ബിപാഷയുടെ മോഹങ്ങള്‍

ശനി, 21 മാര്‍ച്ച് 2009 (11:08 IST)
IFMIFM
വലിയ വലിയ ആഗ്രഹങ്ങളാണ് ഒരു അഭിനേതാവ് ഉള്ളില്‍ സൂക്ഷിക്കേണ്ടതെന്നാണ് സിനിമാ വിദഗ്ധരുടെ ഉപദേശം. കാരണം, ആഗ്രഹങ്ങളിലൂടെയാണ് പുതിയ പ്രൊജക്ടുകളും പുതുമകളും ജനിക്കുന്നത്. അഭിനയജീവിതത്തിന്‍റെ മൂന്നു ദശകങ്ങള്‍ കഴിഞ്ഞിട്ടും പുതിയ കഥകള്‍ക്കായി മമ്മൂട്ടി നടത്തുന്ന ശ്രമങ്ങളെ ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴിതാ, ഒരു ബോളിവുഡ് താരം തന്‍റെ വലിയ വലിയ മോഹങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഹോട്ട് സുന്ദരി ബിപാഷാ ബസുവാണ് തന്‍റെ അഭിനയജീവിതത്തെക്കുറിച്ചുള്ള വ്യക്തമായ പ്ലാനിംഗോടെ മുന്നേറുന്നത്.

പൂര്‍ണമായും ആക്ഷന് പ്രാധാന്യമുള്ള ഒരു സിനിമ ചെയ്യണമെന്നാണ് ഇപ്പോള്‍ ബിപാഷയുടെ മോഹം. സാഹസികമായ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാനൊരു അവസരം പാര്‍ത്തു നടക്കുകയാണ് ബിപ്സ്. അത്തരം കഥകളെഴുതാന്‍ തിരക്കഥാകൃത്തുക്കളെ താരം നിര്‍ബന്ധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. താന്‍ വായിക്കുന്ന തിരക്കഥകളില്‍ മികച്ച ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്നും ബിപാഷ ചിന്തിക്കുന്നത്രേ.

അഭിനയിക്കുന്ന ഓരോ ചിത്രവും ഒന്നിനൊന്നു വ്യത്യസ്തമായിരിക്കണം എന്ന നിര്‍ബന്ധമുണ്ട് ബിപാഷ ബസുവിന്. ഗ്ലാമര്‍ നായിക എന്ന ഇമേജ് തിരുത്തി അഭിനയപ്രാധാന്യമുള്ള ശക്തമായ കഥാപാത്രങ്ങള്‍ ബിപാഷയെത്തേടി എത്താന്‍ തുടങ്ങിയത് അവരുടെ മനോഭാവത്തിന് സംവിധായകര്‍ കൊടുത്ത അംഗീകാ‍രമാണ്. ബോളിവുഡിലെ മറ്റ് ഒന്നാം നിര നായികമാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ വ്യത്യസ്തയും പുതുമയുമുള്ള കഥാപാത്രങ്ങളാണ് ബിപാഷയ്ക്ക് ലഭിക്കുന്നത്. മധുര്‍ ഭണ്ഡാര്‍ക്കറുടെ കോര്‍പറേറ്റിന് ശേഷമാണ് ബിപ്സിന്‍റെ നല്ലകാലം തെളിഞ്ഞതെന്നു പറയാം.

വമ്പന്‍ സിനിമകളാണ് ബിപാഷയെ നായികയാക്കി അണിയറയില്‍ ഒരുങ്ങുന്നത്. സഞ്ജയ് ഗുപ്തയുടെ പന്‍‌ഖ്, രാഹുല്‍ ധൊലാക്കിയയുടെ ലം‌ഹാ, ജഹാംഗീര്‍ സുര്‍തിയുടെ ആ ദേഖേന്‍ സറാ, അബ്ബാസ് മസ്താന്‍റെ മിസ്റ്റര്‍ ഫ്രോഡ്, രോഹിത് ഷെട്ടിയുടെ ഓള്‍ ദി ബെസ്റ്റ്, റിതുപര്‍ണഘോഷിന്‍റെ ആഫ്റ്റര്‍വേഡ് എന്നീ സിനിമകളാണ് ബിപാഷയെ കേന്ദ്രീകരിച്ച് ഒരുങ്ങുന്ന സിനിമകള്‍. പ്രമേയത്തിലും അവതരണത്തിലും ഒന്നിനൊന്ന് പുതുമ അവകാശപ്പെടാവുന്ന സിനിമകളാണ് ഇവയൊക്കെ. മിസ്റ്റര്‍ ഫ്രോഡില്‍ ഡബിള്‍ റോളിലാണ് ബിപാഷ അഭിനയിക്കുന്നത്.

താരേ സമീന്‍ പറിന്‍റെ തിരക്കഥാകൃത്ത് അമോല്‍ ഗുപ്തെ സംവിധാനം ചെയ്യുന്ന സിനിമയിലും ബിപാഷയാണ് നായിക. റിതേഷ് ദേശ്മുഖ്, ഫര്‍ഹാന്‍ അക്തര്‍, ബൊമന്‍ ഇറാനി തുടങ്ങിയവരും ഈ ചിത്രത്തിലെ താരങ്ങളാണ്. സിനിമയോടുള്ള ബിപാഷയുടെ സമീപനവും പുതിയ പുതിയ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനുള്ള അവരുടെ ദാഹവുമാണ് ഇത്രയും വലിയ പ്രൊജക്ടുകളുടെ ഭാഗമായി അവര്‍ മാറാന്‍ കാരണം.

അജ്നബീ, രാസ്, ജിസം, രക്ത്, ചെഹ്‌രാ, നോ എന്‍ട്രി, അപഹരണ്‍, ശിക്കാര്‍, ധര്‍നാ സരൂരി ഹൈ, ഫിര്‍ ഹേരാ ഫേരി, ഓം‌കാര, കോര്‍പറേറ്റ്, ധൂം 2, റേസ്, ബച്‌നാ ഏ ഹസീനോ, റബ് നേ ബനാ ദി ജോഡി തുടങ്ങിയവയാണ് ബിപാഷയുടെ പ്രധാന ചിത്രങ്ങള്‍.

വെബ്ദുനിയ വായിക്കുക