നയന്‍ താരക്ക്‌ ഇന്ന്‌ പിറന്നാള്‍

ഞായര്‍, 18 നവം‌ബര്‍ 2007 (17:25 IST)
WDWD
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രതിഫലം പറ്റുന്ന താരമായ നയന്‍താരയുടെ പിറന്നാളാണ്‌ നവംബര്‍ 18ന്‌. 1984 ല്‍ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ്‌ ഡയാന കുര്യന്‍ എന്നപേരുള്ള നയന്‍താരയുടെ ജനനം.

ഇന്ന്‌ തമിഴ്‌, തെലുങ്ക്‌ ചിത്രങ്ങളില്‍ നയന്‍താര തിളങ്ങി നില്‍ക്കുന്നു. ചെറിയൊരു നൃത്തരംഗം അഭിനയിക്കാന്‍ പോലും ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്നു. മോഹന്‍ലാലിനെ പോലുള്ള നടന്മാരും വലിയ സംവിധായകരും ഈ 23 കാരിയുടെ ഡേറ്റിനു വേണ്ടി കാത്തുനില്‍ക്കുന്നു എന്നാണു പറയുന്നത്.

25 ഓളം ചിത്രങ്ങളിലേ നയന്‍താര അഭിനയിച്ചിട്ടുള്ളു. ഇത്ര ചുരുങ്ങിയ കാലം കൊണ്ട്‌ ഇത്രയേറെ പേരും പ്രശസ്തിയും നേടാനായ മറ്റൊരു നടി ഇല്ലെന്നു തന്നെ പറയാം

മലയാളിയായ അസിന്‍ തോട്ടുങ്കല്‍ മാത്രമാണ്‌ നയന്‍താരയ്ക്ക്‌ ഭീഷണിയായി ഉണ്ടായിരുന്നത്‌. എന്നാല്‍ ഐറ്റം നമ്പരുകളും സെക്‌സി വേഷങ്ങളും ഒട്ടും മടിയില്ലാതെയും ഭംഗിയായും അവതരിപ്പിക്കാന്‍ കഴിഞ്ഞതോടെ നയന്‍താര ഒരു താരോദയമായി മാറുകയായിരുന്നു.

രജനീകാന്തിനോടൊപ്പം അഭിനയിച്ച ചന്ദ്രമുഖി ആണ്‌ നയന്‍താരയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോള്‍. എന്നാല്‍ ചിലമ്പരശനോടൊപ്പം അഭിനയിച്ച വല്ലവനാണ്‌ നയന്‍താരയ്ക്ക്‌ വ്യാപകമായ പ്രശസ്തി (ദുഷ്‌പേരും) ഉണ്ടാക്കിക്കൊടുത്തത്‌.

എന്നാല്‍ കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ നയന്‍താര വലിയൊരു പ്രഖ്യാപനം നടത്തി, ചിലമ്പരശനുമായി ഒരു ബന്ധവും ഇല്ലെന്ന്‌. ഇതോടെ ഗോസിപ്പുകാരുടെ ഒരു താര പ്രണയകഥകൂടി പൊളിയുകയാണ്‌. ഈ ഗോസിപ്പുമൂലം തനിക്ക്‌ എത്ര നല്ല ഓഫറുകളാണ്‌ നഷ്ടമായതെന്ന്‌ ഇപ്പോഴാണ്‌ നയന്‍ താരക്ക്‌ മനസ്സിലാവുന്നത്‌

WDWD
ഈ ചിത്രത്തില്‍ ചിമ്പു നയന്‍താരയുടെ ചുണ്ട്‌ കടിച്ചുമുറിക്കുന്ന രംഗം വിശദമായി കാണിച്ചിരുന്നു. ചുണ്ടുരുമ്പിയുള്ള ചുംബനം പോലും പല നടികള്‍ക്കും വയ്യാത്ത ഈ കാലഘട്ടത്തില്‍ ചുണ്ടു കടിച്ചുമുറിക്കാന്‍ നയന്‍ തയാറായത്‌ ഒട്ടേറെ വാദകോലാഹലങ്ങള്‍ ഉണ്ടാക്കിയിരുന്നു.


