പനച്ചൂരാനെ തിരിച്ചറിയുമ്പോള്‍...

PRO
ക്ഷൌരപ്രവീണന്‍, മീശപ്രകാശന്‍, മുടിമുറിശീലന്‍ ഈ വാക്കുകളൊന്നും മലയാളി നേരത്തെ കേട്ടു ശീലിച്ചിട്ടില്ല. ബാര്‍ബര്‍ ബാലനെ വര്‍ണ്ണിക്കാന്‍ വ്യത്യസ്തനായ ഒരു കവി, അനില്‍ പനച്ചൂരാന്‍ സൃഷ്ടിച്ച വാക്കുകളാണിവ.

സിനിമക്ക് പാട്ടെഴുതുന്നത് അനില്‍ പനച്ചൂരാന് അതുകൊണ്ട് തന്നെ ഒരു എളുപ്പപണിയല്ല. ഓരൊ പാട്ടിനും ഒപ്പം അനില്‍ പനച്ചൂരാന്‍ ഓരോ ഭാഷയും സൃഷ്ടിക്കുന്നു.

ചോരവീണ മണ്ണില്‍ നിന്ന് ഉയര്‍ന്നു വന്ന രാഷ്ടീയ പ്രസ്ഥാനത്തിന് ഉണര്‍ത്തു പാട്ടെഴുതിയ കവിയുടെ തൂലികയില്‍ പ്രതീക്ഷിക്കാവുന്നതല്ല, തനി നാട്ടിമ്പുറ ശൈലിയിലുള്ള ‘കഥപറയുമ്പോളിലെ’ ഗാനം.മലയാള സിനിമഗാനഭാഷ ഇന്നോളമറിഞ്ഞിട്ടില്ലാത്ത പദപ്രയോഗങ്ങളും ശൈലികളുമാണ്‌ കാമ്പസ്‌ കവിയായിരുന്ന പനച്ചൂരാനെ സിനിമാകവിയാക്കിയത്‌.

സിനിമക്കാരുടെ കണ്ണില്‍ പെടുന്നതിന്‌ മുമ്പേ പനച്ചൂരാന്‍ കവിതകള്‍ കേരളത്തിന്‍റെ കാമ്പസ് ജീവിതത്തിന്‍റെ ഭാഗമായിരുന്നു.

പ്രണയ നഷ്ടത്തിന്‍റെ കാമ്പസ് ഓര്‍മ്മകളുള്ളവരെല്ലാം ഒരിക്കലെങ്കിലും മൂളിയിട്ടുള്ള കവിതയായിരുന്നു “വലയില്‍ വീണ കിളികളാണു നാം, വഴിപിരിഞ്ഞൊരിണകളാണു നാം‍...”.തൊണ്ണൂറുകളിലെ കേരള കാമ്പസിനെ പിടിച്ചുലച്ച തൂലിക ഇപ്പോള്‍ കേരള ജനതയെ മൊത്തത്തില്‍ സ്വാധീനിക്കുന്നു.

വ്യത്യസ്‌തനായൊരു കവിയായ അനില്‍ പനച്ചൂരാനെ മൊത്തത്തില്‍ നമ്മള്‍ മലയാളികള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

എഴുത്ത്‌ ഒരു കുറഞ്ഞ പണിയായി ഇപ്പോഴും വിലയിരുത്തപ്പെടാറുണ്ട്‌. പ്രതിഭ കുറഞ്ഞവര്‍ സിനിമഗാനമെഴുത്തിന്‌ എത്തിയതൊടെ ഉണ്ടായ ഒരു ദുഷ്‌പേരാണത് എന്നു പനച്ചൂരാന്‍ പറയുന്നു‌. അവര്‍ സിനിമാ ഗാനങ്ങളെ വാക്കുകള്‍ കുത്തി നിറച്ച്‌ അവതരിപ്പിക്കാന്‍ വേണ്ടി മാത്രം വിനിയോഗിച്ചു.


