എംജിആറും ശിവാജിയും തമിഴകത്തെ തിരശീലകള്‍ അടക്കി വാണകാലം അവരുടെ താരപ്പൊലിമയ്ക്ക് ഒപ്പം നില്‍ക്കാത്ത മറ്റൊരു രൂപം പ്രത്യക്ഷപ്പെട്ടപ്പോഴും തമിഴ്മക്കള്‍ കൈകൊട്ടി സ്വാഗതം ചെയ്തു. നാഗേഷ് എന്ന കുറിയ തമാശക്കാരനായിരുന്നു അയാള്‍.
തമിഴ് പ്രേക്ഷകരെ തീയറ്ററിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള അക്കാലത്തെ ഒരു ജനപ്രിയ താരങ്ങളില്‍ ഒരാളായിരുന്ന നാഗേഷ് പക്ഷേ ഹാസ്യത്തില്‍ മാത്രം ഒതുങ്ങിയില്ല. ഗൌരവമുള്ള കഥാപാത്രങ്ങള്‍ക്കും അദ്ദേഹം ജീവന്‍ നല്‍കി. അതുകൊണ്ടു തന്നെ തമിഴ് സിനിമാ ചരിത്രത്തില്‍ ഹാസ്യനടന്‍ മാത്രമല്ലായിരുന്നു നാഗേഷ് സ്വഭവ നടനുംകൂടിയായിരുന്നു. നീര്‍കുമിഴിയും എതിര്‍ നീച്ചലും ഒക്കെ ആ അഭിനയത്തികവിന്‍റെ ഉദാഹരണങ്ങളായി.
1933 ല്‍ ബ്രാഹ്മണ കുടുംബത്തിലായിരുന്നു നാഗേഷിന്റെ ജനനം. വീട്ടിലെ ദാരിദ്രത്തിനറുതി വരുത്താന്‍ ജോലിതേടി പുറപ്പെട്ട നാഗേഷ് എത്തിച്ചേര്‍ന്നത് മദ്രാസ് മഹാനഗരത്തിലായിരുന്നു. റെയില്‍വേയില്‍ ചെറിയ ഒരു ജോലി തരമായെങ്കിലും ആഹാരം കഴിക്കാനുള്ള വകപോലും അദ്ദേഹത്തിന് ലഭിച്ചില്ല. ഇതിനിടയില്‍ ചില ചെറുനാടകങ്ങളില്‍ മുഖം കാണിച്ചു അത്തരത്തില്‍ ഒരു വേദിയിലാണ് എം ജി ആര്‍ നാഗേഷിനെ കണ്ടത് അതൊരു വഴിത്തിരിവായിരുന്നു. സിനിമയിലേക്ക് നാഗേഷിനെ എംജിആര്‍ കൂട്ടിക്കൊണ്ടുപോയി. പീന്നീടങ്ങോട്ട് നാഗേഷ് തമിഴ് സിനിമയുടെ ഭാഗം തന്നെയായി മാരി നാഗേഷ്, ഒരു ജനതയെ മുഴുവന്‍ ചിരിപ്പിച്ചും.
പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഇരുന്നൂറിലേറെ ചിത്രങ്ങളിലാണ് നാഗേഷ് പ്രത്യക്ഷപ്പെട്ടത്. ആയിരത്തോളം ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. സിനിമയില്‍ പ്രേക്ഷകരെ ചിരിപ്പിച്ചുവെങ്കിലും സ്വകാര്യ ജീവിതത്തില്‍ അദ്ദേഹം പരാജിതനായിപ്പോയി അന്യമതസ്ഥയെ കല്യാണം കഴിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന് കുടുംബം നഷ്ടമായി.
അമ്മയുടെ മരണവും മകന്റെ സിനിമാരംഗത്തെ പരാജയവുമെല്ലാം അദ്ദേഹത്തെ തളര്‍ത്തി പക്ഷേ മേക്കപ്പണിഞ്ഞപ്പൊള്‍ അദ്ദേഹം അതെല്ലാം മറന്നു. കമലഹാസന്‍ ചിത്രങ്ങളിലെ ഒരു പ്രധാന ഘടകവും നാഗേഷായിരുന്നു.നാഗേഷിന്റെ മരണത്തോടെ ഒരു കാലഘട്ടത്തിന് തന്നെ തിരശീല വീഴുകയാണ്. തമിഴ് സിനിമയിലെ ഒരു യുഗത്തിനും.