മധു: നടന നിറവിന്‍റെ മധുരം

FILEFILE
പ്രണയം വിങ്ങുന്ന നെഞ്ചുമായി പാടിപ്പോകുന്ന പരീക്കുട്ടി, മൂടുപടത്തിലെ കൊച്ചുകുഞ്ഞ്, ഭാര്‍ഗവീ നിലയത്തിലെ സാഹിത്യകാരന്‍, ഓളവും തീരവും മലയാളത്തിനു തന്ന അബ്ദു...

കഥാപാത്രങ്ങളുടെ പട്ടിക നീളുകയാണ്. ഭാവസൗന്ദര്യവും കരുത്തും സമന്വയിപ്പിച്ച നടന നിറവാണ് മധു എന്ന നടനെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്.

മൂടുപടം എന്ന ചിത്രത്തിലെ താറാവുകാരന്‍ കൊച്ചുകുഞ്ഞ് എന്ന കഥാപാത്രത്തിലൂടെ സിനിമാ ജീവിതം തുടങ്ങിയ മധു മുന്നൂറിലധികം സിനിമകളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ജീവിച്ചു. മധുവിന്‍റെ ഏറ്റവും ശ്രദ്ധേയമായ 10 സിനിമകള്‍ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ പ്രേക്ഷകര്‍ കുഴങ്ങുന്നതും വ്യത്യസ്തതയുടെ ഈ അപാരത തന്നെ.

കള്ളച്ചെല്ലമ്മ, ഉമ്മാച്ചു, തുലാഭാരം, ചെമ്മീന്‍, അശ്വമേധം, സ്വയംവരം, ഭാര്‍ഗവീ നിലയം, ഓളവും തീരവും, പ്രിയ, സര്‍പ്പക്കാവ് തുടങ്ങിയവ പ്രേക്ഷകന്‍റെ മനസില്‍ വേഗത്തില്‍ ഓടിക്കയറിയ മധുചിത്രങ്ങളാണ്.

മതത്തിന്‍റെ വേലിക്കെട്ടുകള്‍ തകര്‍ക്കുന്ന പ്രണയമായിരുന്നു ആദ്യ ചിത്രമായ മൂടുപടത്തിന്‍റെ പ്രമേയം. പിന്നീടെത്തിയ നിണമണിഞ്ഞ കാല്പാടുകള്‍ എന്ന ചിത്രത്തോടെയാണ് മധു ശ്രദ്ധേയനാകുന്നത്. ആദ്യ കിരണങ്ങള്‍, അമ്മയെക്കാണാന്‍, മണവാട്ടി തുടങ്ങിയ ആദ്യകാല ചിത്രങ്ങള്‍ തന്നെ മധുവിന് നേട്ടമായി മാറി.

അന്തഃസംഘര്‍ഷങ്ങള്‍ പേറുന്ന കഥാപാത്രമായി കുട്ടിക്കുപ്പായം എന്ന ചിത്രത്തില്‍ നല്‍കിയ പ്രകടനം മധു എന്ന അഭിനേതാവിന്‍റെ റെയ്ഞ്ച് മനസിലാക്കിത്തരുന്നു.

ഭാര്‍ഗവിക്കുട്ടിയുടെ പ്രേതവുമായി സല്ലപിക്കുന്ന ഭാര്‍ഗവീ നിലയത്തിലെ സാഹിത്യകാരന്‍ മധുവിന്‍റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. വൈക്കം മുഹമ്മദ് ബഷീറിനെ ഓര്‍മ്മിപ്പിക്കുന്ന ആ കഥാപാത്രം ഗ്രാമഫോണും, സൈക്കിളും തൂവെള്ള വസ്ത്രങ്ങളുമൊക്കെയായി ഭാര്‍ഗവീ നിലയത്തില്‍ കുടിയേറി സോജാ രാജകുമാരി കേട്ടുറങ്ങുന്ന കാഴ്ച മലയാളി ഒരിക്കലും മറക്കുകയില്ല.

സുബൈദ എന്ന ചിത്രത്തിലെ ഡോ. അഹമ്മദാണ് മധുവിന്‍റെ എണ്ണപ്പെട്ട മറ്റൊരു കഥാപാത്രം. മലയാളത്തിലെ സാഹിത്യകാരന്മാരുടെ ഒട്ടേറെ കൃതികള്‍ സിനിമയാക്കിയപ്പോള്‍ കൂടുതലും നായകവേഷങ്ങള്‍ കയ്യാളിയത് മധുവാണ്. ഭാര്‍ഗവീ നിലയം, ചെമ്മീന്‍, ഏണിപ്പടികള്‍ എന്നിവയാണ് ഏറ്റവും നല്ല ഉദാഹരണങ്ങള്‍.


FILEFILE
പ്രണയത്തിലെ മൂല്യം നശിക്കുകയും സ്നേഹം വിലയ്ക്ക് വാങ്ങാന്‍ കിട്ടുകയും ചെയ്യുന്ന ഇക്കാലത്ത് ചെമ്മീനിലെ പരീക്കുട്ടി അപഹാസ്യനാണ്. എങ്കിലും മാനസമൈനേ വരൂ എന്ന് ചങ്കുപൊട്ടി പാടുന്ന നിരാശാ കാമുകന്‍ മധുവിന് അഭിമാനിക്കാവുന്ന കഥാപാത്രമാണ്. മലയാളി മറക്കാത്ത ഒട്ടേറെ ജീവിതമുഹൂര്‍ത്തങ്ങള്‍ ചെമ്മീനിലെ പ്രത്യേകതയായിരുന്നു.