PRO
മലയാളത്തിലെ മികച്ച കവികളെല്ലാം തന്നെ സിനിമക്ക്‌ വേണ്ടിയും എഴുതിയിട്ടുണ്ട്‌. എഴുതുന്നത്‌ കവിതയായാലും സിനിമാപാട്ടായാലും എഴുതുന്നയാള്‍ ഒന്നു തന്നെയാകുമ്പോള്‍ എന്താണ്‌ വ്യത്യാസം.

പാട്ടെഴുത്തിനെ കുറിച്ചുള്ള പൂര്‍ണ്ണമായ അജ്ഞതയില്‍ നിന്നാണ്‌ വരികളാണൊ ഈണമാണോ അദ്യം ഉണ്ടാകേണ്ടത് എന്ന ചോദ്യം ഉടലെടുക്കുന്നത്‌. പാ‌ട്ടിന്‌ ട്യൂണ്‍ അത്യാവശ്യമാണ്‌. സിനിമാഗാനം എഴുതുന്നയാള്‍ക്ക്‌‌ താളബോധം ഉണ്ടോ എന്നതാണ്‌ പ്രധാന പ്രശ്‌നം.

താളനിബദ്ധമായി എഴുതാന്‍ കഴിയുന്ന ഒരാളുടെ വരികള്‍ക്ക്‌ ട്യൂണ്‍ ഇടാന്‍ പ്രയാസമുണ്ടാകില്ല. എന്നാല്‍ പാട്ടിന്‍റെ താളം മനസിലാകാത്തവര്‍ക്കായി ട്യൂണ്‍ ഇട്ടുകൊടുക്കുന്നതാണ്‌ ഉത്തമം. കവിത എഴുതുമ്പോള്‍ വൃത്തം എന്ന അളവുകോല്‍ കവികള്‍ ഉപയോഗിക്കുന്നത്‌ എന്തിനാണ്‌.

കവിത ആലപിക്കുന്നതിന്‌ വേണ്ടിയാണെന്ന ധാരണയില്‍ നിന്നാണ്‌ വൃത്തത്തിന്‌ പ്രാധാന്യം വരുന്നത്‌. വൃത്തനിബന്ധമായി കവിത എഴുതാമെങ്കില്‍ ട്യൂണിന്‌ അനുസരിച്ച്‌ പാട്ടെഴുതുന്നതില്‍ എന്താണ്‌ തെറ്റ്‌?

രണ്ടു രീതിയിലും ഞാന്‍ പാട്ടെഴുതിയിട്ടുണ്ട്‌. “തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായ്....” എന്ന ഗാനം എഴുതിയതിന്‌ ശേഷം ട്യൂണ്‍ ഇട്ടതാണ്‌.“ താരക മലരുകള്‍...” ട്യൂണ്‍ ലഭിച്ചതിന്‌ ശേഷം എഴുതിയതാണ്‌. പാട്ടിന്‍റെ താളം മനസിലാക്കിയ ശേഷം എഴുതിയ ഗാനമാണ്‌

“വ്യത്യസ്‌തനായൊരു ബാര്‍ബറാം ബാലന്‍...” പാട്ടെഴുതുമ്പോള്‍ അതിന്‍റെ താളം ഏത്‌ കാലത്തിലാണ്‌ എന്നറിയുകയാണ്‌ പ്രധാനം. അനില്‍ പനച്ചൂരാന്‍ പറഞ്ഞു നിര്‍ത്തി.


PRO
പിന്നെ പഴയത്‌ മനോഹരം എന്ന്‌ വിശ്വസിക്കുന്നത്‌ ഒരു മാനസികാവസ്ഥയാണ്‌. പഴയകാലവും പഴയശീലവും നമ്മളെ ചില രുചികള്‍ പഠിപ്പിച്ചിട്ടുണ്ട്‌ ആ രുചി മാറുന്നത്‌ ഇഷ്ടപ്പെടാത്തവരുണ്ടാകും. വീട്ടില്‍ തോരന്‍ വയ്‌ക്കുമ്പോള്‍ ജീരകം ചേര്‍ക്കുന്നതാണ്‌ സമ്പ്രദായം.

