പ്രണയത്തിൻറെയും പകയുടെയും വയലൻസിൻറെയും രതിയുടെയും കഥകൾ - പത്‌മരാജസ്‌മൃതി

തിങ്കള്‍, 23 ജനുവരി 2017 (19:08 IST)
26 വര്‍ഷം കഴിഞ്ഞുപോകുന്നു അക്ഷരങ്ങളുടെ ഗന്ധര്‍വ സാന്നിധ്യം നമുക്ക്‌ നഷ്ടപ്പെട്ടിട്ട്‌. 26 വര്‍ഷം കഴിഞ്ഞുപോകുന്നു ചെല്ലപ്പനാശാരിയെപ്പോലെ, സോളമനെപ്പോലെ, ക്ലാരയെപ്പോലെ, രതിച്ചേച്ചിയെപ്പോലെ രക്തവും ജീവനും വികാരവിചാരങ്ങളുമുള്ള കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക്‌ നഷ്ടമായിട്ട്‌. പത്മരാജന്‍ ജനുവരിയിലെ ഇരുപത്തിമൂന്നാം ദിവസം രാവിന്റെ ഏതോ യാമത്തില്‍ മലയാളത്തിന്‍റെ ഹൃദയത്തില്‍ മുറിവേല്‍പ്പിച്ച്‌ കടന്നുപോയിട്ട്‌ 26 വര്‍ഷം.
 
മലയാളത്തിന്‌ കുറച്ചു നാളേയ്ക്ക്‌ മാത്രം ലഭിച്ച സൗഭാഗ്യമായിരുന്നു ആ സാന്നിദ്ധ്യം. ആ തൂലികത്തുമ്പില്‍ നിന്നും പുറപ്പെട്ടത്‌, ആ സംവിധാനമികവില്‍ ഉയിരിട്ടത്‌, എല്ലാം സൗന്ദര്യത്തിന്റെ തേന്‍തുള്ളികളായിരുന്നു.
 
എണ്ണം പറഞ്ഞ നോവലുകള്‍. സംവിധായകനായി 18 സിനിമകള്‍. തിരക്കഥാകൃത്തായി 36 സിനിമകള്‍. ദൃശ്യസൗന്ദര്യവും വ്യത്യസ്തമായ കഥാപശ്ചാത്തലങ്ങളും മലയാള സിനിമയുടെ ഈ ഗന്ധര്‍വ്വന്‌ മാത്രം സ്വന്തം. ഓര്‍മ്മകളിലൂടെ ജീവിക്കാനിഷ്ടപ്പെടുന്ന മലയാളിയ്ക്ക്‌ പത്മരാജന്‍ നൊടിയിടകൊണ്ട്‌ നഷ്ടമായ നിലാവാണ്‌. ഇന്ന്‌ അസാന്നിദ്ധ്യം കൊണ്ട്‌ നിശബ്ദതയുടെ സൗന്ദര്യം അനുഭവിപ്പിക്കുന്നു.
 
സമാന്തരസിനിമകളുടെ രാജാവായിരുന്നു പത്‌മരാജന്‍. അദ്ദേഹം സൃഷ്ടിച്ചത് മലയാളിത്തം തുളുമ്പിനില്‍ക്കുന്ന സിനിമകളാണ്. എന്നാല്‍ കഥകള്‍ പലതും ഭ്രമിപ്പിക്കുന്നത്. മലയാളിക്ക് കണ്ടുശീലമില്ലാത്തത്. അപ്രതീക്ഷിതനടുക്കങ്ങള്‍ സമ്മാനിക്കുന്നത്. പ്രണയവും പ്രതികാരവും രതിയും പകയും ആഘോഷവുമെല്ലാം നിറഞ്ഞുനിന്ന പത്മരാജചിത്രങ്ങള്‍ ഞാന്‍ ഗന്ധര്‍വനോടെ അവസാനിച്ചു.
 
