മികച്ച അഭിനേതാക്കളും യാഥാര്‍ത്ഥ്യത്തോടടുത്തു നില്‍ക്കുന്ന ജീവിതഗന്ധിയായ കഥകളും കൊണ്ട് ലോകസിനിമയില്‍ തന്നെ ശ്രദ്ധേയമായൊരിടം അവകാശപ്പെടാന്‍ എന്നും മലയാള സിനിമയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രതിഭാദാരിദ്ര്യം ഒരുകാലത്തും നേരിട്ടിട്ടില്ലാത്ത മോളിവുഡിന് എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി പകരംവെയ്ക്കാനാവാത്ത ചില വിടവുകള്‍ ഉണ്ടായിട്ടുണ്ട്.
പത്തു മാസം മുമ്പ് അപകടത്തില്‍ പരുക്കേറ്റ് ഇപ്പോഴും ചികില്‍സയിലുള്ള അതുല്യനടന്‍ ജഗതി ശ്രീകുമാര്‍, ഈയിടെ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് ചമയങ്ങളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായ മലയാള സിനിമയുടെ ഒരേയൊരു പെരുന്തച്ചന്‍ തിലകന്‍, ഏറ്റവുമൊടുവില്‍ കാന്‍സര്‍ ബാധിതനായി ചികില്‍സയില്‍ കഴിയുന്ന അനുഗ്രഹീത നടന്‍ ഇന്നസെന്റ് എന്നിവരുടെ അഭാവം മലയാളസിനിമയ്‌ക്ക് നികത്താനാവാത്ത നഷ്‌ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
മൂന്നുപേരും വ്യത്യസ്ത തലങ്ങളില്‍ സ്വാഭാവിക അഭിനയത്തിന്റെ മറക്കാനാവാത്ത നിരവധി മുഹൂര്‍ത്തങ്ങള്‍ കാഴ്‌ച വെച്ചവരാണ്. പകരം വെയ്‌ക്കാന്‍ ആരുമില്ലെന്നതാണ് ഇവരുടെ അഭാവത്തിന്റെ ആഴം കൂട്ടുന്നത്. ജഗതിയും ഇന്നസെന്റും ചികില്‍സ കഴിഞ്ഞ് തിരിച്ചുവരാന്‍ ഇരിക്കുമ്പോഴും തിലകന്‍ ഒഴിച്ചിട്ട സിംഹാസനം അവകാശികളില്ലാതെ ഇന്നും അവശേഷിക്കുന്നു.
മരണം എല്ലാവരിലും അനിവാര്യമാണെങ്കിലും മലയാള സിനിമയ്ക്ക് സംഭവിച്ചത് അപരിഹാര്യമായ നഷ്‌ടമാണ്. ഒരുപാട് അതുല്യകഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവനേകിയ തിലകന്‍ അതിലേറെ കഥാപാത്രങ്ങളെ ബാക്കിവെച്ചാണ് കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞത്.
പുറമെ പരുക്കനെന്നു തോന്നുന്ന സ്നേഹനിധിയായ പിതാവിന്റെ കഥാപത്രങ്ങളടക്കം അദ്ദേഹം അഭിനയിച്ച ആയിരത്തോളം മിഴിവുറ്റ കഥാപാത്രങ്ങള്‍ക്ക് ഒരിക്കല്‍ കൂടി ചായം തേക്കേണ്ടി വന്നാല്‍ ചൂണ്ടിക്കാണിക്കാന്‍ മലയാളസിനിമയില്‍ ഒരു മുഖം പോലുമില്ല.
കാറപകടത്തില്‍ ഗുരുതരപരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ജഗതി പതിയെ സാധാരണ ജീവിതത്തിലേയ്ക്ക് തിരികവരുന്നുവെന്ന വാര്‍ത്ത ഏതൊരു സിനിമാപ്രേമിക്കും ആശ്വസത്തിനു വക നല്‍കുന്നു. ജഗതിയില്ലാത്ത കഴിഞ്ഞ കുറേ മാസങ്ങള്‍ അദ്ദേഹം അവതരിപ്പിക്കേണ്ട എത്രയോ കഥാപാത്രങ്ങള്‍ മറ്റുചിലര്‍ വികൃതമായി അവതരിപ്പിച്ചു.
കോമഡിയില്‍ പകരം വെക്കാന്‍ മറ്റൊരാള്‍ ഇല്ലാത്തപ്പോഴും ശക്തമായ സ്വഭാവനടനായും ജഗതി ശ്രീകുമാര്‍ മലയാള സിനിമയില്‍ സമാനതകളില്ലാത്ത വിധത്തിലാണ് തന്റെ സാന്നിധ്യം ഉറപ്പിച്ചത്.
ചികിത്സ കഴിഞ്ഞ് അദ്ദേഹം പൂര്‍ണമായി സിനിമയില്‍ സജീവമാകാന്‍ ഇനിയും സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സവിശേഷമായ അഭിനയസിദ്ധിയുള്ള മലയാള സിനിമയിലെ പ്രധാന നടന്‍മാരില്‍ ഒരാളും 'അമ്മ' പ്രസിഡന്റുമായ ഇന്നസെന്റ് കഴിഞ്ഞ ഏതാനും നാളുകളായി ക്യാന്‍സറിന് ചികിത്സയിലാണെന്ന വാര്‍ത്ത സിനിമാപ്രേമികള്‍ക്ക് മറ്റൊരു ആഘാതമായി. ജഗതിയെപ്പോലെ തന്നെ കോമഡിയും അതോടൊപ്പം സീരിയസ് കഥാപാത്രങ്ങളും ഒരുപോലെ വഴങ്ങുന്ന പ്രതിഭയാണ് ഇന്നസെന്റ്.
റാംജിറാവ് സ്പീക്കിംഗിലെ മാന്നാര്‍ മത്തായിയില്‍ നിന്ന് ദേവാസുരത്തിലെയും രാവണപ്രഭുവിലെയും വാര്യരിലേക്കുള്ള പകര്‍ന്നാട്ടം മതി അദ്ദേഹത്തിന്റെ പ്രതിഭയുടെ ആഴമറിയാന്‍.
അതേസമയം, ഇന്നസെന്റിന്റെയും ജഗതിയുടെയും താല്‍ക്കാലിക വിടവ് മറ്റു പല താരങ്ങള്‍ക്കും ഗുണമായി. ജഗതിയുടെ പല കഥാപത്രങ്ങളും സൂരജ് വെഞ്ഞാറുമ്മൂടിന് ലഭിച്ചു. മോളി ആന്റി റോക്ക്‌സിലെ തന്റെ കഥാപാത്രം മാമുക്കോയ മികച്ചതാക്കിയെങ്കിലും ജഗതിയായിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ എന്ന അഭിപ്രായം ഉണ്ടായിരുന്നു.
ഇരുവര്‍ക്കും ലഭിക്കേണ്ട കഥാപാത്രങ്ങള്‍ മറ്റ് കോമഡി താരങ്ങള്‍ പങ്കിട്ടെടുക്കുമ്പോഴും തിലകനെന്ന മഹാനടന്‍ തീര്‍ത്ത ശൂന്യത ഇല്ലാതാക്കാന്‍ ഇവിടെ ആരുമില്ലെന്നതാണു സത്യം. ഇനി ജഗതിയും ഇന്നസെന്റും അസുഖം മാറി എത്രയും വേഗം തിരികെവരട്ടെ എന്നു മലയാള സിനിമാപ്രേമികളായ നമുക്ക് പ്രാര്‍ഥിക്കാം.