ജയസൂര്യ മിന്നിത്തിളങ്ങുകയാണ്. നായകനാകാന്‍ മാത്രമേ താനുള്ളൂ എന്ന ചില യുവതാരങ്ങളുടെ കടുംപിടിത്തങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ നിലപാട് സ്വീകരിച്ചതാണ് ജയസൂര്യയെ ജനപ്രിയനാക്കി മാറ്റുന്നത്. പൃഥ്വിരാജ് കഴിഞ്ഞാല്‍ യുവനായകന്‍മാരില്‍ ഏറ്റവും ജനപ്രീതി ജയസൂര്യയ്ക്കാണ്. ജയസൂര്യയെ നായകനാക്കി ഒട്ടേറെ പ്രൊജക്ടുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
ഷേക്സ്‌പിയര്‍ എം എ മലയാളത്തിന് ശേഷം ജയസൂര്യയും റോമയും ഒന്നിക്കുന്ന ചിത്രമാണ് ഇവയില്‍ ഏറ്റവും ഒടുവില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ഹരിഹരന്‍റെ സംവിധാന സഹായിയായിരുന്ന രമാകാന്ത് സര്‍ജുവാണ് ഈ ചിത്രത്തിന്‍റെ സംവിധായകന്‍. തിരക്കഥ ജെ പള്ളാശ്ശേരി.
ഷൈജു അന്തിക്കാടിന്‍റെ ‘ഒരു ബ്ലാക് ആന്‍റ് വൈറ്റ് കുടുംബം’, സ്വാതി ഭാസ്കറിന്‍റെ ‘കറന്‍സി’, വിശ്വനാഥന്‍റെ ഡോക്ടര്‍ പേഷ്യന്‍റ്, സജി സുരേന്ദ്രന്‍റെ ഇവര്‍ വിവാഹിതരായാല്‍, വി കെ പ്രകാശിന്‍റെ ചിത്രം എന്നിവയാണ് ജയസൂര്യ നായകനാകുന്ന പുതിയ സിനിമകള്‍.
ഇതുകൂടാതെ സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയും ചിത്രങ്ങളില്‍ സുപ്രധാനവേഷങ്ങളിലും ജയസൂര്യ അഭിനയിക്കുന്നുണ്ട്. ഇതില്‍ ചില ചിത്രങ്ങളില്‍ വില്ലന്‍വേഷമാണ് ജയസൂര്യ കൈകാര്യം ചെയ്യുന്നത്.
ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ജയസൂര്യ പുലിവാല്‍ കല്യാണം ഹിറ്റായതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ പിന്നീട് നായകവേഷങ്ങള്‍ അവതരിപ്പിച്ച ചില ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയമറിഞ്ഞപ്പോള്‍ ജയസൂര്യ കളം മാറിച്ചവിട്ടി. അറബിക്കഥ, കങ്കാരു, ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്‍ തുടങ്ങിയ സിനിമകളിലെ വില്ലന്‍ വേഷങ്ങള്‍ നടന്‍ എന്ന നിലയില്‍ ഈ യുവതാരത്തിന് ഗുണമായി.
സ്വപ്നക്കൂടിലൂടെ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളിലെ അനിവാര്യഘടകമായും ഈ നടന്‍ മാറി. പരുന്ത്, ലവ് ഇന്‍ സിംഗപ്പോര്‍, ബസ് കണ്ടക്ടര്‍ തുടങ്ങിയ സൂപ്പര്‍താര ചിത്രങ്ങളിലും ജയസൂര്യയ്ക്ക് മികച്ച വേഷങ്ങള്‍ ലഭിച്ചു.
ഇപ്പോള്‍ നായകനായും, വില്ലനായും, സഹനടനായുമൊക്കെ കൈനിറയെ സിനിമകളാണ് ജയസൂര്യയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.