തന്‍റെ ഓരോ സിനിമയും മുന്‍മാതൃകകള്‍ ആരോപിക്കാന്‍ സാധ്യമാകാത്ത വിധത്തില്‍ വ്യത്യസ്തമാകണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്‌. ആദിമധ്യാന്തമുള്ള കഥകളും മലയാള സിനിമയുടെ പാരമ്പര്യരീതികളും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. സിനിമ ഒരു ചെറുകഥ പോലെയായിരിക്കണമെന്ന് പത്മരാജന്‍ ആഗ്രഹിച്ചു. ചെറിയ കഥകളുടെ മികച്ച ആഖ്യാനമാണ്‌ നല്ല സിനിമകളെ സൃഷ്ടിക്കുന്നതെന്ന് വിശ്വസിച്ചു. ആ വിശ്വാസത്തില്‍ നിന്നാണ്‌ അരപ്പട്ട കെട്ടിയ ഗ്രമത്തിലും തൂവാനത്തുമ്പികളും കള്ളന്‍ പവിത്രനുമൊക്കെയുണ്ടായത്‌.
 
"എന്നെ സംബന്ധിച്ചിടത്തോളം ഒരു ആശയത്തിന്റെ സാക്ഷാത്കാരമാണ്‌ സിനിമ. സിനിമയ്ക്ക്‌ വാസ്തവത്തില്‍ വലിയ കഥ ഒരു ഭാരമാണെന്ന അഭിപ്രായക്കാരനാണ്‌ ഞാന്‍. സിനിമയുടെ മൊത്തത്തിലുള്ള സ്ട്രക്ചറിന്‌ സഹായകമായിത്തീരുന്നത്‌ എപ്പോഴും ചെറിയ പ്രമേയങ്ങളാണ്‌. അത്‌ പക്ഷേ, വ്യാവസായികമായി എത്രമാത്രം ഫലപ്രദമാകുമെന്ന് സിനിമ പുറത്തുവന്ന ശേഷമേ പറയാന്‍ പറ്റൂ. ഞാന്‍ എഴുതിയ കഥയിലായാലും മറ്റൊരാളുടെ കഥയിലായാലും അതില്‍ എന്നെ ആകര്‍ഷിക്കുന്ന ബീജം മാത്രം സ്വീകരിച്ചുകൊണ്ട്‌, പിന്നെ എന്‍റെ സങ്കല്‍പ്പങ്ങള്‍ക്കൊത്ത്‌ വികസിപ്പിക്കുകയാണ്‌ ഞാന്‍ ചെയ്യാറുള്ളത്‌. അല്ലാതെ കഥ അതേപടി പകര്‍ത്താറില്ല. പുതിയ ആശയങ്ങളുമായി പുതിയ ആള്‍ക്കാര്‍ ഈ രംഗത്തേക്ക്‌ കടന്നുവരുമെന്നാണ്‌ എന്‍റെ വിശ്വാസം. അല്ലാതെ ആശയ ദാരിദ്ര്യം മൂലം സിനിമയ്ക്ക്‌ ഒരു അന്ത്യമുണ്ടാകുമെന്ന് തോന്നുന്നില്ല" - ഒരു അഭിമുഖത്തില്‍ പത്മരാജന്‍ പറഞ്ഞ വാക്കുകളാണ്‌ ഇവ.
 
തന്‍റെ തന്നെ സിനിമകളോട് മത്സരിക്കുകയായിരുന്നു പത്മരാജന്‍. ഒരു സിനിമയും മറ്റൊന്നിനോട് താരതമ്യപ്പെടുത്താന്‍ കഴിയാത്തവണ്ണം വ്യത്യസ്തം. പകയുടെ വിവിധഭാവങ്ങള്‍ ഇതാ ഇവിടെ വരെയും കരിമ്പിന്‍‌പൂവിനക്കരെയും പറഞ്ഞു. രതിയുടെ ചടുലതയും ലാസ്യഭാവവുമായിരുന്നു രതിനിര്‍വേദവും പ്രയാണവും തകരയുമൊക്കെ വിഷയമാക്കിയത്. 
 