WDWD
സത്യന്‍ അന്തിക്കാടാണ്‌ ഡയാനാ കുര്യനെ നയന്‍താരയായി സിനിമയില്‍ അവതരിപ്പിച്ചത്‌. ഷീല തിരിച്ചുവരവ്‌ ആഘോഷിച്ച മനസ്സിനക്കരെയില്‍ ജയറാമിനോടൊപ്പം ശാലീന സുന്ദരിയായ പെണ്‍കുട്ടി ആയാണ്‌ നയന്‍ താര അഭിനയിച്ചത്‌. ഇത്‌ 2003 ലായിരുന്നു.

പിന്നീടാണ്‌ മോഹന്‍ലാലിനോടൊപ്പം വിസ്‌മയത്തുമ്പത്ത്‌ എന്ന ഫാസില്‍ ചിത്രത്തില്‍ വേഷമിട്ടത്‌. ഇതില്‍ മോഹന്‍ലാലിനെ പ്രണയിക്കുന്ന പ്രേതമായായിരുന്ന റീതാമാത്യൂസ്‌ ആയി നയന്‍ അഭിനയിച്ചത്‌.

ആ ചിത്രം തന്നെ നയന്‍റെ സിനിമാ ജീവിതത്തിലെ ഗോസിപ്പുകള്‍ക്ക്‌ തുടക്കമിട്ടു. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ കൗമാരക്കാരിയായ നയനെ വല്ലാതെ മോഹിച്ചുപോയി എന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ പരന്നു. മോഹന്‍ലാലിനോടൊപ്പം നാട്ടുരാജാവില്‍ വീണ്ടും വേഷമിട്ടു. അപ്പോഴാണ്‌ തമിഴില്‍ അവസരം കിട്ടുന്നത്‌.

ശരത്കുമാറിനോടൊപ്പം അയ്യാ എന്ന ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട്‌ മമ്മൂട്ടിയോടൊപ്പം രാപ്പകലിലെ വേലക്കാരിയായി വേഷമിട്ടു.

രജനിക്കൊപ്പം അഭിനയിച്ച ചന്ദ്രമുഖി തകര്‍പ്പന്‍ വിജയമായിരുന്നു. മമ്മൂട്ടിയുടെ തസ്ക്കരവീരനിലും സൂര്യയോടൊപ്പം ഗജിനിയിലും അഭിനയിക്കുന്നു.

WDWD
കാവലിന്‍ കാതലിലെ ഹരിത, ശിവകാശിയിലെ നയന്‍താര, ലക്ഷ്മിയിലെ അനുരാധ, വല്ലവനിലെ സ്വപ്ന, തലൈമകനിലെ മേഘല, ഈയിലെ ജ്യോതി എന്നിവയാണ്‌ തമിഴില്‍ അഭിനയിച്ച പ്രധാന വേഷങ്ങള്‍.

നയന്‍ താരയ്ക്ക്‌ തെലുങ്കിലും ഗംഭീര അരങ്ങേറ്റം. നയന്‍ നായികയായി അഭിനയിച്ച ലക്ഷ്‌മി തെലുങ്കില്‍ വന്‍ വിജയം നേടി.

വെങ്കിടേഷിന്‍റെ നായികയായാണ്‌ നയന്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്‌. നേരത്തെ നയന്റെ തമിഴ്‌ ചിത്രമായ ഗജിനി തെലുങ്കിലേക്ക്‌ ഡബ്ബ്‌ ചെയ്‌തത്‌ വിജയം ആയിരുന്നു.

തമിഴില്‍ നിന്ന്‌ വ്യത്യസ്തമായി തെലുങ്കില്‍ നയന്‍ താരയുടെ ഗ്ലാമര്‍ പ്രദര്‍ശനമില്ല. മറ്റൊരു നായികയായ ചാര്‍മിയെയാണ്‌ ശരീര പ്രദര്‍ശനത്തിനായി സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നത്‌. നടി സൗന്ദര്യയുടെ പിന്‍ഗാമിയാണ്‌ നയന്‍ താര എന്നാണ്‌ സംവിധായകന്‍ വി. വി. വിനായക്‌ പറയുന്നത്‌.