസ് അഭ്യാസി, മീശമാധവനിലെ മുള്ളാണി പപ്പന്‍ എന്നു തുടങ്ങി ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന നിരവധി കഥാപാത്രങ്ങളാണ് മാള അരവിന്ദന്‍ മലയാളിക്ക് സമ്മാനിച്ചത്.
ഒരുകാലത്ത് മലയാളത്തെ രസിപ്പിച്ച ചിരിക്കൂട്ടായിരുന്നു പപ്പു-മാള-ജഗതി ത്രയം. പപ്പു - മാള - ജഗതി എന്ന പേരില്‍ ഒരു സിനിമ തന്നെ ആ സമയത്ത് ഇറങ്ങി. ഇക്കൂട്ടത്തില്‍ നിന്ന് ആദ്യം വിടവാങ്ങിയത് പപ്പുവായിരുന്നു. 2000 ഫെബ്രുവരി 25ന് പപ്പു വെള്ളിത്തിരയോടും ജീവിതത്തോടും വിട പറഞ്ഞു. പപ്പു മരിച്ച് 15 വര്‍ഷം പൂര്‍ത്തികാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് വെള്ളിത്തിരയില്‍ നിന്നും ജീവിതത്തില്‍ നിന്നും ചിരിയുടെ ഈ മേളക്കാരന്‍ അരങ്ങൊഴിഞ്ഞത്.