ഒരു കാലഘട്ടത്തിന്‍റെ മാജിക് ഹീറോയായിരുന്നു ബുധനാഴ്ച അന്തരിച്ച രാജേഷ് ഖന്ന. ഇന്ത്യന്‍ സിനിമയിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍. ഇപ്പോഴത്തെ പല സൂപ്പര്‍താരങ്ങളെയും പോലെ സ്വയം നടത്തിയ പി ആര്‍ ഒ വര്‍ക്കിലൂടെയല്ല രാജേഷ് ഖന്ന രാജ്യത്തെ ഏറ്റവും വലിയ താരമായി മാറിയത്. അദ്ദേഹത്തിന്‍റെ വീടിനുമുന്നില്‍ എപ്പോഴും ആരാധകരുടെ കൂട്ടമുണ്ടായിരുന്നു. സിനിമയില്‍ നിന്ന് അകന്ന് കഴിഞ്ഞിരുന്ന കാലത്തുപോലും അദ്ദേഹം വീടിന്‍റെ മട്ടുപ്പാവിലെത്തിയാല്‍ താഴെ റോഡില്‍ ആരാധകരുടെ ആര്‍പ്പുവിളി ഉയരുമായിരുന്നു.
രാജേഷ് ഖന്ന ചുംബിച്ച തുവാല സ്വന്തമാക്കാന്‍ തിരക്കുകൂട്ടുന്ന പെണ്‍കൊടിമാര്‍ എഴുപതുകളിലും എണ്‍പതുകളിലും ബോളിവുഡില്‍ നിത്യ കാഴ്ചയായിരുന്നു. അദ്ദേഹം സഞ്ചരിക്കുന്ന കാറില്‍ യുവതികള്‍ ഓടിയെത്തി ചുംബനങ്ങള്‍ നല്‍കുന്നതും പതിവായിരുന്നു. ഒരു കാലഘട്ടത്തിന്‍റെ സൌന്ദര്യമായിരുന്നു രാജേഷ് ഖന്ന.
“അദ്ദേഹം ഒരു അത്ഭുതമായിരുന്നു” - മരണവാര്‍ത്ത കേട്ട നടി ഷര്‍മിള ടാഗോര്‍ പ്രതികരിച്ചു. രാജേഷ് ഖന്നയും ഷര്‍മിളയും ഒരുകാലത്ത് പ്രേക്ഷകരെ രോമാഞ്ചമണിയിച്ച താരജോഡിയായിരുന്നു.
“ഇന്ന് സിനിമാലോകത്തിനാകെ ഒരു ദൌര്‍ഭാഗ്യത്തിന്‍റെ ദിനമാണ്” - നടി സൈറ ഭാനു പറഞ്ഞു. “രാജേഷ് ഖന്ന സാബ്, അങ്ങയുടെ സിംഹാസനം, അങ്ങയുടെ മാജിക് അത് എന്നെന്നും നിലനില്‍ക്കും” - നേഹ ധൂപിയ ട്വീറ്റ് ചെയ്തു.
1969നും 72നും ഇടയില്‍ തുടര്‍ച്ചയായി 15 സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച താരമാണ് രാജേഷ് ഖന്ന. ഈ റെക്കോര്‍ഡ് ഇനിയും ആരാലും തകര്‍ക്കപ്പെടാനാകാതെ തുടരുകയാണ്. 72നു ശേഷമാണ് അദ്ദേഹം ഇന്ത്യയിലെ ആദ്യ സൂപ്പര്‍താരമായി അവരോധിക്കപ്പെട്ടത്.
1969ലെ ‘ആരാധന’ എന്ന ഒറ്റച്ചിത്രമാണ് രാജേഷ് ഖന്നയെ ഹിന്ദി സിനിമയുടെ സ്വകാര്യ അഹങ്കാരമാക്കി മാറ്റിയത്. ആ ചിത്രത്തിലെ ഇരട്ടവേഷങ്ങള്‍ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റുവാങ്ങുകയായിരുന്നു. സഫര്‍, ഹാഥി മേരേ സാഥി തുടങ്ങിയ സിനിമകള്‍ വന്നതോടെ അദ്ദേഹം സൂപ്പര്‍താര പദവിയിലെത്തി. ഹൃഷികേശ് മുഖര്‍ജിയുടെ ‘ആനന്ദ്’ രാജേഷ് ഖന്നയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലായി.
രോഷാകുലനായ ചെറുപ്പക്കാരന്‍ - അമിതാഭ് ബച്ചന്‍ - ഹിന്ദി സിനിമയെ കീഴടക്കിയപ്പോഴാണ് രാജേഷ് ഖന്നയുടെ പ്രതാപത്തിന് അല്‍പ്പമെങ്കിലും മങ്ങലേറ്റത്. എങ്കിലും ഇടയ്ക്കിടെ ഹിറ്റുകള്‍ നല്‍കി രാജേഷ് ഖന്ന തന്‍റെ താരപദവി നിലനിര്‍ത്തി. 90കളില്‍ രാജേഷ് ഖന്ന സിനിമയ്ക്ക് അവധിനല്‍കി രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. കോണ്‍ഗ്രസ് ടിക്കറ്റില്‍ ഡല്‍ഹിയില്‍ നിന്ന് പാര്‍ലമെന്‍റിലെത്തി.
163 സിനിമകളില്‍ രാജേഷ് ഖന്ന അഭിനയിച്ചു. അതില്‍ 106 സിനിമകളില്‍ നായകനായിരുന്നു. മലയാളചിത്രമായ വാഴ്വേ മായത്തിന്‍റെ ഹിന്ദി റീമേക്കിലും രാജേഷ് ഖന്ന അഭിനയിച്ചിരുന്നു.
രാജേഷ് ഖന്ന താരരാജാവായി വിളങ്ങിനിന്ന സമയത്ത് അദ്ദേഹത്തിന്‍റെ കാര്‍ ആരാധകര്‍ക്കിടയിലൂടെ മെല്ലെ നീങ്ങുമ്പോള്‍ സുന്ദരികളായ പെണ്‍കുട്ടികളുടെ ലിപ്സ്റ്റിക്കില്‍ കാര്‍ ചുവക്കുമായിരുന്നു എന്ന് അതിന് ദൃക്‌സാക്ഷികളായിരുന്നവര്‍ വ്യക്തമാക്കുന്നു. ആരാധികമാര്‍ റോഡില്‍ വരിവരിയായി നിന്ന് ഫ്ലൈയിംഗ് കിസുകള്‍ രാജേഷ് ഖന്നയ്ക്ക് നേരെ പറത്തിയിരുന്നു. അദ്ദേഹത്തിന്‍റെ പേര്, അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേരുകള്‍ ഒക്കെ വിളിച്ചുപറഞ്ഞിരുന്നു. ആരാധികമാര്‍ രക്തം കൊണ്ടെഴുതിയ എത്രയെത്ര കത്തുകളാണ് അദ്ദേഹത്തിന്‍റെ വിലാസത്തിലേക്ക് ദിനംപ്രതി എത്തിയിരുന്നത്!
ശരിയാണ്. രാജ് കപൂറും ദിലീപ് കുമാറുമൊക്കെ അന്ന് ഹിന്ദി സിനിമയുടെ ഹരമായിരുന്നു. പക്ഷേ ആരാധകരില്‍ ഹിസ്റ്റീരിയ സൃഷ്ടിച്ച താരം രാജേഷ് ഖന്ന മാത്രമായിരുന്നു!