നവം‌ബറിന്‍റെ നഷ്ടം പെണ്‍‌പ്രതികാരത്തിന്‍റെ ക്ലാസിക്കായിരുന്നു. ഇടവേള ത്രസിപ്പിക്കുന്ന യൌവനത്തിന്‍റെ മദിപ്പും ദുരന്തവുമായി. കൂടെവിടെയില്‍ പൊസസ്സീവ്നെസിന്‍റെ അങ്ങേക്കര കാട്ടിത്തന്നപ്പോള്‍ പറന്നുപറന്നുപറന്ന്, കാണാമറയത്ത് തുടങ്ങിയവ പ്രണയത്തിന്‍റെ നനുത്തചിരിയും നൊമ്പരവും പങ്കുവച്ചു.
 
ഒറ്റപ്പെടുന്ന വാര്‍ദ്ധക്യമായിരുന്നു തിങ്കളാഴ്ച നല്ല ദിവസത്തിലൂടെ പറഞ്ഞത്. ഭ്രമാത്മക കല്‍പ്പനകളുടെ ലളിതമായ ചിത്രീകരണമായിരുന്നു കള്ളന്‍ പവിത്രന്‍. പെരുവഴിയമ്പലം അതുവരെ നടന്നുശീലിച്ച വഴികള്‍ മറന്നുകൊണ്ടുള്ള ഒരു സഞ്ചാരമായി.
 
നമുക്കുപാര്‍ക്കാന്‍ മുന്തിര്‍ത്തോപ്പുകളും തൂവാനത്തുമ്പികളും പ്രണയത്തിന്‍റെ മോഹിപ്പിക്കുന്ന അവസാനപദങ്ങളായി നിലകൊള്ളുന്നു. സോളമനും സോഫിയയും ജയകൃഷ്ണനും ക്ലാരയുമൊക്കെ ഇന്നും യുവതയുടെ ആഹ്ലാദമാണ്.
 
ഞെട്ടിക്കുന്ന പ്രമേയമെന്നൊക്കെ പറയാവുന്നത് അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍. ഇന്നത്തെ കാലത്ത് അങ്ങനെയൊരു സിനിമ ആലോചിക്കാന്‍ ഒരു ചലച്ചിത്രകാരനും ധൈര്യപ്പെടില്ലെന്ന് നിശ്ചയം. ദേശാടനക്കിളി കരയാറില്ല പറഞ്ഞത് പെണ്ണും പെണ്ണും തമ്മിലുള്ള അസാധാരണ ബന്ധത്തിന്‍റെ കഥയാണ്. അപരനില്‍ ഭയത്തിന്‍റെയും ആകാംക്ഷയുടെയും പുതിയ തീരങ്ങള്‍ അനുഭവിച്ചു പ്രേക്ഷകര്‍.
 
നഷ്ടപ്പെടലിന്‍റെ ഉള്ളുലയ്ക്കുന്ന ആവിഷ്കാരമായിരുന്നു മൂന്നാം പക്കം. സീസണ്‍ ആകട്ടെ ഒരു പ്രതികാരത്തിന്‍റെ സിമ്പിള്‍ ആയിട്ടുള്ള ആഖ്യാനമായിരുന്നു. ഇന്നലെ, ഓര്‍മ്മകള്‍ നഷ്ടപ്പെട്ട ഇന്നലെകളിലേക്ക് ഒരു പെണ്‍കുട്ടിയുടെ യാത്രാശ്രമങ്ങളായിരുന്നു. അവളെ പ്രണയിച്ച ശരത്തിന്‍റെയും അവളുടെ ഭര്‍ത്താവ് നരേന്ദ്രന്‍റെയും കഥകൂടിയായി അത്. 
 
ഒടുവില്‍ ഞാന്‍ ഗന്ധര്‍വ്വന്‍. ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും നിമിഷാർദ്ധം പോലുമാവശ്യമില്ലാത്ത ഗഗനചാരിയുടെ കഥകൂടി പറഞ്ഞുതന്ന് പത്മരാജന്‍ മറഞ്ഞു. 
 
ഗന്ധര്‍വ്വലോകത്തിരുന്ന്‌ അദ്ദേഹം നിറഞ്ഞ ചിരിയോടെ പറയുന്നുണ്ടാവും - നോക്കൂ... ഞാനവിടെത്തന്നെയുണ്ട്‌... ഒന്നും മിണ്ടുന്നില്ലന്നേയുള്ളൂ.

വെബ്ദുനിയ വായിക്കുക