എം.ടി. എഴുതി വിന്‍സന്‍റ് സംവിധാനം ചെയ്ത മുറപ്പെണ്ണിലെ കേശവന്‍കുട്ടി മധുവിന്‍റെ കൈകളില്‍ ഭദ്രമായിരുന്നു. പ്രണയവും പകയും നിറഞ്ഞ ആ സിനിമ മധുവിന് അഭിനയപാടവം തെളിയിക്കാനുള്ള അവസരമായി.

എം.ടി.യുടെ തന്നെ രചനയില്‍ പി.എന്‍.മേനോന്‍ സംവിധാനം ചെയ്ത ഓളവും തീരവും മലയാള സിനിമയില്‍ ഔട്ട്ഡോര്‍ വിപ്ളവം സൃഷ്ടിച്ച ചിത്രമാണ്. മധുവിന്‍റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്ന് എന്തുകൊണ്ടു ഓളവും തീരവുമാണ്.

ചെമ്മീനു ശേഷം നഗരമേ നന്ദി എന്ന ചിത്രവും മധുവിന് നിരാശാ കാമുകന്‍റെ പരിവേഷം നല്‍കി. അശ്വമേധം, അവള്‍, മൂലധനം തുടങ്ങിയ ചിത്രങ്ങള്‍ തോപ്പില്‍ ഭാസി സ്പര്‍ശമുള്ള മധു ചിത്രങ്ങളാണ്. അവളില്‍ മധു വില്ലന്‍ വേഷമാണ് ചെയ്തത്. അദ്ധ്യാപിക, തുലാഭാരം, ജന്മഭൂമി തുടങ്ങിയ ചിത്രങ്ങളിലും മധു നിറഞ്ഞു നില്‍ക്കുകയായിരുന്നു.

ആഭിജാത്യം എന്ന സിനിമയിലെ ഒരു രംഗത്ത് ശ്രീകൃഷ്ണനായി പ്രത്യക്ഷപ്പെടുന്നുണ്ട് മധു. വിത്തുകള്‍, സിന്ധു, ചെണ്ട, വെള്ളം, സിന്ദൂരച്ചെപ്പ്, നഖങ്ങള്‍, ഞാന്‍ ഏകനാണ്, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച തുടങ്ങിയ ചിത്രങ്ങള്‍ മധുവിന് ഏറെ ജനപ്രീതി നേടിക്കൊടുത്തു. മാന്യശ്രീ വിശ്വാമിത്രനിലെ ഹാസ്യകഥാപാത്രവും മധുവിന്‍റെ അഭിനയ ജീവിതത്തിലെ പൊന്‍തൂവലാണ്.


FILEFILE
പത്മരാജന്‍റെ തിരക്കഥയില്‍ ഐ.വി. ശശി തീര്‍ത്ത ഇതാ ഇവിടെവരെ എന്ന ചിതവും മധു എന്ന കരുത്തനായ നടന്‍ വെല്ലുവിളിയോടെ ഏറ്റെടുത്ത ഒന്നാണ്.

കള്ളിച്ചെല്ലമ്മയിലെ മുതലാളി, മനസ്വിനിയിലെ ഹരിദാസ്, തുറക്കാത്ത വാതിലിലെ വാസു, അഭിയത്തിലെ ബാലകൃഷ്ണന്‍, പുള്ളിമാനിലെ ദേവയ്യന്‍, സതിയിലെ ഗോവിന്ദന്‍ നായര്‍, ചെണ്ടയിലെ അപ്പു, ചുക്കിലെ ചാക്കോച്ചന്‍, കാക്കത്തമ്പുരാട്ടിയിലെ രാജപ്പന്‍ തുടങ്ങി മധു അനശ്വരമാക്കിയ എത്രയെത്ര കഥാപാത്രങ്ങള്‍.

വേനലില്‍ ഒരു മഴ, ചെമ്പരത്തി എനിക്കു ഞാന്‍ സ്വന്തം, അര്‍ച്ചന ടീച്ചര്‍, വാടകയ്ക്കൊരു ഹൃദയം, മഴക്കാര്‍, സ്വപ്നം, ഉദയം പടിഞ്ഞാറ് തുടങ്ങിയ ചിത്രങ്ങളിലൂടെ ചുവടുറപ്പിച്ച മധു, ജയന്‍റെ അവസാന ചിത്രമായ കോളിളക്കത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു.

നായകനില്‍ നിന്ന് അച്ഛന്‍ വേഷങ്ങളിലേക്കുള്ള മാറ്റവും മധുവിനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കി. പ്രായിക്കര പാപ്പാന്‍, അപരന്‍, 1921, മുദ്ര, ലാല്‍സലാം, ആയിരപ്പറ, നാടുവാഴികള്‍, ഗര്‍ഷോം, ചമ്പക്കുളം തച്ചന്‍, വീണമീട്ടിയ വിലങ്ങുകള്‍, ഒറ്റയടിപ്പാതകള്‍ തുടങ്ങിയ ചിത്രങ്ങള്‍ മലയാളികള്‍ എന്നും താലോലിക്കുന്ന മധു ചിത്രങ്ങളാണ്.

ആരോടും പരിഭവമില്ലാതെ ഒറ്റയാനായി നില്‍ക്കുന്ന ഈ മനുഷ്യന്‍ മാധ്യമങ്ങള്‍ക്ക് പിടിതരാതെ വഴുതിമാറാനാണ് ഇഷ്ടപ്പെടുന്നത്.