ജീരകത്തിന്‌ പകരം കായം പരീക്ഷിച്ചാല്‍ ഇഷ്ടമായില്ല എന്ന്‌ പറയുന്നത് പോലെ. ഗാനവരികളെ മുഴുപ്പിച്ചു നിര്‍ത്തുന്ന പക്കവാദ്യ ചിട്ടയായിരുന്നു പഴയകാല ഗാനങ്ങളുടെ ഒരു പ്രത്യേകത. ഇപ്പോള്‍ പക്കവാദ്യത്തില്‍ വലിയ പരീക്ഷണങ്ങള്‍ നടക്കുന്നു.

മലയാള ഭാഷയില്‍ വെള്ളം ചേര്‍ക്കില്ല എന്നൊരു നിര്‍ബന്ധം പനച്ചൂരാന് ഉണ്ട്. “വ്യത്യസ്‌തനായ ബാര്‍ബറില്‍ ”ചില ഇംഗ്ലീഷ്‌ വാക്കുകള്‍ ഉണ്ടെങ്കില്‍ സരസമായ മലയാള പദങ്ങളും അത്‌ പരിഹരിക്കാന്‍ ചേര്‍ത്തിട്ടുണ്ട്‌.

ഉപയോഗിച്ച്‌ പഴകിയവ ഉപയോഗിക്കാതിരിക്കുക, തേഞ്ഞുപോയതും വക്കുപൊട്ടിയതുമായ ശൈലികള്‍ ഉപേക്ഷിക്കുക ഇതെല്ലാം പ്രധാനമാണ്‌. പാട്ടിന്‌ കാശുവാങ്ങിക്കുക വളരെ പ്രധാനം. ഞാന്‍ ജോലിയില്‍ ഉഴപ്പാറില്ല, അതിനാല്‍ പണത്തിന്‍റെ കാര്യത്തിലും കണിശക്കാരനാണ്‌. കൃത്യമായി ശമ്പളം പറ്റുന്ന കവിയാണ്‌ ഞാന്‍.

ഒരു ഗാനത്തിന്‌ ഇരുപതിനായിരം രൂപ വരെ ഞാന്‍ വാങ്ങാറുണ്ട്‌. സിനിമയില്‍ കൂടുതല്‍ പാട്ടുകള്‍ ഉണ്ടെങ്കില്‍ കിഴിവ്‌ അനുവദിക്കപ്പെടും. നല്ല സിനിമകളുണ്ടാക്കണമെന്ന്‌ ആഗ്രഹമുള്ള ചെറിയ സിനിമാകൂട്ടായ്‌മയുമായി സഹകരിക്കുമ്പോള്‍ പണം ഒരു മാനദണ്ഡം ആകാറില്ല.

കമലിന്‍റെ ചിത്രം, സുരേഷ്‌ കൃഷ്‌ണയുടെ ചിത്രം, ആശിക്‌ എന്ന പുതുമുഖത്തിന്‍റെ മമ്മൂട്ടി ചിത്രം, ഡോ. ബിജുവിന്‍റെ ചിത്രം എന്നിവയില്‍ പാട്ടെഴുതാന്‍ അനിലിന് ക്ഷണമുണ്ട്..

സിനിമയില്‍ വന്നതോടെ കവിത അനില്‍ ഉപേഷിച്ചിട്ടില്ല കവിത മനസില്‍ എപ്പോഴും ഉണ്ട്‌. ഖണ്ഡകാവ്യം എന്ന പ്രസ്ഥാനം മലയാളത്തില്‍ ഇപ്പോള്‍ നിലച്ച അവസ്ഥയാണ്‌. ആശാന്‍റെ ‘ദുരവസ്ഥ’യുടെ മാതൃകയില്‍ ആധുനികകാല ദുരിതാവസ്ഥകളെ കുറിച്ച്‌ അതേ പേരില്‍ ഒരു ഖണ്ഡകാവ്യം എഴുതണമെന്നുണ്ട്‌.

അധുനികകാല ദുരിതങ്ങളുടെ പുതിയ പദാവലി നിരത്താന്‍ സമയമായെന്ന്‌ തോന്നുന്നു. ഈശ്വരാനുഗ്രഹമുണ്ടെങ്കില്‍ നടക്കും എന്നദ്ദേഹം വിശ്വസിക്കുന്നു.